Tuesday, April 7, 2015

ഭഗവത് ഗീത 3 Swami Sandeepananda Giri



ഗീത പഠിച്ചുതുടങ്ങുമ്പോള്‍ ഒരുപാട്‌ സംശയങ്ങള്‍ ഉണ്ടാവാം. 
സ്വാമിക്കും കിട്ടുന്നുണ്ട്‌ ഒരുപാട്‌ സംശയങ്ങള്‍,
ചോദ്യങ്ങള്‍ ചോദിച്ച്‌ ആ വഴി പോകുന്നവരാണോ ചോദിക്കുന്നത്‌ എന്ന്‌ അറിയില്ല. 
ഉത്തരം പോലും കേള്‍ക്കാതെ പോകുന്നവരുണ്ട്‌.
അങ്ങിനെ ആകരുത്‌ നമ്മുടെ അന്വേഷണങ്ങള്‍.
ഒരു ക്ലബ്ബില്‍ ഒരാള്‍ പനിനീര്‍ പുഷ്‌പങ്ങളെ എങ്ങിനെ വളര്‍ത്താം എന്നതിനെ കുറിച്ച്‌ പ്രഭാഷണം നടത്തി.
പിഞ്ചുകുഞ്ഞുങ്ങളെപ്പോലെ റോസച്ചെടികളെ പരിപാലിക്കണം...
നമ്മുടെ നിരന്തര സമ്പര്‍ക്കം പുഷ്‌പ്പങ്ങള്‍ ആഗ്രഹിക്കുന്നു...
നമ്മളെ നിത്യവും കാണണം,
അവയ്‌ക്കും വികാരങ്ങളുണ്ട്‌.....
സംഗീതം അവർ ഇഷ്ട്ടപ്പെടുന്നു...
കഥ കേൾക്കാൻ അവർക്കിഷ്ട്ടമാണ്...
നമ്മളെവിടെക്കേങ്കിലും പോവുകയാണ്‌, രണ്ട്‌ ദിവസം കഴിഞ്ഞേവരൂ അതിനോട്‌ പറഞ്ഞുവേണം പോവാന്‍.
അല്ലെങ്കില്‍ അതിന്‌ വല്ലാതെ വിഷമം വരും....
ഇങ്ങനെ വിസ്‌തരിച്ച്‌ ഒരുപാട്‌ കാര്യങ്ങള്‍ പറഞ്ഞു.
കൂട്ടത്തില്‍ ധാരാളം പുഷ്‌പ്പങ്ങള്‍ ഉണ്ടാകാന്‍ പഴകിയ ആട്ടിന്‍ കാഷ്ടം വളരെ നല്ലതാണെന്നും പറഞ്ഞു.
നല്ല വളമാണ്‌ എന്ന്‌.
പ്രഭാഷണം അവസാനിപ്പിച്ചു കഴിഞ്ഞപ്പോള്‍ കേട്ടിരുന്നവരില്‍ ഒരമ്മ ഒരു സംശയം ചോദിച്ചു, 'ആടിന്‌ എത്ര പഴക്കം വേണം?
കാര്യംപോലും പൂര്‍ണ്ണമായി ശ്രദ്ധിക്കില്ല,
ഒന്നില്‍ തൂങ്ങി അങ്ങ്‌ സംശയിച്ചുകളയും.
ചില സംശയങ്ങള്‍ ഇങ്ങിനെയാണ്‌. ......
ചിന്മയാനന്ദ സ്വാമികള്‍ ഒരു കഥ പറയാറുണ്ട്‌....
ശാസ്‌ത്രം ശ്രവിക്കുന്നതിന്‌ അവശ്യം ഉണ്ടായിരിക്കേണ്ട യോഗ്യതയെക്കുറിച്ച്‌...


ചിന്മയാനന്ദ സ്വാമികള്‍ ഒരു കഥ പറയാറുണ്ട്‌. 
രണ്ട്‌ ഉറുമ്പുകളുടെ കഥ....
ശാസ്‌ത്രം ശ്രവിക്കുന്നതിന്‌ അവശ്യം ഉണ്ടായിരിക്കേണ്ട യോഗ്യതയെക്കുറിച്ച്‌...
ഒരു ഉറുമ്പിന്റെ താമസം പഞ്ചാസാരക്കുന്നിലാണ്‌,
മറ്റേ ഉറുമ്പിന്റേത്‌ ഉപ്പുകുന്നിലും.
ഒരുദിവസം പഞ്ചസാരക്കുന്നിലെ ഉറുമ്പ്‌ ഉപ്പുകുന്നിലെ ഉറുമ്പിനെ കണ്ട്‌ മുട്ടി.
ഉപ്പുകുന്നിലെ ഉറുമ്പിന്റെ വിളറി വെളുത്ത ശരീരം കണ്ട്‌ പഞ്ചസാരകുന്നിലെ കുന്നിലെ ഉറുമ്പിന്‌ കഷ്ടം തോന്നി.
അതു ചോദിച്ചു 'നീയെവിടെ നിന്നു വരുന്നു?
ഉറുമ്പിന്റെ വര്‍ഗ്ഗത്തിനു തന്നെ മോശമാണല്ലോ ഇങ്ങിനെ കഴിയുന്നത്‌?
പഞ്ചസാരകുന്നിലെ ഉറുമ്പാണെങ്കില്‍ തുടുത്ത്‌ നല്ല മിടുക്കനായിട്ടാണ്‌ ഇരിപ്പ്‌.
ആ കാണുന്ന ഉപ്പു കുന്നിലാണ്‌ എന്റെ താമസം' ശോഷിച്ച ഉറുമ്പ്‌ പറഞ്ഞു.
ഇതു കേട്ട്‌ മനസ്സലിഞ്ഞ പഞ്ചസാരക്കുന്നിലെ ഉറുമ്പ്‌ തന്റെ വാസസ്ഥാനത്തേക്ക്‌ ഉപ്പുകുന്നിലെ ഉറുമ്പിനെ ക്ഷണിച്ചു.
ഇവിടെ താമസിച്ചോളൂ, എന്നിട്ട്‌ എന്നെപ്പോലെ ഗുണ്ടു ആകൂ' എന്നു പറഞ്ഞു. ഒരാഴ്‌ചകഴിഞ്ഞിട്ടും ഉപ്പുകുന്നിലെ ഉറുമ്പിനു യാതൊരുമാറ്റവും ഉണ്ടായില്ല.
രണ്ടുപേരും ഒരു ഡോക്ടറുടെ അടുത്തുപോയി കാര്യം പറഞ്ഞു.
ഡോക്ടര്‍ വായ്‌തുറക്കാന്‍ പറഞ്ഞു,
നോക്കിയപ്പോള്‍ അതിനകത്ത്‌ ഒരുപ്പിന്റെ കഷ്‌ണം ഇരിക്കുകയാണ്‌.
വായില്‍ ഉപ്പിന്റെ കഷ്‌ണം വച്ചുകൊണ്ട്‌ ആ ഉറുമ്പിനൊരിക്കലും പഞ്ചസാരയുടെ മധുരം നുകരാന്‍ സാധിക്കുകയില്ല.
ഗുണം അനുഭവിക്കാന്‍ സാധിക്കുകയില്ല.
അതുകൊണ്ട്‌ മുന്‍വിധികളാകുന്ന ഉപ്പുകല്ലുകളെ എടുത്തുമാറ്റാതെ നമുക്കീ ശാസ്‌ത്രം ശ്രവിക്കാന്‍,ഇതിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ സാധ്യമല്ല എന്നാണ്‌ സ്വാമിജി പറയുന്നത്‌....


അറിവില്ലായ്‌മയെ പ്രമാണമാക്കി എടുക്കരുത്‌. 
ബ്രാഹ്മണനാണ്‌ ബ്രഹ്മവിദ്യക്കധികാരി എന്നു പറയുമ്പോള്‍ ബ്രാഹ്മണന്റെ ലക്ഷണമെന്താണ്‌ ? സ്‌ത്രീകള്‍ക്ക്‌ ഓം എന്ന്‌ ജപിക്കാമോ? 
ഓരോന്ന്‌ പറഞ്ഞ്‌ ഈ ശാസ്‌ത്രത്തില്‍ നിന്ന്‌ ആളുകളെ അകറ്റുന്നവരുടെ ആധിക്യം കണ്ടാണ്‌ വിവേകാനന്ദ സ്വാമികള്‍ നമ്മുടെ നാടിനെ ഭ്രാന്താലയം എന്നു വിളിച്ചത്‌. 
അതുകൊണ്ട്‌ ഇത്തരത്തിലുള്ള അജ്ഞാനങ്ങളൊന്നും വെച്ചുപുലര്‍ത്തരുത്‌.
എല്ലാവരും ഇതിന്‌ അധികാരികളാണ്‌.
നിങ്ങള്‍ എന്തു കഴിക്കുന്നുവെന്നോ,എന്തു ധരിക്കുന്നുവെന്നോ ഒന്നും ഇവിടെ വിഷയമല്ല. ഇത്‌ കേള്‍ക്കുക, കേട്ടിട്ടു തീരുമാനിക്കുക, ഇത്‌ നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതാണോ എന്ന്‌. കേള്‍ക്കുവാന്‍ നിങ്ങള്‍ യോഗ്യരാണ്‌. നിങ്ങള്‍ കുളിക്കണോ കുളിക്കണ്ടേ എന്നുള്ളതൊക്കെ പിന്നെ അടുത്തിരിക്കുന്ന ആളെ ആശ്രയിച്ചിരിക്കും. അത്രയെയുള്ളൂ. അവര്‍ക്കു വേണ്ടിയാവാം.
ഇതില്‍ മനസ്സിലാക്കേണ്ട പ്രധാന കാര്യങ്ങളിലൊന്ന്‌ കാലഘട്ടമാണ്‌.
നമ്മുടെ ഭാരതീയദര്‍ശനത്തിന്റെ ആധാരശിലയെന്നു വിശേഷിപ്പിക്കപ്പെടുന്നത്‌ വേദങ്ങളാണ്‌. ആ വേദങ്ങളുടെ ഉത്‌പത്തികാലത്തെ വൈദികകാലം എന്നു പറയും.
വേദങ്ങള്‍ ആരെങ്കിലും നിര്‍മ്മിച്ചതാണോ എന്നു ചോദിച്ചാല്‍ അല്ലേ അല്ല.
അപൗരുഷേയം എന്നാണ്‌ പറയുക.
എന്നു പറഞ്ഞാല്‍ ഒരാളാലും ഉണ്ടാക്കാത്തത്‌.
അപ്പോള്‍ അതെങ്ങനെ ഉണ്ടായി എന്നാണെങ്കില്‍,
തത്ത്വാധിഷ്‌ഠിതമായ മൂല്യങ്ങള്‍ ആചരിച്ചുവന്ന ഒരു ജനസമൂഹത്തില്‍നിന്ന്‌ ആവിര്‍ഭവിച്ചതാണ്‌ ഈ വൈദിക സംസ്‌ക്കാരം അഥവാ ഋഷി സംസ്‌ക്കാരം.
തത്ത്വവും വ്യക്തിയും ഒന്നായിച്ചേരുന്ന അവസരത്തില്‍ ഓരോരുത്തരിലും സംഭവിക്കുന്നതാണിത്‌. അതുകൊണ്ട്‌ ഭാരതീയസംസ്‌ക്കാരം തത്ത്വാധിഷിഠിതമാണ്‌, വ്യക്താധിഷ്‌ഠിതമല്ല.
ഇതരമതങ്ങള്‍ അങ്ങനെയല്ല. ക്രിസ്‌തുവില്‍ കേന്ദ്രീകൃതമാണ്‌ ക്രിസ്‌തുമതം, മുഹമ്മദില്‍ കേന്ദ്രീകൃതമാണ്‌ മുഹമ്മദീയമതം, ബുദ്ധനില്‍ കേന്ദ്രീകൃതമാണ്‌ ബുദ്ധമതം, ഗുരുനാനാക്കില്‍ കേന്ദ്രീകൃതമാണ്‌ സിഖ്‌മതം. ഇങ്ങനെ ഏതെങ്കിലും വ്യക്തിയില്‍ കേന്ദ്രീകരിച്ച്‌ വ്യക്ത്യാധിഷ്‌ഠിതമായി ഇതരമതങ്ങള്‍ നിലകൊള്ളുമ്പോള്‍,
ഭാരതീയദര്‍ശനം തത്ത്വങ്ങളില്‍ അധിഷ്‌ഠിതമായാണ്‌ നിലകൊള്ളുന്നത്‌. രാമനോ കൃഷ്‌ണനോ ഒന്നും ഈ മതത്തിന്റെ ഉപജ്ഞാതാക്കളല്ല.
അവരൊന്നും സ്ഥാപിച്ചതോ കണ്ടുപിടിച്ചതോ അല്ല ഭാരതീയസംസ്‌ക്കാരം.........


തത്ത്വവും വ്യക്തിയും ഒന്നായി ചേര്‍ന്ന സമയത്ത്‌ പൂര്‍വ്വികന്മാര്‍ക്കുണ്ടായ അറിവിനെയാണ്‌ ദര്‍ശനം എന്നു പറയുന്നത്‌. 
ആ ദര്‍ശനം ആവിര്‍ഭവിക്കുന്നത്‌ മന്ത്രരൂപത്തിലാണ്‌. 
അതുകൊണ്ട്‌ നമ്മുടെ ഋഷീവര്യന്മാരെ പറയുന്ന ഒരു പേര്‌ മന്ത്രദൃഷ്ടാക്കള്‍ എന്നാണ്‌. മന്ത്രത്തെ അനുഭവപ്പെടുത്തിയവര്‍, മന്ത്രത്തെ കണ്ടവര്‍...
മന്ത്രത്തെ സൃഷ്ടിച്ചവരല്ല,
വ്യക്തികള്‍ക്ക്‌ ഇവിടെ പ്രാധാന്യമില്ല,ഒരു വ്യക്തി ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ ഇടിഞ്ഞു വീഴുന്നതല്ല ഹിന്ദുമതം.
അതുകൊണ്ട്‌ ഇതിനൊരു നേതാവില്ല,ഇതൊക്കെ ഈ മതത്തിന്റെ ഏറ്റവും വലിയ ഔന്നിത്യമാണ്‌.
ആരെങ്കിലും ഇതിനൊരു നേതാവ്‌ വേണം എന്നു ആഗ്രഹിക്കുന്നുവെങ്കില്‍ അന്ന്‌ ഇതിന്റെ മരണമാണ്‌.
ഒരു നേതാവുണ്ടായിരിക്കുന്ന കാലം ഹിന്ദുമതത്തിന്‌ നാശമാണ്‌.
ആര്‍ക്കും എവിടെ വച്ചും പരീക്ഷിക്കാവുന്നതും പരിശോധിക്കാവുന്നതും എന്നതാണ്‌ ഇതിന്റെ സാര്‍വ്വലൗകികത.
മന്ത്രദൃഷ്‌ടാക്കളായ ഋഷീശ്വരന്മാര്‍ അതതുകാലത്ത്‌ അവര്‍ക്കനുഭവപ്പെട്ട സത്യത്തെ ജിജ്ഞാസുക്കളായ ശിഷ്യര്‍ക്ക്‌ പറഞ്ഞുകൊടുത്തതാണ്‌ വേദങ്ങള്‍.
പല പ്രകാരത്തില്‍ ഓരോരുത്തര്‍ക്കും മനസ്സിലാവുന്ന വിധത്തില്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്‌. ഇങ്ങനെ അങ്ങിങ്ങായി കിടന്ന രത്‌്‌നരാശികളെ ക്രോഡീകരിച്ച്‌ ഋഗ്വേദമെന്നും,യജുര്‍വേദമെന്നും,സാമവേദമെന്നും,അഥര്‍വ്വവേദമെന്നും തിരിച്ച്‌ അവയെ മന്ത്രമെന്നും സംഹിതയെന്നും ബ്രാഹ്മണമെന്നും ആരണ്യകമെന്നും ഉപനിഷത്തുകളെന്നുമൊക്കെ ചിട്ടപ്പെടുത്തി ഇന്നുകാണുന്ന രൂപത്തിലാക്കിയത്‌,വ്യസിച്ചത്‌, വ്യാസനാണ്‌.
വ്യാസന്‍ വേദത്തിന്റെ കര്‍ത്താവാണോ എന്നു ചോദിച്ചാല്‍ അല്ലേ അല്ല.
വ്യാസവിരചിതമല്ല വേദം പൂര്‍വ്വന്‍മാരായ ഒരുപാട്‌ ഋഷീശ്വരന്മാര്‍ക്ക്‌ തത്ത്വവുമായി ചേര്‍ച്ച ഉണ്ടായപ്പോള്‍ വെളിപ്പെട്ടു കിട്ടിയതാണ്‌.
അത്‌ പണ്ട്‌ മാത്രമെ സംഭവിച്ചിട്ടുള്ളൂ?
ഇപ്പോഴില്ലെ?
ഉണ്ട്‌, ഇപ്പോഴുമുണ്ട്‌.
കാലാനുസൃതമായി അതാത്‌ കാലത്ത്‌ ഓരോരോ ആച്യാന്മാര്‍ക്ക്‌ ഈ ദര്‍ശനം ലഭിക്കുന്നുണ്ട്‌. നാരായണ ഗുരുവിന്റെ പ്രകരണഗ്രന്ഥങ്ങളൊക്കെ അദ്ദേഹത്തിന്റെ ദര്‍ശനങ്ങളാണ്‌.
അദ്ദേഹം പ്രപഞ്ചതത്ത്വവുമായി താദാത്മ്യം പ്രാപിച്ച സമയത്ത്‌ അദ്ദേഹത്തില്‍ നിന്നാവിര്‍ഭവിച്ച മന്ത്രങ്ങളാണതൊക്കെ.
അതുപോലെ ശങ്കരാചാര്യസ്വാമികള്‍, വിദ്യാരണ്യസ്വാമികള്‍, തപോവനസ്വാമികള്‍ തുടങ്ങി എത്രയോ മഹാത്മാക്കള്‍ കാലാനുസൃതമായിട്ട്‌ ഈ തത്ത്വത്തെ സഹജരിലേക്ക്‌ ബോധിപ്പിക്കാന്‍ അവരവരുടേതായ രീതിയില്‍,
ഭാഷയില്‍ ഓരോരോ പ്രകരണഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌...........


വേദങ്ങളെ വ്യസിച്ച ശേഷം അവയുടെ താല്‌പര്യത്തെ ഒരു ചിമിഴിലൊതുക്കി വ്യാസന്‍ ബ്രഹ്മസൂത്രം എന്ന കൃതി രചിച്ചിട്ടുണ്ട്‌. 
വ്യാസശിഷ്യനായ ജൈമിനി കര്‍മ്മസൂത്രങ്ങളെ ധര്‍മ്മസൂത്രമെന്ന പേരില്‍ രൂപപ്പെടുത്തിയിട്ടുണ്ട്‌. 
വ്യാസകൃതമായ ബ്രഹ്മസൂത്രം, 
വ്യാസകൃതമായ മഹാഭാരതത്തിലെ ഭഗവത്‌ഗീത,
പ്രധാനപ്പെട്ട 11 ഉപനിഷത്തുകള്‍ ഇവയാണ്‌ പ്രസ്ഥാനത്രയം എന്ന പേരില്‍ അറിയപ്പെടുന്നത്‌. ഇതൊക്കെയൊന്ന്‌ മനസ്സിലാക്കിയിരിക്കുന്നത്‌ നല്ലതാണ്‌.
ഈ പ്രസ്ഥാനത്രയങ്ങളാണ്‌ ഇന്ന്‌ ആശ്രമങ്ങളില്‍ പഠിച്ചും പഠിപ്പിച്ചും പോരുന്നത്‌.
ഉപനിഷദ്‌കാലത്തിനു ശേഷമാണ്‌ ഇതിഹാസകാലം വരുന്നത്‌.
അപ്പോഴാണ്‌ ഇതിഹാസപുരാണങ്ങള്‍ ഉണ്ടാകുന്നത്‌.
ഇതിഹാസങ്ങള്‍ രണ്ടെണ്ണം, മഹാഭാരതവും രാമായണവും.
രണ്ടും വ്യാസന്‍ രചിക്കുന്നുണ്ട്‌.
എഴുത്തച്ഛന്റെ കിളിപ്പാട്ടിന്‌ ആധാരമായ അദ്ധ്യാത്മരാമായണം മൂലം വ്യാസകൃതമെന്നാണ്‌ പറയുന്നത്‌.
വാത്മീകിരാമായണം വേറെയുണ്ട്‌.
അനേകം രാമായണങ്ങള്‍ ഉണ്ട്‌. കമ്പരാമായണം,തുളസീദാസരാമായണം...
വാത്മീകി ആദികവി എന്നു പറയുമ്പോള്‍ നമ്മള്‍ കരുതും ആദ്യമുണ്ടായത്‌ രാമായണമാണെന്ന്‌. കാവ്യത്തിന്റെ ലക്ഷണമനുസരിച്ചാണ്‌ അത്‌ ആദികാവ്യമെന്നു പറയുന്നത്‌.
ആദിയില്‍ ഉണ്ടായത്‌ വേദങ്ങളാണ്‌.
ഓരോ വേദത്തിനും നാലുഭാഗമുണ്ട്
1. മന്ത്രം അഥവാ സംഹിത,
2.ബ്രാഹ്മണം,3.ആരണ്യകം,4.ഉപനിഷത്തുക്കൾ.
ആദ്യ ഭാഗമായ സംഹിതയും ബ്രാഹ്മണവും ചേർന്നതാണ് കർമ്മകാണ്ഡം.
അവസാന ഭാഗമായ ആരണ്യകവും ഉപനിഷത്തും ചേർന്നതാണ് ജ്ഞാനകാണ്ഡം.
എല്ലാറ്റിലും അനേകം ഉപനിഷത്തുക്കളുണ്ട്‌. അതില്‍ പ്രധാനപ്പെട്ടവയാണ്‌ ഈശം, കഠം, കേനം, പ്രശ്‌നം, മുണ്ഡകം, മാണ്ഡൂക്യം, ഐതരേയം, തൈത്തരീയം, ബൃഹദാരണ്യകം, ഛാന്ദോഗ്യം.
ഉപനിഷത്തുകള്‍ക്കും ഭഗവദ്‌ഗീതക്കും ബ്രഹ്മസൂത്രത്തിനും- പ്രസ്ഥാനത്രയങ്ങള്‍ക്ക്‌- ഭാഷ്യം ചമച്ചു എന്നതാണ്‌ ശങ്കരാചാര്യസ്വാമികള്‍ ചെയ്‌ത മഹത്തായ കര്‍മ്മം.
അദ്ദേഹം എന്താണ്‌ ചെയ്‌തത്‌ എന്നു ചോദിച്ചാല്‍ ഒരു ദിവസം കുളിക്കാന്‍ പോകുമ്പോള്‍ മുതല പിടിച്ചു, എന്നിട്ട്‌ സന്യാസിയായി എന്നല്ല.
ഏതെങ്കിലും പ്രതിമ സ്ഥാപിക്കുന്നതുപോലെ അദ്വൈതം സ്ഥാപിച്ചു എന്നു പറഞ്ഞാലും ശരിയാവില്ല.
അദ്വൈതം സ്ഥാപിക്കേണ്ട വിഷയമല്ല.
അത്‌ ഋഷീശ്വരന്മാര്‍ അറിഞ്ഞനുഭവിച്ച സത്യസാക്ഷാത്‌കാരമാണ്‌.
ഈ സത്യത്തെ പറഞ്ഞുകൊടുക്കാനായിട്ട്‌ ആചാര്യസ്വാമികള്‍ പ്രസ്ഥാനത്രയം വ്യാഖ്യാനം ചെയ്‌തത്‌......


നാം പഠിക്കുന്ന വിഷയത്തിന്റെ കാലത്തെ പറ്റിയും സ്ഥാനത്തെ പറ്റിയും ഉള്ള അറിവിലേക്കാണ്‌ ഇത്രയും പറഞ്ഞത്‌. 
ഈ ഇതിഹാസരചനക്കും എത്രയോമുമ്പ്‌ ഉപനിഷത്തുകള്‍ ആവിര്‍ഭവിച്ചിട്ടുണ്ട്‌. 
അതില്‍ പ്രധാനപ്പെട്ട ഒന്നായ മുണ്ഡകോപനിഷത്തില്‍ അംഗിരസ്സ്‌ എന്ന ഋഷിയെ സമീപിച്ച്‌. ശൗലകന്‍ എന്ന ഗ്രഹസ്ഥന്‍- മഹാശാലന്‍ എന്നാണ്‌ പറയുന്നത്‌- സത്യത്തെക്കുറിച്ച്‌ ചോദിക്കുന്നുണ്ട്‌. 
സത്യമറിയാന്‍ സമീപിക്കുന്ന ഗൃഹസ്ഥന്‌ ഗുരുനല്‍കുന്ന ഒരുപാട്‌ ഉദാഹരണങ്ങളും ഉപദേശങ്ങളായ കിളികളുടെയും മറ്റും കഥകളും ഇതില്‍ പറയുന്നുണ്ട്‌.
കൂടുതല്‍ അറിയണമെന്നുള്ളവര്‍ ഗവേഷണത്തിന്‌ താല്‍പര്യമുള്ളവര്‍,
ഈ ഉപനിഷത്തിലെ രണ്ടാം മുണ്ഡകത്തിലെ മൂന്നും നാലും മന്ത്രങ്ങള്‍ ഒന്നു നോക്കിയാല്‍ നന്നായിരിക്കും.
എന്തുകൊണ്ടാണ്‌ ഭഗവദ്‌ഗീത ഉപനിഷദ്‌സാരമാണ്‌ എന്നു പറയുന്നതെന്ന്‌ അപ്പോള്‍ മനസ്സിലാകും.
മധുസൂദനസരസ്വതി രചിച്ച ധ്യാനശ്ലോകത്തില്‍ 'സര്‍വ്വാപനിഷദോ ഗാവോദോഗ്‌ദ്ധ ഗോപാല നന്ദന' എന്ന്‌ നമ്മള്‍ കണ്ടു.
അതിന്‌ ആധാരമാകാന്‍ തക്കവണ്ണം ഉപനിഷത്തില്‍ എന്താണ്‌ പറയുന്നത്‌?
'ധനുര്‍ഗൃഹീത്വാ ഉപനിദം മഹാസ്‌ത്രം'. ഗീതയില്‍ ഒന്നാം അദ്ധ്യാത്തില്‍ തന്നെ മഹാശാസ്‌ത്രത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്‌. ഈ മഹാശാസ്‌ത്രത്തെ സാധകന്‍,
ഉപനിഷത്തിന്റെ വെളിച്ചത്തില്‍ ഗീത പഠിക്കുന്ന ഒരുവന്‍, ഗാണ്ഡീവം എന്നു പേരായ ഏതോ ഒരു വില്ല്‌, അതിലൊരമ്പ്‌, അതില്‍ ഇത്ര സെന്റീമീറ്റര്‍ അല്ലെങ്കില്‍ ഇത്ര ഇഞ്ച്‌ വലുപ്പം എന്നൊക്കെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ എവിടെയും എത്തില്ല.
ഉപനിഷത്ത്‌ ഉദ്‌ഘോഷിക്കുന്ന മഹാശാസ്‌ത്രം ഏതാണ്‌?
ശരംഹ്യുപാസന നിശിതം സദ്ധയീത ആയമ്യ തദ്‌ഭാവചേതസാം ലക്ഷ്യം തദേവാക്ഷരം സോമ്യവിദ്ധി' - ഹേ സൗമ്യ, ലക്ഷ്യത്തെ ഞാന്‍ പറഞ്ഞു തരാം. നീയാകുന്ന ശരത്തെ ഉപാസനയാല്‍ മൂര്‍ച്ച കൂട്ടൂ.
ഉപാസന എന്നു പറഞ്ഞാല്‍ ............


ഉപ = സമീപം 
വസ് = വസിക്കുക 
ഉപവാസം = സമീപത്തു വസിക്കുക 
ഞാൻ എന്റെ തന്നെ സമീപത്തുവസിക്കുന്നതിനെ ഉപവാസമെന്നുപറയുന്നു.
അരിഭക്ഷണമുപേക്ഷിച്ച്‌ ചെറുപയറിന്റെയും കടലയുടെയും നേന്ത്രപ്പഴത്തിന്റെയും റവക്കഞ്ഞിയുടെയും റവഉപ്പുമാവിന്റെയും ഒക്കെ സമീപത്തുപോയുള്ള പോയുള്ള ഇരിപ്പാണല്ലോ നമുക്ക്‌ ഉപവാസം.
നമ്മുടെയൊന്നും ഉപാസനയും ഉപവാസവുമല്ല.........
ചിലർ പറയുന്നതു കേള്‍ക്കാം 'നാളെ ഏകാദശിയാണ്‌,ഉപവാസമാണ്‌,
അരിഭക്ഷണം അയ്യോ!' അരിഭക്ഷണം കഴിച്ചാല്‍ കംപ്ലീറ്റ്‌ പോയ്‌ പോകും.
അത്രയും നിഷിദ്ധമാണ്‌ അരി! അതുകൊണ്ടാണോ അരിക്ക്‌ ശത്രു എന്നുകൂടി അര്‍ത്ഥം വന്നത്‌ എന്നറിയില്ല!
എവിടെ നിന്നാണ്‌ നമുക്കിതൊക്കെ കിട്ടിയത്‌ എന്നാണ്‌ അത്ഭുതം.
"ദേ നാളെ എനിക്ക്‌ ഉപവാസമാണ്‌ ട്ടോ', ഭാര്യ ഭര്‍ത്താവിനോട്‌ പറയും.
അപ്പോള്‍ ഭര്‍ത്താവ്‌ ചോദിക്കും
'അതിനിപ്പോ എന്താ വേണ്ടത്‌?'
'എന്താ വേണ്ടത്‌ എന്നോ? ചോദിക്കുന്ന ചോദ്യം കേട്ടില്ലെ കണ്ണില്‍ ചോരയില്ലാതെ'
പിന്നെയങ്ങ്‌ കൊടുക്കുകയാണ്‌ നീണ്ട ലിസ്റ്റ്‌........
എന്തൊക്കെയാണ്‌? നേന്ത്രപ്പഴം (വലുത്‌), പച്ചക്കായ, ചെറുപയര്‍, കപ്പ, കാച്ചില്‍ എന്നുവേണ്ട പഴനുറുക്കു തുടങ്ങി വിശേഷപ്പെട്ട കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എല്ലാം....
ഇവയുടെ സമീപത്തുള്ള ഇരിപ്പാണ്‌ നമുക്ക്‌ ഉപവാസം.
ഉപ- സമീപേ, വസ്‌- വസിക്കുക. ഇനി ഇവിടുത്തെ ഉപവാസക്കാരി അടുത്ത ഉപവാസക്കാരിയുടെ വീട്ടില്‍ പോയി അവിടുത്തെ പുഴുങ്ങിയ കാച്ചില്‍ ഇങ്ങോട്ടു കൊണ്ടുവരിക, ഇവിടുത്തെ പുഴുക്ക്‌ അങ്ങോട്ട്‌ കൊണ്ട്‌ പോവുക, എന്നിട്ട്‌ അവയെക്കുറിച്ചുള്ള അഭിപ്രയം പറയുക.- ഇതൊക്കെയാണ്‌ ഇന്ന്‌ ഉപവാസമെന്ന പേരില്‍ നടക്കുന്നത്‌. അതല്ല ഉപവാസം.
ഏകാദശി എന്ന വാക്കില്‍ തന്നെയുണ്ട്‌ കാര്യം.
ദശേന്ദ്രിയങ്ങളെ ഏകഭാവത്തിലേക്ക്‌ കൊണ്ടുവരാനുള്ള ഒരു തയ്യാറെടുപ്പാണ്‌ ഏകാദശി.
ദശമുഖനിൽ നിന്ന് ( രാവണൻ ) ദശരഥനിലേക്കുള്ള യാത്ര...
ദശേന്ദ്രിയങ്ങള്‍ക്ക്‌ നാഥനായ, ദശേന്ദ്രിയങ്ങളെ മുഴുവന്‍ പ്രചോദിപ്പിക്കുന്ന,
അതിനെ ചൈതന്യവത്താക്കുന്ന ബോധരൂപനിലേക്ക്‌ ഇന്ദ്രിയങ്ങളെ മുഴുവന്‍ ഏകാഗ്രമാക്കുന്നതിനുള്ള തയ്യാറെടുപ്പ്‌.
നാരായണഗുരുദേവന്റെ ഭാഷയില്‍ പറഞ്ഞാല്‍
'അറിവിലുമേറിയറിഞ്ഞിടുന്നവന്‍ തന്നുരുവിലുമൊത്തുപുറത്തുമുജ്വലിക്കും
കരുവിന്‌ കണ്ണുകളഞ്ചുമുള്ളടക്കി തെരുതെരെ വീണുവണങ്ങിയോതിടേണം'
ഉപനിഷത്തില്‍ പറയുന്നു.
"പരാഞ്ചികാനി വിതൃണത്സ്വയംഭൂ
തസ്‌മാദ്‌ പരാന്‍ പശ്യതി ന അന്തരാത്മന്‍
കശ്ചിത്‌ ധീരാ പ്രത്യഗാത്മാനമൈക്ഷത്‌
ആവൃത്തചക്ഷും: അമൃതത്ത്വമിച്ഛന്‍.
അമൃതത്തെ ആഗ്രഹിച്ചുകൊണ്ട്‌ കണ്ണുകളെ ഉള്ളടക്കുന്ന പ്രക്രിയക്കാണ്‌ ഉപവാസം,
ഏകാദശി എന്നൊക്കെ പറയുന്നത്‌,അതും അരിഭക്ഷണവുമായി യാതൊരു ബന്ധവുമില്ല.
ഭക്ഷണത്തെ ഉപേക്ഷിക്കല്‍,
എന്താണ്‌ അന്നം? അന്നോവൈ മന:- അന്നം മനസ്സാണ്‌.
അന്നമയം ഹി സോമ്യ മന: - കുട്ടീ, അന്നമയമാണ്‌ മനസ്സ്‌ എന്നു ശാസ്‌ത്രം പറയുന്നു.
അതുകൊണ്ട്‌ മനസ്സിനെ ശാന്തമാക്കാന്‍ അന്നത്തെ ഒന്നു അടക്കണം.
അല്ലാതെ കോഴിയിറച്ചിയും ചപ്പാത്തിയും കഴിച്ചിട്ട്‌ ധ്യാനിക്കാന്‍ ഇരുന്നാല്‍ കുറുക്കന്റെ പോലെയാകും ധ്യാനം.....


ഇവിടെ ഉപനിഷത്തുക്കള്‍ പറയുന്നു മഹത്തായ അസ്‌ത്രത്തെ ജപധ്യാനത്തിലൂടെ മൂര്‍ച്ചക്കൂട്ടണം എന്ന്‌. 
അക്ഷരബ്രഹ്മമാണ്‌ ലക്ഷ്യം,
ആ ലക്ഷ്യത്തില്‍ മനസ്സുറപ്പിച്ച്‌ ശരം വലിച്ചുപിടിച്ച്‌ പ്രയോഗിക്കാന്‍ പറയുകയാണ്‌. 
ശാസ്‌ത്രം പഠിക്കുകയാണ്‌ ഇവിടെ വലിച്ചുപിടിക്കല്‍.
ശ്രവണം മനനം, നിതിധ്യാസനം എന്നിവ.
എന്നിട്ട്‌ അംഗിരസ്സ്‌ പറയുന്നു....
പ്രണവോ ധനു: - ഓംകാരമാണ്‌ വില്ല്‌.
ശരോഹി ആത്മ- ഞാന്‍ തന്നെയാണ്‌ ശരം.
ബ്രഹ്മതല്‍ലക്ഷ്യമുച്യതെ- ലക്ഷ്യമായി പറയുന്നത്‌ ബ്രഹ്മമാണ്‌.
വല്ലവന്റെയും നെഞ്ചത്തേക്ക്‌ അമ്പയക്കാനല്ല ധര്‍മ്മയുദ്ധത്തില്‍ പറയുന്നത്‌.
നീ ആ സത്യവുമായി നന്നായി ചേരൂ......
തുടര്‍ന്നു പറയുന്നു,
'അപ്രമത്തേന വേധവ്യം - ശ്രദ്ധയോടെ ശരത്തെ ലക്ഷ്യത്ത്‌ലേക്ക്‌ എയ്‌ത്‌,
ശരവത്‌ തന്മയോ ഭവേത്‌- ആ ശരവും ലക്ഷ്യവും ഒന്നായി തീരട്ടെ.
അംഗിരസ്സ്‌ എന്ന ഋഷി ഗീത ഉണ്ടാക്കുന്നതിനുമുമ്പ്‌ തന്റെ ശിഷ്യനോട്‌ പറഞ്ഞതാണിത്‌.
അപ്പോള്‍ ഭഗവത്‌ഗീതക്കും മുമ്പ്‌ യുദ്ധമുണ്ട്‌,
ഈ ധര്‍മ്മയുദ്ധം,ഋഷീശ്വരന്‍മാര്‍ ഉപയോഗിച്ച ശൈലിയാണ്‌..
ഇത്ര വ്യക്തമായി പറഞ്ഞിട്ടും ഈ യുദ്ധം പുറത്തു തന്നെ വേണമെന്ന്‌,
ചിലര്‍ക്കൊക്കെ എന്താ നിര്‍ബന്ധമെന്നതാണ് മനസ്സിലാകാത്തത്‌.
അടികൂടിയേ മതിയാകൂ എന്നുണ്ടോ?
മറ്റെന്തൊക്കെ പറഞ്ഞാലും അതില്‍ ശാന്തി കിട്ടുമോ എന്നു നോക്കൂ.....
എന്തെങ്കിലും പുതിയതു കിട്ടിയാല്‍ അറിയിക്കൂ.
അതിന്റെ പ്രചാരകനായി കൂടെവരാം സന്തോഷത്തോടെ.....
"തസ്‌മാത്‌ ശാസ്‌ത്രം പ്രമാണം തേ"എന്ന്‌ ഭഗവാന്‍ ഗീതയില്‍ പറയുന്നുണ്ട്‌.
അതുകൊണ്ട്‌ നാം പറയുന്ന കാര്യങ്ങള്‍ക്ക്‌ ശാസ്‌ത്രം പ്രമാണമായി വരണം.
ഏതെങ്കിലുമൊരു അടിസ്ഥാനമുണ്ടാകണം.
ആ ടീച്ചർ പറഞ്ഞു, ഈ ഡോക്ട്ടർ പറഞ്ഞു...
ഈ പറയുന്നവർ ഗുരു മുഖത്തുനിന്നു വിധിയാവണ്ണം വല്ല ധർമ്മശാസ്ത്രം പഠിച്ചവരാണോ?
നിയമം പഠിച്ചവർ വക്കീലാവുന്നു. ശരീര ശാസ്ത്രം പഠിച്ചവരാണല്ലൊ ഡോക്ട്ടർ ആവുന്നത്‌,
ആധ്യാത്മിക ശാസ്ത്രം പറയുന്നിടത്ത് യോഗ്യത താടിയുടെ നീളവും,
ഒറ്റയിരിപ്പിനു എത്ര പേർക്ക് ദർശനം കൊടുക്കും എന്നതിനനുസരിച്ചിരിക്കും.
ഈ വിഷയത്തിൽ ഇതാണവസ്ഥ "വാളെടുക്കുന്നവൻ വെളിച്ചപ്പാട്‌"
എന്തെങ്കിലും പറഞ്ഞാലുടനെ ചോദിക്കും,
അപ്പോള്‍ ഈ പുസ്‌തകത്തിലിങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ,
ആ പുസ്‌തകത്തില്‍ അങ്ങിനെയാണല്ലോ?
ഈ പുസ്‌തകത്തില്‍ ഇങ്ങിനെ പറഞ്ഞിട്ടില്ലല്ലോ?
അതൊക്കെ വിട്ടേക്കൂ.
നമുക്ക് പ്രമാണമായി സ്വീകരിക്കാനുള്ളതു ഉപനിഷത് ഋഷിമാരും,വ്യാസരും,വാത്മീകിയും,
ശ്രീ ശങ്കരനും, ശ്രീ നാരായണ ഗുരു മുതലായിട്ടുള്ളവരാണു......
ശാന്തമായി ഇരുന്ന്‌ ഗീതയെ ആവാഹിക്കാന്‍,
ഗീതയെ സ്വന്തമാക്കാന്‍ തയ്യാറാണെങ്കില്‍ ഈ ഒന്നാമത്തെ ശ്ലോകം മാത്രം മതി.
ഇങ്ങനെ ക്രമത്തില്‍ നമുക്ക്‌ ധൃതരാഷ്ട്രര്‍ പറഞ്ഞതും സഞ്‌ജയന്‍ പറഞ്ഞതും അര്‍ജ്ജുനന്‍ പറഞ്ഞതും ഭഗവാന്‍ പറഞ്ഞതുമായ 701 ശ്ലോകങ്ങളും സ്വന്തമാക്കി പോകാം.....
നമുക്ക്‌ ഗീതയായി ഭവിക്കാം,
അതുകഴിഞ്ഞാല്‍ ഈ കിതാബ്‌ നമുക്ക്‌ വലിച്ചെറിയാം,
പിന്നെ നിങ്ങളാണ്‌ ഗീത,
കാരണം ധ്യാനശ്ലോകത്തില്‍ പറഞ്ഞു കഴിഞ്ഞു എണ്ണ എണ്ണക്കുവേണ്ടിയല്ല നിലകൊള്ളുന്നത്‌,
പിന്നെയോ ?
പ്രകാശത്തിനുവേണ്ടിയാണ്‌....
ഗ്രന്ഥം ഗ്രന്ഥത്തിനുവേണ്ടിയല്ല അത്‌ അറിയിക്കുന്ന സത്യത്തിനു വേണ്ടിയാണ്‌,
അതിന്റെ സാക്ഷാത്‌ക്കാരത്തിനായാണ്‌.......
ലക്ഷ്യം തരണം ചെയ്യാൻ സഹായിക്കുന്നത്,പോള്‍വാള്‍ട്ട്‌ ഓര്‍ത്തുകൊള്ളുക.
ഈ പുസ്‌തകങ്ങളൊക്കെ പോള്‍ ആണ്‌......
കുതിച്ചു ചാടുന്നതിനു വേണ്ട കരുത്ത്‌ ഇതില്‍ നിന്നു കിട്ടും....
സംശയം വേണ്ട......


ഭഗവദ്‌ഗീത ശാന്തിയെ പ്രദാനം ചെയ്യുന്ന ശാസ്‌ത്രമല്ല. 
"അശാന്തിയുടെ ശാസ്‌ത്രമാണ്‌". 
നമുക്ക്‌ വേണ്ടപ്പെട്ടൊരു സാധനം നഷ്ടപ്പെട്ടാല്‍ നാം ശാന്തരാകുമോ? അശാന്തരാകുമോ? 
നല്ല ശാന്തി കാണുന്നുണ്ടല്ലോമുഖത്ത്‌,
ങാ, എന്റെ രത്‌നമോതിരം കളഞ്ഞു പോയി.
ഇങ്ങിനെ ആരെങ്കിലും പറയുമോ? ഇല്ല.
അതു കണ്ടു കിട്ടുന്നതു വരെ നാം ശാന്തരായി ഇരിക്കില്ല.......
എന്തുകൊണ്ടാണ്‌ ഇങ്ങനെ പറയുന്നത്‌ എന്നാല്‍,
ഇത്രയും കാലം എന്നെത്തന്നെയാണ്‌ ഞാന്‍ നഷ്ടപ്പെടുത്തിയതെന്നറിയുമ്പോഴോ?
ഞാൻ അശാന്തനാകുന്നു.
പിന്നെ എന്നെ വീണ്ടെടുക്കാനുള്ള ഒരു ഊര്‍ജ്ജിതശ്രമമാണ്‌.
ഒരുപാട്‌ വഴികളിലങ്ങിനെ പോയി,
ആ വഴി കുറെ പോയി, അവരങ്ങനെ പറഞ്ഞു അവിടേക്കോടി,
പിന്നെ ഇവിടേക്കോടി,
ഇങ്ങിനെ ഭ്രാന്തൻ നായയെ പോലെ അലഞ്ഞുനടന്നിട്ട്‌ ഒരു കാര്യവുമില്ല.
ഇവിടെ പറയുന്നതില്‍ എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍,
സംഘര്‍ഷങ്ങളുണ്ടാകുന്നുണ്ടെങ്കില്‍ ഇത്‌ ശ്രദ്ധിക്കാതിരിക്കൂ.
കൂട്ടത്തില്‍ പറയട്ടെ,
ആ ഓട്ടമാണ്‌ ഈ പഠനം,
ആ അശാന്തിയുടെ പേരാണ്‌ അദ്ധ്യാത്മികം..
ആ അശാന്തിയാണ്‌ ഇവിടുത്തെ വിഷാദം.
അതാണ്‌ നമ്മെ യോഗത്തിലേക്ക്‌ കൊണ്ടുപോകുന്നത്‌.
അതിനെ അദ്ധ്യാത്മികമെന്നു പേരു ചൊല്ലാം.
ഭൗതികമായ വിഷയങ്ങള്‍ക്കു പുറകേയുള്ള ഓട്ടത്തില്‍ നിന്നുള്ള അശാന്തി വിട്ടേക്കൂ.
അതിന്റെ ഫലം എന്നും അശാന്തി തന്നെയാകും.
അത്‌ ഭൗതികമായ അശാന്തി, ഇത്‌ അദ്ധ്യാത്മികമായ അശാന്തി.
ഇത്രയും പറഞ്ഞത്‌ അതിലേക്കും ഇതിലേക്കുമൊന്നും നമ്മുടെ ശ്രദ്ധപേകാതെ
നാം പഠിക്കുന്ന ശാസ്‌ത്രത്തിലേക്ക്‌ ശ്രദ്ധ തിരിയുന്നതിനായാണ്‌.
" ശ്രദ്ധാവാൻ ലഭതെ ജ്ഞാനം " ശ്രദ്ധയുള്ളവന് അറിവ് ലഭിക്കുന്നു.......

രാഷ്ട്രം എന്നു പറഞ്ഞാല്‍ - രാജതി ഇതി രാഷ്ട്ര:. ശോഭിക്കുന്നതുകൊണ്ട്‌ രാഷ്ട്രം. 
രാജ്യത്തില്‍ രാജാവ്‌ എങ്ങിനെ ശോഭിക്കണം?
രാജാവിന്റെ കീർത്തിയാണ് പ്രജകളിലൂടെ പ്രകാശിക്കേണ്ടത്‌.
ഇപ്പോൾ രാജാവിന്റെ ദുഷ് കീർത്തിയാണ്‌ പ്രജകളെ അന്ധകാരത്തിലാക്കുന്നത്.
ഓരോ പ്രജയിലും തന്നെ കാണണം.
ആധുനിക രാജാവ് ഓരോ പ്രജയുടെയും പോക്കറ്റാണു നോക്കുന്നത്!
ആധുനിക മന്ത്രിക്കും കുടുംബത്തിനും ഒരു നിയമം.
നിയമമുണ്ടാക്കുന്നത് നിയമ മന്ത്രി അത് കാറ്റിൽ പറത്തുന്നത് മന്ത്രിയും കുടുംബവും.
പ്രജകൾ ചോദിച്ചാൽ മന്ത്രിയുടെ മറുപടി നിയമം നിയമത്തിന്റെ വഴിക്ക് പോകും.
ചരിത്ര പുസ്തകതാളുകളിളല്ല ധൃതരാഷ്ട്രന്മാരെ നോക്കേണ്ടത്,
നമുക്ക് ചുറ്റും കണ്ണോടിച്ചാൽ കാണാവുന്നതാണ്..
ധൃതരാഷ്ട്രന്‍ എന്നതിന്‌ പൂര്‍ണ്ണമായ തെളിവ്‌ അദ്ദേഹത്തിന്റെ ഒന്നാമത്തെ ഈ ചോദ്യം തന്നെയാണ്‌.
മാമകാ: എന്നും,പാണ്ഡവാ: എന്നും പ്രയോഗിച്ചതിലൂടെ ഈ വേര്‍തിരിവ്‌ വ്യക്തമാവുകയാണ്‌. ജ്യേഷ്‌ഠാനുജ പുത്രന്‍മാരാണ്‌,ആ നിലക്ക്‌ സ്വന്തം സഹോദരന്റെ മക്കളെ വേറെ കാണുന്നു. അപ്പോള്‍ പിന്നെ മറ്റു പ്രജകളുടെ സ്ഥിതി എന്താവും?
രാജന്‍ രഞ്‌ജിപ്പിക്കുന്നവനാണ്‌;
മുഴുവന്‍ പ്രജകളെയും രാജ്യത്തെ മുഴുവന്‍ പ്രചോദിപ്പിക്കുന്ന,
രാഷ്ട്രത്തിലെ ഓരോരുത്തര്‍ക്കും ആവശ്യമായതിനെയൊക്കെ പ്രദാനം ചെയ്യുന്നവനായിരിക്കണം രാജാവ്‌.
സഞ്‌ജയന്‍ ആരാണെന്നു പറഞ്ഞു.
സഞ്‌ജയതി ഇതി സഞ്‌ജയഃ - നല്ലവണ്ണം ജയിച്ചവന്‍.
സഞ്‌ജയനാണ്‌ ഗീത പറയുന്നത്‌.
അങ്ങനെയൊരാള്‍ക്കെ ഇത്‌ പറയാന്‍ സാധിക്കൂ.
എങ്ങിനെ ജയിച്ചു?
ബാഹ്യമായവയില്‍ ഞാനെന്ന ബുദ്ധിയെ വെടിഞ്ഞു.
സഞ്‌ജയനിലൂടെ ധൃതരാഷ്ട്രന്‍ കാര്യങ്ങളറിയുന്നു.
തുടര്‍ന്നു നാം രണ്ട്‌ ക്ഷേത്രങ്ങളെ പരിചയപ്പെട്ടു.
കുരുക്ഷേത്രവും ധര്‍മ്മക്ഷേത്രവും.
എന്താണ്‌ കുരുക്ഷേത്രം? കരുണാം കരണാനാം ക്ഷേത്രം.
കരണങ്ങളുടെ, ഇന്ദ്രിയങ്ങളുടെ ഇരിപ്പിടം.
ക്ഷേത്രം എന്നു പറഞ്ഞാല്‍ ക്ഷയിക്കുന്നതാണ്‌;
ക്ഷീയതേ ഇതി ക്ഷേത്രം. നശിക്കുന്നതാണ്‌ എല്ലാ ക്ഷേത്രങ്ങളും.
ക്ഷേത്രത്തിന്‌ അനേകം അര്‍ത്ഥങ്ങളുണ്ട്‌.
വയല്‍ എന്നു പറഞ്ഞാല്‍ ക്ഷേത്രമാണ്‌.
സ്ഥലത്തിന്‌ ക്ഷേത്രമെന്നു പറയും.
ക്രീഡാക്ഷേത്രം എന്നു പറഞ്ഞാല്‍ കളിക്കളം.
അന്നക്ഷേത്രം ഭക്ഷണം കഴിക്കുന്ന ഇടം........