Monday, August 5, 2019

രാമായണത്തിലെ സിമ്പോളിസം

രാമൻ എന്നാൽ ആത്മാവാണ്. അതുകൊണ്ടാണ് ചിലപ്പോൾ ആത്മാരാമൻ എന്ന് വിളിക്കുന്നത്. സീതയെന്നാൽ മനസ്സാണ്. മായപൊന്മാനുകളെ കണ്ടു മതിമറന്നു പോകുന്ന മനസ്സ്. രാവണൻ പത്തു ദോഷങ്ങളെ ദോഷങ്ങളെ പ്രതിനിധാനം ചെയ്യുന്നു.
1) കാമം 2) ക്രോധം 3) മോഹം 4) ലോഭം 5) മദം 6) മത്സരം 7) സ്വാർത്ഥത 8) അന്യായം
9) ക്രൂരത 10) അഹങ്കാരം
ഈ ദോഷങ്ങൾ മനസ്സിനെ ( സീതയെ) ആത്മാവിൽ നിന്ന് ( രാമനിൽ നിന്ന്) അകറ്റുന്നു. അപ്പോൾ ബുദ്ധിയുടെയും ( ലക്ഷ്മണൻ) മനശ്ശക്തി ( ഹനുമാൻ) യുടെയും വാനര സൈന്യത്തിന്റെയും ( senses) സഹായത്താൽ ഒരു പാലം നിർമ്മിച്ച് ( ആത്മാവിൽ നിന്ന് മനസ്സിലേക്ക്) ദശ ദോഷങ്ങൾ അപഹരിച്ച മനസ്സിനെ ആത്മാവിലേക്ക് തിരിച്ചു പിടിക്കുന്നു.ലങ്ക ദേഹമാണ്.അവസാനം ലങ്കയാകുന്ന ദേഹത്തിൽ നിന്ന് ആത്മാവും ആത്മാവിനോട് ചേർന്ന മനസ്സും പുഷ്പക വിമാനം എന്ന ആത്മീയമായ വാഹനത്തിലേറി അയോധ്യയെന്ന മോക്ഷത്തിലേക്കു എത്തുന്നു.ഇത് കേവലം ഒരു രാമൻറെ അയനമല്ല...എല്ലാ ആത്മാക്കളുടെയും യാത്രയാണ്.

Tuesday, August 8, 2017

രാമായണം

രാമൻ ആത്മാരാമൻ ആണ്. അതായത് രാമൻ ആത്മാവിനെ പ്രതിനിധാനം ചെയ്യുന്നു. സീത മായാ സീതയാണ്. സീത മനസ്സാണ്.മായ സീതയാണ് സ്വർണ്ണമാനായി വന്ന മാരീചന്റെ പിറകെ പോകാൻ രാമനെ പ്രേരിപ്പിക്കുന്നത്. മാരീചൻ മായയാകുന്ന പ്രപഞ്ചത്തിലെ പ്രലോഭനങ്ങൾ ആണ്. മനസ്സ്, കാമ - ക്രോധ- മോഹ - ലോഭാദികൾ നിയന്ത്രിക്കാതെ (അല്ലെങ്കിൽ അവയുടെ നിയന്ത്രണത്തിന് പാത്രീ ഭൂതമായി) ദൃശ്യ - ശ്രവ്യ- സ്പർശ പ്രലോഭനങ്ങളിലേക്കു വീഴുമ്പോൾ ആത്മാവിൽ നിന്ന് അകന്നു പോകുന്നു. ആത്മാവിൽ നിന്ന് അകലുന്ന മനസ്സ് രാവണനിൽ ചെന്ന് ചേരുന്നു. രാവണൻ പത്തു ദോഷങ്ങൾ പ്രതിനിധാനം ചെയ്യുന്നു.
1) കാമം
2) ക്രോധം
3) മോഹം
4) ലോഭം
5) മദം
6) മത്സരം
7) സ്വാർത്ഥത
8) അന്യായം
9) ക്രൂരത
10) അഹങ്കാരം
മനസ്സിനെ ആത്മാവിനോട് ബന്ധിച്ചു നിർത്തി നമുക്ക് രാവണൻ ആകാതിരിക്കാം . സീത ( മനസ്സ്)എന്നും ചേരേണ്ടതു രാമനോടാണ് ( ആത്മാവ് - സ്വത്വം).
#രാമായണം #ramayan #ramayanamasam

Sunday, December 13, 2015

ഗണപതി

ഒന്നാമത്തെ പുരുഷാര്‍ഥം ധര്‍മ്മമാണ്‌.
രണ്ടാമത്‌ അര്‍ഥം,
മൂന്നാമത്‌ കാമം ( കാമം എന്നാൽ ആഗ്രഹം ) ,
നാലാമത്‌ മോക്ഷം.
ധര്‍മ്മമാണ്‌ എല്ലാറ്റിന്റേയും അടിസ്ഥാനം.
ഗണപതിയുടെ വാഹനമാണല്ലോ എലി,തടിച്ച ഒരാള്‍ക്ക്‌ ചെറിയ വാഹനം.
വാഹനം നമുക്ക്‌ യാത്ര ചെയ്യാനാണ്‌. ആഗ്രഹമാണ്‌

മനുഷ്യനെ യാത്ര ചെയ്യിക്കുന്നത്‌. ആഗ്രഹമാകുന്ന വാഹനത്തിലാണ്‌ നാം യാത്ര ചെയ്യുന്നത്‌. എലിയാണ്‌ ആഗ്രഹം.എന്താണ്‌ ആഗ്രഹങ്ങളുടെ സ്വഭാവം? കാര്‍ന്നു തിന്നുക,പക്ഷെ ഗണപതിയുടെ എലി ഗണപതിയുടെ സമ്മതമില്ലാതെ തിന്നില്ല. നമ്മുടെ അറിവു കൂടാതെ ആഗ്രഹങ്ങളുടെ മുകളില്‍ യാത്ര ചെയ്യില്ല.നമുക്ക്‌ ആയിത്തീരേണ്ട ഒന്നാണ്‌ ഗണപതി.

മനസ്സ്‌, ബുദ്ധി രണ്ടു കാലുകളാണ്‌ ഒരു കാല്‍ മറ്റേക്കാലില്‍ പിണച്ചു വെക്കും ഗണപതി. മനോബുദ്ധികളെ ഏകമാക്കിയാല്‍ ആഗ്രഹങ്ങള്‍ക്ക്‌ അടക്കമുണ്ടാകും.(മനസ്സും ബുദ്ധിയും ആണ് ഗണപതിയുടെ കാലുകൾ )ആഗ്രഹങ്ങള്‍ വിനയാന്വിതനായിട്ട്‌ അവിടെ നില്‍ക്കും.ആ ആഗ്രഹങ്ങളെ പൂര്‍ത്തികരിക്കുന്നത്‌ ലോകത്തിനുപോലും അനുഗ്രഹമാകും.

Saturday, June 13, 2015

ഈശ്വരൻ സർവ വ്യാപിയല്ല

ഈശ്വരൻ സർവ വ്യാപിയല്ല. അഥവാ ഈ പ്രപഞ്ചം തന്നെയാണ് ഈശ്വരൻ. നാമെല്ലാം കുടി കൊള്ളുന്നത്‌ ഈശ്വരനിലാണ് .അപ്പോൾ വ്യാപനത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ല.വിരാട് രൂപവർണ്ണന നമുക്ക് നൽകുന്നത് ഈ പ്രപഞ്ചം അല്ലെങ്കിൽ ജഗദ്‌ ആണ് ഈശ്വരൻ എന്നാണ്. ജഗദ്‌ തന്നെ ഈശ്വരൻ ആകുമ്പോൾ ( ജഗദീശ്വരൻ) എന്തിനാണ് ഈശ്വരൻ വ്യാപിക്കുന്നത്?ജഗദ്‌ എന്ന പദത്തിന്റെ അർഥം ഉണ്ടായി, നിലനിന്നു ഇല്ലാതെയാവുന്നത് എന്നർത്ഥം.അതായത് ഉണ്ടായി നിലനിന്നു ഇല്ലാതെ ആവുന്നതാണ് ഈ പ്രപഞ്ചത്തിലെ എല്ലാം.ഇത് തന്നെയാണ് ഇംഗ്ലീഷ് ഭാഷയിലെ ഗോഡ് . G എന്നാൽ generator ( സൃഷ്ടി ) , o എന്നാൽ organizer ( പരിപാലനം ) , D എന്നാൽ destructor ( സംഹാരം). ബ്രഹ്മാവ്‌ സൃഷ്ടിയെയും വിഷ്ണു പരി പാലനത്തെയും ശിവൻ സംഹാരത്തെയും കുറിക്കുന്നു.ഇവിടെ ബ്രഹ്മാവും വിഷ്ണുവും ശിവനും ഈ തത്വം മനസ്സിലാക്കാനുള്ള, ഓർമ പെടുത്താനുള്ള പ്രതീകങ്ങൾ ( വിഗ്രഹങ്ങൾ ) മാത്രമാണ്.

Tuesday, April 7, 2015

ഭഗവത് ഗീത 3 Swami Sandeepananda Giri



ഗീത പഠിച്ചുതുടങ്ങുമ്പോള്‍ ഒരുപാട്‌ സംശയങ്ങള്‍ ഉണ്ടാവാം. 
സ്വാമിക്കും കിട്ടുന്നുണ്ട്‌ ഒരുപാട്‌ സംശയങ്ങള്‍,
ചോദ്യങ്ങള്‍ ചോദിച്ച്‌ ആ വഴി പോകുന്നവരാണോ ചോദിക്കുന്നത്‌ എന്ന്‌ അറിയില്ല. 
ഉത്തരം പോലും കേള്‍ക്കാതെ പോകുന്നവരുണ്ട്‌.
അങ്ങിനെ ആകരുത്‌ നമ്മുടെ അന്വേഷണങ്ങള്‍.
ഒരു ക്ലബ്ബില്‍ ഒരാള്‍ പനിനീര്‍ പുഷ്‌പങ്ങളെ എങ്ങിനെ വളര്‍ത്താം എന്നതിനെ കുറിച്ച്‌ പ്രഭാഷണം നടത്തി.
പിഞ്ചുകുഞ്ഞുങ്ങളെപ്പോലെ റോസച്ചെടികളെ പരിപാലിക്കണം...
നമ്മുടെ നിരന്തര സമ്പര്‍ക്കം പുഷ്‌പ്പങ്ങള്‍ ആഗ്രഹിക്കുന്നു...
നമ്മളെ നിത്യവും കാണണം,
അവയ്‌ക്കും വികാരങ്ങളുണ്ട്‌.....
സംഗീതം അവർ ഇഷ്ട്ടപ്പെടുന്നു...
കഥ കേൾക്കാൻ അവർക്കിഷ്ട്ടമാണ്...
നമ്മളെവിടെക്കേങ്കിലും പോവുകയാണ്‌, രണ്ട്‌ ദിവസം കഴിഞ്ഞേവരൂ അതിനോട്‌ പറഞ്ഞുവേണം പോവാന്‍.
അല്ലെങ്കില്‍ അതിന്‌ വല്ലാതെ വിഷമം വരും....
ഇങ്ങനെ വിസ്‌തരിച്ച്‌ ഒരുപാട്‌ കാര്യങ്ങള്‍ പറഞ്ഞു.
കൂട്ടത്തില്‍ ധാരാളം പുഷ്‌പ്പങ്ങള്‍ ഉണ്ടാകാന്‍ പഴകിയ ആട്ടിന്‍ കാഷ്ടം വളരെ നല്ലതാണെന്നും പറഞ്ഞു.
നല്ല വളമാണ്‌ എന്ന്‌.
പ്രഭാഷണം അവസാനിപ്പിച്ചു കഴിഞ്ഞപ്പോള്‍ കേട്ടിരുന്നവരില്‍ ഒരമ്മ ഒരു സംശയം ചോദിച്ചു, 'ആടിന്‌ എത്ര പഴക്കം വേണം?
കാര്യംപോലും പൂര്‍ണ്ണമായി ശ്രദ്ധിക്കില്ല,
ഒന്നില്‍ തൂങ്ങി അങ്ങ്‌ സംശയിച്ചുകളയും.
ചില സംശയങ്ങള്‍ ഇങ്ങിനെയാണ്‌. ......
ചിന്മയാനന്ദ സ്വാമികള്‍ ഒരു കഥ പറയാറുണ്ട്‌....
ശാസ്‌ത്രം ശ്രവിക്കുന്നതിന്‌ അവശ്യം ഉണ്ടായിരിക്കേണ്ട യോഗ്യതയെക്കുറിച്ച്‌...


ചിന്മയാനന്ദ സ്വാമികള്‍ ഒരു കഥ പറയാറുണ്ട്‌. 
രണ്ട്‌ ഉറുമ്പുകളുടെ കഥ....
ശാസ്‌ത്രം ശ്രവിക്കുന്നതിന്‌ അവശ്യം ഉണ്ടായിരിക്കേണ്ട യോഗ്യതയെക്കുറിച്ച്‌...
ഒരു ഉറുമ്പിന്റെ താമസം പഞ്ചാസാരക്കുന്നിലാണ്‌,
മറ്റേ ഉറുമ്പിന്റേത്‌ ഉപ്പുകുന്നിലും.
ഒരുദിവസം പഞ്ചസാരക്കുന്നിലെ ഉറുമ്പ്‌ ഉപ്പുകുന്നിലെ ഉറുമ്പിനെ കണ്ട്‌ മുട്ടി.
ഉപ്പുകുന്നിലെ ഉറുമ്പിന്റെ വിളറി വെളുത്ത ശരീരം കണ്ട്‌ പഞ്ചസാരകുന്നിലെ കുന്നിലെ ഉറുമ്പിന്‌ കഷ്ടം തോന്നി.
അതു ചോദിച്ചു 'നീയെവിടെ നിന്നു വരുന്നു?
ഉറുമ്പിന്റെ വര്‍ഗ്ഗത്തിനു തന്നെ മോശമാണല്ലോ ഇങ്ങിനെ കഴിയുന്നത്‌?
പഞ്ചസാരകുന്നിലെ ഉറുമ്പാണെങ്കില്‍ തുടുത്ത്‌ നല്ല മിടുക്കനായിട്ടാണ്‌ ഇരിപ്പ്‌.
ആ കാണുന്ന ഉപ്പു കുന്നിലാണ്‌ എന്റെ താമസം' ശോഷിച്ച ഉറുമ്പ്‌ പറഞ്ഞു.
ഇതു കേട്ട്‌ മനസ്സലിഞ്ഞ പഞ്ചസാരക്കുന്നിലെ ഉറുമ്പ്‌ തന്റെ വാസസ്ഥാനത്തേക്ക്‌ ഉപ്പുകുന്നിലെ ഉറുമ്പിനെ ക്ഷണിച്ചു.
ഇവിടെ താമസിച്ചോളൂ, എന്നിട്ട്‌ എന്നെപ്പോലെ ഗുണ്ടു ആകൂ' എന്നു പറഞ്ഞു. ഒരാഴ്‌ചകഴിഞ്ഞിട്ടും ഉപ്പുകുന്നിലെ ഉറുമ്പിനു യാതൊരുമാറ്റവും ഉണ്ടായില്ല.
രണ്ടുപേരും ഒരു ഡോക്ടറുടെ അടുത്തുപോയി കാര്യം പറഞ്ഞു.
ഡോക്ടര്‍ വായ്‌തുറക്കാന്‍ പറഞ്ഞു,
നോക്കിയപ്പോള്‍ അതിനകത്ത്‌ ഒരുപ്പിന്റെ കഷ്‌ണം ഇരിക്കുകയാണ്‌.
വായില്‍ ഉപ്പിന്റെ കഷ്‌ണം വച്ചുകൊണ്ട്‌ ആ ഉറുമ്പിനൊരിക്കലും പഞ്ചസാരയുടെ മധുരം നുകരാന്‍ സാധിക്കുകയില്ല.
ഗുണം അനുഭവിക്കാന്‍ സാധിക്കുകയില്ല.
അതുകൊണ്ട്‌ മുന്‍വിധികളാകുന്ന ഉപ്പുകല്ലുകളെ എടുത്തുമാറ്റാതെ നമുക്കീ ശാസ്‌ത്രം ശ്രവിക്കാന്‍,ഇതിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ സാധ്യമല്ല എന്നാണ്‌ സ്വാമിജി പറയുന്നത്‌....


അറിവില്ലായ്‌മയെ പ്രമാണമാക്കി എടുക്കരുത്‌. 
ബ്രാഹ്മണനാണ്‌ ബ്രഹ്മവിദ്യക്കധികാരി എന്നു പറയുമ്പോള്‍ ബ്രാഹ്മണന്റെ ലക്ഷണമെന്താണ്‌ ? സ്‌ത്രീകള്‍ക്ക്‌ ഓം എന്ന്‌ ജപിക്കാമോ? 
ഓരോന്ന്‌ പറഞ്ഞ്‌ ഈ ശാസ്‌ത്രത്തില്‍ നിന്ന്‌ ആളുകളെ അകറ്റുന്നവരുടെ ആധിക്യം കണ്ടാണ്‌ വിവേകാനന്ദ സ്വാമികള്‍ നമ്മുടെ നാടിനെ ഭ്രാന്താലയം എന്നു വിളിച്ചത്‌. 
അതുകൊണ്ട്‌ ഇത്തരത്തിലുള്ള അജ്ഞാനങ്ങളൊന്നും വെച്ചുപുലര്‍ത്തരുത്‌.
എല്ലാവരും ഇതിന്‌ അധികാരികളാണ്‌.
നിങ്ങള്‍ എന്തു കഴിക്കുന്നുവെന്നോ,എന്തു ധരിക്കുന്നുവെന്നോ ഒന്നും ഇവിടെ വിഷയമല്ല. ഇത്‌ കേള്‍ക്കുക, കേട്ടിട്ടു തീരുമാനിക്കുക, ഇത്‌ നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതാണോ എന്ന്‌. കേള്‍ക്കുവാന്‍ നിങ്ങള്‍ യോഗ്യരാണ്‌. നിങ്ങള്‍ കുളിക്കണോ കുളിക്കണ്ടേ എന്നുള്ളതൊക്കെ പിന്നെ അടുത്തിരിക്കുന്ന ആളെ ആശ്രയിച്ചിരിക്കും. അത്രയെയുള്ളൂ. അവര്‍ക്കു വേണ്ടിയാവാം.
ഇതില്‍ മനസ്സിലാക്കേണ്ട പ്രധാന കാര്യങ്ങളിലൊന്ന്‌ കാലഘട്ടമാണ്‌.
നമ്മുടെ ഭാരതീയദര്‍ശനത്തിന്റെ ആധാരശിലയെന്നു വിശേഷിപ്പിക്കപ്പെടുന്നത്‌ വേദങ്ങളാണ്‌. ആ വേദങ്ങളുടെ ഉത്‌പത്തികാലത്തെ വൈദികകാലം എന്നു പറയും.
വേദങ്ങള്‍ ആരെങ്കിലും നിര്‍മ്മിച്ചതാണോ എന്നു ചോദിച്ചാല്‍ അല്ലേ അല്ല.
അപൗരുഷേയം എന്നാണ്‌ പറയുക.
എന്നു പറഞ്ഞാല്‍ ഒരാളാലും ഉണ്ടാക്കാത്തത്‌.
അപ്പോള്‍ അതെങ്ങനെ ഉണ്ടായി എന്നാണെങ്കില്‍,
തത്ത്വാധിഷ്‌ഠിതമായ മൂല്യങ്ങള്‍ ആചരിച്ചുവന്ന ഒരു ജനസമൂഹത്തില്‍നിന്ന്‌ ആവിര്‍ഭവിച്ചതാണ്‌ ഈ വൈദിക സംസ്‌ക്കാരം അഥവാ ഋഷി സംസ്‌ക്കാരം.
തത്ത്വവും വ്യക്തിയും ഒന്നായിച്ചേരുന്ന അവസരത്തില്‍ ഓരോരുത്തരിലും സംഭവിക്കുന്നതാണിത്‌. അതുകൊണ്ട്‌ ഭാരതീയസംസ്‌ക്കാരം തത്ത്വാധിഷിഠിതമാണ്‌, വ്യക്താധിഷ്‌ഠിതമല്ല.
ഇതരമതങ്ങള്‍ അങ്ങനെയല്ല. ക്രിസ്‌തുവില്‍ കേന്ദ്രീകൃതമാണ്‌ ക്രിസ്‌തുമതം, മുഹമ്മദില്‍ കേന്ദ്രീകൃതമാണ്‌ മുഹമ്മദീയമതം, ബുദ്ധനില്‍ കേന്ദ്രീകൃതമാണ്‌ ബുദ്ധമതം, ഗുരുനാനാക്കില്‍ കേന്ദ്രീകൃതമാണ്‌ സിഖ്‌മതം. ഇങ്ങനെ ഏതെങ്കിലും വ്യക്തിയില്‍ കേന്ദ്രീകരിച്ച്‌ വ്യക്ത്യാധിഷ്‌ഠിതമായി ഇതരമതങ്ങള്‍ നിലകൊള്ളുമ്പോള്‍,
ഭാരതീയദര്‍ശനം തത്ത്വങ്ങളില്‍ അധിഷ്‌ഠിതമായാണ്‌ നിലകൊള്ളുന്നത്‌. രാമനോ കൃഷ്‌ണനോ ഒന്നും ഈ മതത്തിന്റെ ഉപജ്ഞാതാക്കളല്ല.
അവരൊന്നും സ്ഥാപിച്ചതോ കണ്ടുപിടിച്ചതോ അല്ല ഭാരതീയസംസ്‌ക്കാരം.........


തത്ത്വവും വ്യക്തിയും ഒന്നായി ചേര്‍ന്ന സമയത്ത്‌ പൂര്‍വ്വികന്മാര്‍ക്കുണ്ടായ അറിവിനെയാണ്‌ ദര്‍ശനം എന്നു പറയുന്നത്‌. 
ആ ദര്‍ശനം ആവിര്‍ഭവിക്കുന്നത്‌ മന്ത്രരൂപത്തിലാണ്‌. 
അതുകൊണ്ട്‌ നമ്മുടെ ഋഷീവര്യന്മാരെ പറയുന്ന ഒരു പേര്‌ മന്ത്രദൃഷ്ടാക്കള്‍ എന്നാണ്‌. മന്ത്രത്തെ അനുഭവപ്പെടുത്തിയവര്‍, മന്ത്രത്തെ കണ്ടവര്‍...
മന്ത്രത്തെ സൃഷ്ടിച്ചവരല്ല,
വ്യക്തികള്‍ക്ക്‌ ഇവിടെ പ്രാധാന്യമില്ല,ഒരു വ്യക്തി ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ ഇടിഞ്ഞു വീഴുന്നതല്ല ഹിന്ദുമതം.
അതുകൊണ്ട്‌ ഇതിനൊരു നേതാവില്ല,ഇതൊക്കെ ഈ മതത്തിന്റെ ഏറ്റവും വലിയ ഔന്നിത്യമാണ്‌.
ആരെങ്കിലും ഇതിനൊരു നേതാവ്‌ വേണം എന്നു ആഗ്രഹിക്കുന്നുവെങ്കില്‍ അന്ന്‌ ഇതിന്റെ മരണമാണ്‌.
ഒരു നേതാവുണ്ടായിരിക്കുന്ന കാലം ഹിന്ദുമതത്തിന്‌ നാശമാണ്‌.
ആര്‍ക്കും എവിടെ വച്ചും പരീക്ഷിക്കാവുന്നതും പരിശോധിക്കാവുന്നതും എന്നതാണ്‌ ഇതിന്റെ സാര്‍വ്വലൗകികത.
മന്ത്രദൃഷ്‌ടാക്കളായ ഋഷീശ്വരന്മാര്‍ അതതുകാലത്ത്‌ അവര്‍ക്കനുഭവപ്പെട്ട സത്യത്തെ ജിജ്ഞാസുക്കളായ ശിഷ്യര്‍ക്ക്‌ പറഞ്ഞുകൊടുത്തതാണ്‌ വേദങ്ങള്‍.
പല പ്രകാരത്തില്‍ ഓരോരുത്തര്‍ക്കും മനസ്സിലാവുന്ന വിധത്തില്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്‌. ഇങ്ങനെ അങ്ങിങ്ങായി കിടന്ന രത്‌്‌നരാശികളെ ക്രോഡീകരിച്ച്‌ ഋഗ്വേദമെന്നും,യജുര്‍വേദമെന്നും,സാമവേദമെന്നും,അഥര്‍വ്വവേദമെന്നും തിരിച്ച്‌ അവയെ മന്ത്രമെന്നും സംഹിതയെന്നും ബ്രാഹ്മണമെന്നും ആരണ്യകമെന്നും ഉപനിഷത്തുകളെന്നുമൊക്കെ ചിട്ടപ്പെടുത്തി ഇന്നുകാണുന്ന രൂപത്തിലാക്കിയത്‌,വ്യസിച്ചത്‌, വ്യാസനാണ്‌.
വ്യാസന്‍ വേദത്തിന്റെ കര്‍ത്താവാണോ എന്നു ചോദിച്ചാല്‍ അല്ലേ അല്ല.
വ്യാസവിരചിതമല്ല വേദം പൂര്‍വ്വന്‍മാരായ ഒരുപാട്‌ ഋഷീശ്വരന്മാര്‍ക്ക്‌ തത്ത്വവുമായി ചേര്‍ച്ച ഉണ്ടായപ്പോള്‍ വെളിപ്പെട്ടു കിട്ടിയതാണ്‌.
അത്‌ പണ്ട്‌ മാത്രമെ സംഭവിച്ചിട്ടുള്ളൂ?
ഇപ്പോഴില്ലെ?
ഉണ്ട്‌, ഇപ്പോഴുമുണ്ട്‌.
കാലാനുസൃതമായി അതാത്‌ കാലത്ത്‌ ഓരോരോ ആച്യാന്മാര്‍ക്ക്‌ ഈ ദര്‍ശനം ലഭിക്കുന്നുണ്ട്‌. നാരായണ ഗുരുവിന്റെ പ്രകരണഗ്രന്ഥങ്ങളൊക്കെ അദ്ദേഹത്തിന്റെ ദര്‍ശനങ്ങളാണ്‌.
അദ്ദേഹം പ്രപഞ്ചതത്ത്വവുമായി താദാത്മ്യം പ്രാപിച്ച സമയത്ത്‌ അദ്ദേഹത്തില്‍ നിന്നാവിര്‍ഭവിച്ച മന്ത്രങ്ങളാണതൊക്കെ.
അതുപോലെ ശങ്കരാചാര്യസ്വാമികള്‍, വിദ്യാരണ്യസ്വാമികള്‍, തപോവനസ്വാമികള്‍ തുടങ്ങി എത്രയോ മഹാത്മാക്കള്‍ കാലാനുസൃതമായിട്ട്‌ ഈ തത്ത്വത്തെ സഹജരിലേക്ക്‌ ബോധിപ്പിക്കാന്‍ അവരവരുടേതായ രീതിയില്‍,
ഭാഷയില്‍ ഓരോരോ പ്രകരണഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌...........


വേദങ്ങളെ വ്യസിച്ച ശേഷം അവയുടെ താല്‌പര്യത്തെ ഒരു ചിമിഴിലൊതുക്കി വ്യാസന്‍ ബ്രഹ്മസൂത്രം എന്ന കൃതി രചിച്ചിട്ടുണ്ട്‌. 
വ്യാസശിഷ്യനായ ജൈമിനി കര്‍മ്മസൂത്രങ്ങളെ ധര്‍മ്മസൂത്രമെന്ന പേരില്‍ രൂപപ്പെടുത്തിയിട്ടുണ്ട്‌. 
വ്യാസകൃതമായ ബ്രഹ്മസൂത്രം, 
വ്യാസകൃതമായ മഹാഭാരതത്തിലെ ഭഗവത്‌ഗീത,
പ്രധാനപ്പെട്ട 11 ഉപനിഷത്തുകള്‍ ഇവയാണ്‌ പ്രസ്ഥാനത്രയം എന്ന പേരില്‍ അറിയപ്പെടുന്നത്‌. ഇതൊക്കെയൊന്ന്‌ മനസ്സിലാക്കിയിരിക്കുന്നത്‌ നല്ലതാണ്‌.
ഈ പ്രസ്ഥാനത്രയങ്ങളാണ്‌ ഇന്ന്‌ ആശ്രമങ്ങളില്‍ പഠിച്ചും പഠിപ്പിച്ചും പോരുന്നത്‌.
ഉപനിഷദ്‌കാലത്തിനു ശേഷമാണ്‌ ഇതിഹാസകാലം വരുന്നത്‌.
അപ്പോഴാണ്‌ ഇതിഹാസപുരാണങ്ങള്‍ ഉണ്ടാകുന്നത്‌.
ഇതിഹാസങ്ങള്‍ രണ്ടെണ്ണം, മഹാഭാരതവും രാമായണവും.
രണ്ടും വ്യാസന്‍ രചിക്കുന്നുണ്ട്‌.
എഴുത്തച്ഛന്റെ കിളിപ്പാട്ടിന്‌ ആധാരമായ അദ്ധ്യാത്മരാമായണം മൂലം വ്യാസകൃതമെന്നാണ്‌ പറയുന്നത്‌.
വാത്മീകിരാമായണം വേറെയുണ്ട്‌.
അനേകം രാമായണങ്ങള്‍ ഉണ്ട്‌. കമ്പരാമായണം,തുളസീദാസരാമായണം...
വാത്മീകി ആദികവി എന്നു പറയുമ്പോള്‍ നമ്മള്‍ കരുതും ആദ്യമുണ്ടായത്‌ രാമായണമാണെന്ന്‌. കാവ്യത്തിന്റെ ലക്ഷണമനുസരിച്ചാണ്‌ അത്‌ ആദികാവ്യമെന്നു പറയുന്നത്‌.
ആദിയില്‍ ഉണ്ടായത്‌ വേദങ്ങളാണ്‌.
ഓരോ വേദത്തിനും നാലുഭാഗമുണ്ട്
1. മന്ത്രം അഥവാ സംഹിത,
2.ബ്രാഹ്മണം,3.ആരണ്യകം,4.ഉപനിഷത്തുക്കൾ.
ആദ്യ ഭാഗമായ സംഹിതയും ബ്രാഹ്മണവും ചേർന്നതാണ് കർമ്മകാണ്ഡം.
അവസാന ഭാഗമായ ആരണ്യകവും ഉപനിഷത്തും ചേർന്നതാണ് ജ്ഞാനകാണ്ഡം.
എല്ലാറ്റിലും അനേകം ഉപനിഷത്തുക്കളുണ്ട്‌. അതില്‍ പ്രധാനപ്പെട്ടവയാണ്‌ ഈശം, കഠം, കേനം, പ്രശ്‌നം, മുണ്ഡകം, മാണ്ഡൂക്യം, ഐതരേയം, തൈത്തരീയം, ബൃഹദാരണ്യകം, ഛാന്ദോഗ്യം.
ഉപനിഷത്തുകള്‍ക്കും ഭഗവദ്‌ഗീതക്കും ബ്രഹ്മസൂത്രത്തിനും- പ്രസ്ഥാനത്രയങ്ങള്‍ക്ക്‌- ഭാഷ്യം ചമച്ചു എന്നതാണ്‌ ശങ്കരാചാര്യസ്വാമികള്‍ ചെയ്‌ത മഹത്തായ കര്‍മ്മം.
അദ്ദേഹം എന്താണ്‌ ചെയ്‌തത്‌ എന്നു ചോദിച്ചാല്‍ ഒരു ദിവസം കുളിക്കാന്‍ പോകുമ്പോള്‍ മുതല പിടിച്ചു, എന്നിട്ട്‌ സന്യാസിയായി എന്നല്ല.
ഏതെങ്കിലും പ്രതിമ സ്ഥാപിക്കുന്നതുപോലെ അദ്വൈതം സ്ഥാപിച്ചു എന്നു പറഞ്ഞാലും ശരിയാവില്ല.
അദ്വൈതം സ്ഥാപിക്കേണ്ട വിഷയമല്ല.
അത്‌ ഋഷീശ്വരന്മാര്‍ അറിഞ്ഞനുഭവിച്ച സത്യസാക്ഷാത്‌കാരമാണ്‌.
ഈ സത്യത്തെ പറഞ്ഞുകൊടുക്കാനായിട്ട്‌ ആചാര്യസ്വാമികള്‍ പ്രസ്ഥാനത്രയം വ്യാഖ്യാനം ചെയ്‌തത്‌......


നാം പഠിക്കുന്ന വിഷയത്തിന്റെ കാലത്തെ പറ്റിയും സ്ഥാനത്തെ പറ്റിയും ഉള്ള അറിവിലേക്കാണ്‌ ഇത്രയും പറഞ്ഞത്‌. 
ഈ ഇതിഹാസരചനക്കും എത്രയോമുമ്പ്‌ ഉപനിഷത്തുകള്‍ ആവിര്‍ഭവിച്ചിട്ടുണ്ട്‌. 
അതില്‍ പ്രധാനപ്പെട്ട ഒന്നായ മുണ്ഡകോപനിഷത്തില്‍ അംഗിരസ്സ്‌ എന്ന ഋഷിയെ സമീപിച്ച്‌. ശൗലകന്‍ എന്ന ഗ്രഹസ്ഥന്‍- മഹാശാലന്‍ എന്നാണ്‌ പറയുന്നത്‌- സത്യത്തെക്കുറിച്ച്‌ ചോദിക്കുന്നുണ്ട്‌. 
സത്യമറിയാന്‍ സമീപിക്കുന്ന ഗൃഹസ്ഥന്‌ ഗുരുനല്‍കുന്ന ഒരുപാട്‌ ഉദാഹരണങ്ങളും ഉപദേശങ്ങളായ കിളികളുടെയും മറ്റും കഥകളും ഇതില്‍ പറയുന്നുണ്ട്‌.
കൂടുതല്‍ അറിയണമെന്നുള്ളവര്‍ ഗവേഷണത്തിന്‌ താല്‍പര്യമുള്ളവര്‍,
ഈ ഉപനിഷത്തിലെ രണ്ടാം മുണ്ഡകത്തിലെ മൂന്നും നാലും മന്ത്രങ്ങള്‍ ഒന്നു നോക്കിയാല്‍ നന്നായിരിക്കും.
എന്തുകൊണ്ടാണ്‌ ഭഗവദ്‌ഗീത ഉപനിഷദ്‌സാരമാണ്‌ എന്നു പറയുന്നതെന്ന്‌ അപ്പോള്‍ മനസ്സിലാകും.
മധുസൂദനസരസ്വതി രചിച്ച ധ്യാനശ്ലോകത്തില്‍ 'സര്‍വ്വാപനിഷദോ ഗാവോദോഗ്‌ദ്ധ ഗോപാല നന്ദന' എന്ന്‌ നമ്മള്‍ കണ്ടു.
അതിന്‌ ആധാരമാകാന്‍ തക്കവണ്ണം ഉപനിഷത്തില്‍ എന്താണ്‌ പറയുന്നത്‌?
'ധനുര്‍ഗൃഹീത്വാ ഉപനിദം മഹാസ്‌ത്രം'. ഗീതയില്‍ ഒന്നാം അദ്ധ്യാത്തില്‍ തന്നെ മഹാശാസ്‌ത്രത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്‌. ഈ മഹാശാസ്‌ത്രത്തെ സാധകന്‍,
ഉപനിഷത്തിന്റെ വെളിച്ചത്തില്‍ ഗീത പഠിക്കുന്ന ഒരുവന്‍, ഗാണ്ഡീവം എന്നു പേരായ ഏതോ ഒരു വില്ല്‌, അതിലൊരമ്പ്‌, അതില്‍ ഇത്ര സെന്റീമീറ്റര്‍ അല്ലെങ്കില്‍ ഇത്ര ഇഞ്ച്‌ വലുപ്പം എന്നൊക്കെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ എവിടെയും എത്തില്ല.
ഉപനിഷത്ത്‌ ഉദ്‌ഘോഷിക്കുന്ന മഹാശാസ്‌ത്രം ഏതാണ്‌?
ശരംഹ്യുപാസന നിശിതം സദ്ധയീത ആയമ്യ തദ്‌ഭാവചേതസാം ലക്ഷ്യം തദേവാക്ഷരം സോമ്യവിദ്ധി' - ഹേ സൗമ്യ, ലക്ഷ്യത്തെ ഞാന്‍ പറഞ്ഞു തരാം. നീയാകുന്ന ശരത്തെ ഉപാസനയാല്‍ മൂര്‍ച്ച കൂട്ടൂ.
ഉപാസന എന്നു പറഞ്ഞാല്‍ ............


ഉപ = സമീപം 
വസ് = വസിക്കുക 
ഉപവാസം = സമീപത്തു വസിക്കുക 
ഞാൻ എന്റെ തന്നെ സമീപത്തുവസിക്കുന്നതിനെ ഉപവാസമെന്നുപറയുന്നു.
അരിഭക്ഷണമുപേക്ഷിച്ച്‌ ചെറുപയറിന്റെയും കടലയുടെയും നേന്ത്രപ്പഴത്തിന്റെയും റവക്കഞ്ഞിയുടെയും റവഉപ്പുമാവിന്റെയും ഒക്കെ സമീപത്തുപോയുള്ള പോയുള്ള ഇരിപ്പാണല്ലോ നമുക്ക്‌ ഉപവാസം.
നമ്മുടെയൊന്നും ഉപാസനയും ഉപവാസവുമല്ല.........
ചിലർ പറയുന്നതു കേള്‍ക്കാം 'നാളെ ഏകാദശിയാണ്‌,ഉപവാസമാണ്‌,
അരിഭക്ഷണം അയ്യോ!' അരിഭക്ഷണം കഴിച്ചാല്‍ കംപ്ലീറ്റ്‌ പോയ്‌ പോകും.
അത്രയും നിഷിദ്ധമാണ്‌ അരി! അതുകൊണ്ടാണോ അരിക്ക്‌ ശത്രു എന്നുകൂടി അര്‍ത്ഥം വന്നത്‌ എന്നറിയില്ല!
എവിടെ നിന്നാണ്‌ നമുക്കിതൊക്കെ കിട്ടിയത്‌ എന്നാണ്‌ അത്ഭുതം.
"ദേ നാളെ എനിക്ക്‌ ഉപവാസമാണ്‌ ട്ടോ', ഭാര്യ ഭര്‍ത്താവിനോട്‌ പറയും.
അപ്പോള്‍ ഭര്‍ത്താവ്‌ ചോദിക്കും
'അതിനിപ്പോ എന്താ വേണ്ടത്‌?'
'എന്താ വേണ്ടത്‌ എന്നോ? ചോദിക്കുന്ന ചോദ്യം കേട്ടില്ലെ കണ്ണില്‍ ചോരയില്ലാതെ'
പിന്നെയങ്ങ്‌ കൊടുക്കുകയാണ്‌ നീണ്ട ലിസ്റ്റ്‌........
എന്തൊക്കെയാണ്‌? നേന്ത്രപ്പഴം (വലുത്‌), പച്ചക്കായ, ചെറുപയര്‍, കപ്പ, കാച്ചില്‍ എന്നുവേണ്ട പഴനുറുക്കു തുടങ്ങി വിശേഷപ്പെട്ട കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എല്ലാം....
ഇവയുടെ സമീപത്തുള്ള ഇരിപ്പാണ്‌ നമുക്ക്‌ ഉപവാസം.
ഉപ- സമീപേ, വസ്‌- വസിക്കുക. ഇനി ഇവിടുത്തെ ഉപവാസക്കാരി അടുത്ത ഉപവാസക്കാരിയുടെ വീട്ടില്‍ പോയി അവിടുത്തെ പുഴുങ്ങിയ കാച്ചില്‍ ഇങ്ങോട്ടു കൊണ്ടുവരിക, ഇവിടുത്തെ പുഴുക്ക്‌ അങ്ങോട്ട്‌ കൊണ്ട്‌ പോവുക, എന്നിട്ട്‌ അവയെക്കുറിച്ചുള്ള അഭിപ്രയം പറയുക.- ഇതൊക്കെയാണ്‌ ഇന്ന്‌ ഉപവാസമെന്ന പേരില്‍ നടക്കുന്നത്‌. അതല്ല ഉപവാസം.
ഏകാദശി എന്ന വാക്കില്‍ തന്നെയുണ്ട്‌ കാര്യം.
ദശേന്ദ്രിയങ്ങളെ ഏകഭാവത്തിലേക്ക്‌ കൊണ്ടുവരാനുള്ള ഒരു തയ്യാറെടുപ്പാണ്‌ ഏകാദശി.
ദശമുഖനിൽ നിന്ന് ( രാവണൻ ) ദശരഥനിലേക്കുള്ള യാത്ര...
ദശേന്ദ്രിയങ്ങള്‍ക്ക്‌ നാഥനായ, ദശേന്ദ്രിയങ്ങളെ മുഴുവന്‍ പ്രചോദിപ്പിക്കുന്ന,
അതിനെ ചൈതന്യവത്താക്കുന്ന ബോധരൂപനിലേക്ക്‌ ഇന്ദ്രിയങ്ങളെ മുഴുവന്‍ ഏകാഗ്രമാക്കുന്നതിനുള്ള തയ്യാറെടുപ്പ്‌.
നാരായണഗുരുദേവന്റെ ഭാഷയില്‍ പറഞ്ഞാല്‍
'അറിവിലുമേറിയറിഞ്ഞിടുന്നവന്‍ തന്നുരുവിലുമൊത്തുപുറത്തുമുജ്വലിക്കും
കരുവിന്‌ കണ്ണുകളഞ്ചുമുള്ളടക്കി തെരുതെരെ വീണുവണങ്ങിയോതിടേണം'
ഉപനിഷത്തില്‍ പറയുന്നു.
"പരാഞ്ചികാനി വിതൃണത്സ്വയംഭൂ
തസ്‌മാദ്‌ പരാന്‍ പശ്യതി ന അന്തരാത്മന്‍
കശ്ചിത്‌ ധീരാ പ്രത്യഗാത്മാനമൈക്ഷത്‌
ആവൃത്തചക്ഷും: അമൃതത്ത്വമിച്ഛന്‍.
അമൃതത്തെ ആഗ്രഹിച്ചുകൊണ്ട്‌ കണ്ണുകളെ ഉള്ളടക്കുന്ന പ്രക്രിയക്കാണ്‌ ഉപവാസം,
ഏകാദശി എന്നൊക്കെ പറയുന്നത്‌,അതും അരിഭക്ഷണവുമായി യാതൊരു ബന്ധവുമില്ല.
ഭക്ഷണത്തെ ഉപേക്ഷിക്കല്‍,
എന്താണ്‌ അന്നം? അന്നോവൈ മന:- അന്നം മനസ്സാണ്‌.
അന്നമയം ഹി സോമ്യ മന: - കുട്ടീ, അന്നമയമാണ്‌ മനസ്സ്‌ എന്നു ശാസ്‌ത്രം പറയുന്നു.
അതുകൊണ്ട്‌ മനസ്സിനെ ശാന്തമാക്കാന്‍ അന്നത്തെ ഒന്നു അടക്കണം.
അല്ലാതെ കോഴിയിറച്ചിയും ചപ്പാത്തിയും കഴിച്ചിട്ട്‌ ധ്യാനിക്കാന്‍ ഇരുന്നാല്‍ കുറുക്കന്റെ പോലെയാകും ധ്യാനം.....


ഇവിടെ ഉപനിഷത്തുക്കള്‍ പറയുന്നു മഹത്തായ അസ്‌ത്രത്തെ ജപധ്യാനത്തിലൂടെ മൂര്‍ച്ചക്കൂട്ടണം എന്ന്‌. 
അക്ഷരബ്രഹ്മമാണ്‌ ലക്ഷ്യം,
ആ ലക്ഷ്യത്തില്‍ മനസ്സുറപ്പിച്ച്‌ ശരം വലിച്ചുപിടിച്ച്‌ പ്രയോഗിക്കാന്‍ പറയുകയാണ്‌. 
ശാസ്‌ത്രം പഠിക്കുകയാണ്‌ ഇവിടെ വലിച്ചുപിടിക്കല്‍.
ശ്രവണം മനനം, നിതിധ്യാസനം എന്നിവ.
എന്നിട്ട്‌ അംഗിരസ്സ്‌ പറയുന്നു....
പ്രണവോ ധനു: - ഓംകാരമാണ്‌ വില്ല്‌.
ശരോഹി ആത്മ- ഞാന്‍ തന്നെയാണ്‌ ശരം.
ബ്രഹ്മതല്‍ലക്ഷ്യമുച്യതെ- ലക്ഷ്യമായി പറയുന്നത്‌ ബ്രഹ്മമാണ്‌.
വല്ലവന്റെയും നെഞ്ചത്തേക്ക്‌ അമ്പയക്കാനല്ല ധര്‍മ്മയുദ്ധത്തില്‍ പറയുന്നത്‌.
നീ ആ സത്യവുമായി നന്നായി ചേരൂ......
തുടര്‍ന്നു പറയുന്നു,
'അപ്രമത്തേന വേധവ്യം - ശ്രദ്ധയോടെ ശരത്തെ ലക്ഷ്യത്ത്‌ലേക്ക്‌ എയ്‌ത്‌,
ശരവത്‌ തന്മയോ ഭവേത്‌- ആ ശരവും ലക്ഷ്യവും ഒന്നായി തീരട്ടെ.
അംഗിരസ്സ്‌ എന്ന ഋഷി ഗീത ഉണ്ടാക്കുന്നതിനുമുമ്പ്‌ തന്റെ ശിഷ്യനോട്‌ പറഞ്ഞതാണിത്‌.
അപ്പോള്‍ ഭഗവത്‌ഗീതക്കും മുമ്പ്‌ യുദ്ധമുണ്ട്‌,
ഈ ധര്‍മ്മയുദ്ധം,ഋഷീശ്വരന്‍മാര്‍ ഉപയോഗിച്ച ശൈലിയാണ്‌..
ഇത്ര വ്യക്തമായി പറഞ്ഞിട്ടും ഈ യുദ്ധം പുറത്തു തന്നെ വേണമെന്ന്‌,
ചിലര്‍ക്കൊക്കെ എന്താ നിര്‍ബന്ധമെന്നതാണ് മനസ്സിലാകാത്തത്‌.
അടികൂടിയേ മതിയാകൂ എന്നുണ്ടോ?
മറ്റെന്തൊക്കെ പറഞ്ഞാലും അതില്‍ ശാന്തി കിട്ടുമോ എന്നു നോക്കൂ.....
എന്തെങ്കിലും പുതിയതു കിട്ടിയാല്‍ അറിയിക്കൂ.
അതിന്റെ പ്രചാരകനായി കൂടെവരാം സന്തോഷത്തോടെ.....
"തസ്‌മാത്‌ ശാസ്‌ത്രം പ്രമാണം തേ"എന്ന്‌ ഭഗവാന്‍ ഗീതയില്‍ പറയുന്നുണ്ട്‌.
അതുകൊണ്ട്‌ നാം പറയുന്ന കാര്യങ്ങള്‍ക്ക്‌ ശാസ്‌ത്രം പ്രമാണമായി വരണം.
ഏതെങ്കിലുമൊരു അടിസ്ഥാനമുണ്ടാകണം.
ആ ടീച്ചർ പറഞ്ഞു, ഈ ഡോക്ട്ടർ പറഞ്ഞു...
ഈ പറയുന്നവർ ഗുരു മുഖത്തുനിന്നു വിധിയാവണ്ണം വല്ല ധർമ്മശാസ്ത്രം പഠിച്ചവരാണോ?
നിയമം പഠിച്ചവർ വക്കീലാവുന്നു. ശരീര ശാസ്ത്രം പഠിച്ചവരാണല്ലൊ ഡോക്ട്ടർ ആവുന്നത്‌,
ആധ്യാത്മിക ശാസ്ത്രം പറയുന്നിടത്ത് യോഗ്യത താടിയുടെ നീളവും,
ഒറ്റയിരിപ്പിനു എത്ര പേർക്ക് ദർശനം കൊടുക്കും എന്നതിനനുസരിച്ചിരിക്കും.
ഈ വിഷയത്തിൽ ഇതാണവസ്ഥ "വാളെടുക്കുന്നവൻ വെളിച്ചപ്പാട്‌"
എന്തെങ്കിലും പറഞ്ഞാലുടനെ ചോദിക്കും,
അപ്പോള്‍ ഈ പുസ്‌തകത്തിലിങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ,
ആ പുസ്‌തകത്തില്‍ അങ്ങിനെയാണല്ലോ?
ഈ പുസ്‌തകത്തില്‍ ഇങ്ങിനെ പറഞ്ഞിട്ടില്ലല്ലോ?
അതൊക്കെ വിട്ടേക്കൂ.
നമുക്ക് പ്രമാണമായി സ്വീകരിക്കാനുള്ളതു ഉപനിഷത് ഋഷിമാരും,വ്യാസരും,വാത്മീകിയും,
ശ്രീ ശങ്കരനും, ശ്രീ നാരായണ ഗുരു മുതലായിട്ടുള്ളവരാണു......
ശാന്തമായി ഇരുന്ന്‌ ഗീതയെ ആവാഹിക്കാന്‍,
ഗീതയെ സ്വന്തമാക്കാന്‍ തയ്യാറാണെങ്കില്‍ ഈ ഒന്നാമത്തെ ശ്ലോകം മാത്രം മതി.
ഇങ്ങനെ ക്രമത്തില്‍ നമുക്ക്‌ ധൃതരാഷ്ട്രര്‍ പറഞ്ഞതും സഞ്‌ജയന്‍ പറഞ്ഞതും അര്‍ജ്ജുനന്‍ പറഞ്ഞതും ഭഗവാന്‍ പറഞ്ഞതുമായ 701 ശ്ലോകങ്ങളും സ്വന്തമാക്കി പോകാം.....
നമുക്ക്‌ ഗീതയായി ഭവിക്കാം,
അതുകഴിഞ്ഞാല്‍ ഈ കിതാബ്‌ നമുക്ക്‌ വലിച്ചെറിയാം,
പിന്നെ നിങ്ങളാണ്‌ ഗീത,
കാരണം ധ്യാനശ്ലോകത്തില്‍ പറഞ്ഞു കഴിഞ്ഞു എണ്ണ എണ്ണക്കുവേണ്ടിയല്ല നിലകൊള്ളുന്നത്‌,
പിന്നെയോ ?
പ്രകാശത്തിനുവേണ്ടിയാണ്‌....
ഗ്രന്ഥം ഗ്രന്ഥത്തിനുവേണ്ടിയല്ല അത്‌ അറിയിക്കുന്ന സത്യത്തിനു വേണ്ടിയാണ്‌,
അതിന്റെ സാക്ഷാത്‌ക്കാരത്തിനായാണ്‌.......
ലക്ഷ്യം തരണം ചെയ്യാൻ സഹായിക്കുന്നത്,പോള്‍വാള്‍ട്ട്‌ ഓര്‍ത്തുകൊള്ളുക.
ഈ പുസ്‌തകങ്ങളൊക്കെ പോള്‍ ആണ്‌......
കുതിച്ചു ചാടുന്നതിനു വേണ്ട കരുത്ത്‌ ഇതില്‍ നിന്നു കിട്ടും....
സംശയം വേണ്ട......


ഭഗവദ്‌ഗീത ശാന്തിയെ പ്രദാനം ചെയ്യുന്ന ശാസ്‌ത്രമല്ല. 
"അശാന്തിയുടെ ശാസ്‌ത്രമാണ്‌". 
നമുക്ക്‌ വേണ്ടപ്പെട്ടൊരു സാധനം നഷ്ടപ്പെട്ടാല്‍ നാം ശാന്തരാകുമോ? അശാന്തരാകുമോ? 
നല്ല ശാന്തി കാണുന്നുണ്ടല്ലോമുഖത്ത്‌,
ങാ, എന്റെ രത്‌നമോതിരം കളഞ്ഞു പോയി.
ഇങ്ങിനെ ആരെങ്കിലും പറയുമോ? ഇല്ല.
അതു കണ്ടു കിട്ടുന്നതു വരെ നാം ശാന്തരായി ഇരിക്കില്ല.......
എന്തുകൊണ്ടാണ്‌ ഇങ്ങനെ പറയുന്നത്‌ എന്നാല്‍,
ഇത്രയും കാലം എന്നെത്തന്നെയാണ്‌ ഞാന്‍ നഷ്ടപ്പെടുത്തിയതെന്നറിയുമ്പോഴോ?
ഞാൻ അശാന്തനാകുന്നു.
പിന്നെ എന്നെ വീണ്ടെടുക്കാനുള്ള ഒരു ഊര്‍ജ്ജിതശ്രമമാണ്‌.
ഒരുപാട്‌ വഴികളിലങ്ങിനെ പോയി,
ആ വഴി കുറെ പോയി, അവരങ്ങനെ പറഞ്ഞു അവിടേക്കോടി,
പിന്നെ ഇവിടേക്കോടി,
ഇങ്ങിനെ ഭ്രാന്തൻ നായയെ പോലെ അലഞ്ഞുനടന്നിട്ട്‌ ഒരു കാര്യവുമില്ല.
ഇവിടെ പറയുന്നതില്‍ എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍,
സംഘര്‍ഷങ്ങളുണ്ടാകുന്നുണ്ടെങ്കില്‍ ഇത്‌ ശ്രദ്ധിക്കാതിരിക്കൂ.
കൂട്ടത്തില്‍ പറയട്ടെ,
ആ ഓട്ടമാണ്‌ ഈ പഠനം,
ആ അശാന്തിയുടെ പേരാണ്‌ അദ്ധ്യാത്മികം..
ആ അശാന്തിയാണ്‌ ഇവിടുത്തെ വിഷാദം.
അതാണ്‌ നമ്മെ യോഗത്തിലേക്ക്‌ കൊണ്ടുപോകുന്നത്‌.
അതിനെ അദ്ധ്യാത്മികമെന്നു പേരു ചൊല്ലാം.
ഭൗതികമായ വിഷയങ്ങള്‍ക്കു പുറകേയുള്ള ഓട്ടത്തില്‍ നിന്നുള്ള അശാന്തി വിട്ടേക്കൂ.
അതിന്റെ ഫലം എന്നും അശാന്തി തന്നെയാകും.
അത്‌ ഭൗതികമായ അശാന്തി, ഇത്‌ അദ്ധ്യാത്മികമായ അശാന്തി.
ഇത്രയും പറഞ്ഞത്‌ അതിലേക്കും ഇതിലേക്കുമൊന്നും നമ്മുടെ ശ്രദ്ധപേകാതെ
നാം പഠിക്കുന്ന ശാസ്‌ത്രത്തിലേക്ക്‌ ശ്രദ്ധ തിരിയുന്നതിനായാണ്‌.
" ശ്രദ്ധാവാൻ ലഭതെ ജ്ഞാനം " ശ്രദ്ധയുള്ളവന് അറിവ് ലഭിക്കുന്നു.......

രാഷ്ട്രം എന്നു പറഞ്ഞാല്‍ - രാജതി ഇതി രാഷ്ട്ര:. ശോഭിക്കുന്നതുകൊണ്ട്‌ രാഷ്ട്രം. 
രാജ്യത്തില്‍ രാജാവ്‌ എങ്ങിനെ ശോഭിക്കണം?
രാജാവിന്റെ കീർത്തിയാണ് പ്രജകളിലൂടെ പ്രകാശിക്കേണ്ടത്‌.
ഇപ്പോൾ രാജാവിന്റെ ദുഷ് കീർത്തിയാണ്‌ പ്രജകളെ അന്ധകാരത്തിലാക്കുന്നത്.
ഓരോ പ്രജയിലും തന്നെ കാണണം.
ആധുനിക രാജാവ് ഓരോ പ്രജയുടെയും പോക്കറ്റാണു നോക്കുന്നത്!
ആധുനിക മന്ത്രിക്കും കുടുംബത്തിനും ഒരു നിയമം.
നിയമമുണ്ടാക്കുന്നത് നിയമ മന്ത്രി അത് കാറ്റിൽ പറത്തുന്നത് മന്ത്രിയും കുടുംബവും.
പ്രജകൾ ചോദിച്ചാൽ മന്ത്രിയുടെ മറുപടി നിയമം നിയമത്തിന്റെ വഴിക്ക് പോകും.
ചരിത്ര പുസ്തകതാളുകളിളല്ല ധൃതരാഷ്ട്രന്മാരെ നോക്കേണ്ടത്,
നമുക്ക് ചുറ്റും കണ്ണോടിച്ചാൽ കാണാവുന്നതാണ്..
ധൃതരാഷ്ട്രന്‍ എന്നതിന്‌ പൂര്‍ണ്ണമായ തെളിവ്‌ അദ്ദേഹത്തിന്റെ ഒന്നാമത്തെ ഈ ചോദ്യം തന്നെയാണ്‌.
മാമകാ: എന്നും,പാണ്ഡവാ: എന്നും പ്രയോഗിച്ചതിലൂടെ ഈ വേര്‍തിരിവ്‌ വ്യക്തമാവുകയാണ്‌. ജ്യേഷ്‌ഠാനുജ പുത്രന്‍മാരാണ്‌,ആ നിലക്ക്‌ സ്വന്തം സഹോദരന്റെ മക്കളെ വേറെ കാണുന്നു. അപ്പോള്‍ പിന്നെ മറ്റു പ്രജകളുടെ സ്ഥിതി എന്താവും?
രാജന്‍ രഞ്‌ജിപ്പിക്കുന്നവനാണ്‌;
മുഴുവന്‍ പ്രജകളെയും രാജ്യത്തെ മുഴുവന്‍ പ്രചോദിപ്പിക്കുന്ന,
രാഷ്ട്രത്തിലെ ഓരോരുത്തര്‍ക്കും ആവശ്യമായതിനെയൊക്കെ പ്രദാനം ചെയ്യുന്നവനായിരിക്കണം രാജാവ്‌.
സഞ്‌ജയന്‍ ആരാണെന്നു പറഞ്ഞു.
സഞ്‌ജയതി ഇതി സഞ്‌ജയഃ - നല്ലവണ്ണം ജയിച്ചവന്‍.
സഞ്‌ജയനാണ്‌ ഗീത പറയുന്നത്‌.
അങ്ങനെയൊരാള്‍ക്കെ ഇത്‌ പറയാന്‍ സാധിക്കൂ.
എങ്ങിനെ ജയിച്ചു?
ബാഹ്യമായവയില്‍ ഞാനെന്ന ബുദ്ധിയെ വെടിഞ്ഞു.
സഞ്‌ജയനിലൂടെ ധൃതരാഷ്ട്രന്‍ കാര്യങ്ങളറിയുന്നു.
തുടര്‍ന്നു നാം രണ്ട്‌ ക്ഷേത്രങ്ങളെ പരിചയപ്പെട്ടു.
കുരുക്ഷേത്രവും ധര്‍മ്മക്ഷേത്രവും.
എന്താണ്‌ കുരുക്ഷേത്രം? കരുണാം കരണാനാം ക്ഷേത്രം.
കരണങ്ങളുടെ, ഇന്ദ്രിയങ്ങളുടെ ഇരിപ്പിടം.
ക്ഷേത്രം എന്നു പറഞ്ഞാല്‍ ക്ഷയിക്കുന്നതാണ്‌;
ക്ഷീയതേ ഇതി ക്ഷേത്രം. നശിക്കുന്നതാണ്‌ എല്ലാ ക്ഷേത്രങ്ങളും.
ക്ഷേത്രത്തിന്‌ അനേകം അര്‍ത്ഥങ്ങളുണ്ട്‌.
വയല്‍ എന്നു പറഞ്ഞാല്‍ ക്ഷേത്രമാണ്‌.
സ്ഥലത്തിന്‌ ക്ഷേത്രമെന്നു പറയും.
ക്രീഡാക്ഷേത്രം എന്നു പറഞ്ഞാല്‍ കളിക്കളം.
അന്നക്ഷേത്രം ഭക്ഷണം കഴിക്കുന്ന ഇടം........



Wednesday, March 25, 2015

ഭഗവത് ഗീത -2 Swami Sandeepananda Giri

ഭഗവത് ഗീത -2 Swami Sandeepananda Giri

അണിനിരത്തിയ പാണ്ഡവ സൈന്യത്തെ കണ്ട്‌ ദുര്യോധനന്‍ പറയുന്ന വാക്കുകളോടെയാണ്‌ സഞ്‌ജയന്‍ തുടങ്ങുന്നത്‌. 
സഞ്‌ജയന്‍ പറയുന്നു,രാജാവെന്നു തോന്നുമാറ്‌ ദുര്യോധനന്‍ ആചാര്യനെ സമീപിച്ച്‌ സംസാരിച്ചു. 
പാണ്ഡവര്‍ വിന്യസിച്ച സൈന്യത്തെ കണ്ടിട്ട്‌ രാജാവായ ദുര്യോധനന്‍ പറഞ്ഞു എന്നാണ്‌ ആദ്യ വരി. അതൊരു തെറ്റായ പ്രയോഗമാണ്‌. 
അതു വ്യാസന്‍ അറിഞ്ഞുതന്നെ പ്രയോഗിച്ചിരിക്കുന്നതുമാണ്‌.
ദുര്യോധനന്‍ രാജാവല്ല.
പക്ഷെ ദുര്യോധനന്റെ ഭാവം അങ്ങിനെയാണ്‌.
അഹംങ്കാരം വന്നു കൂടിയാല്‍ അങ്ങിനെ ഉണ്ടാകുമെന്നാണ്‌.
ഞാന്‍ കേമനാണ്‌ എന്ന ഭാവം വരും എനിക്ക്‌ സദൃശ്യനായിട്ട്‌ ആരുമില്ല എന്നു തോന്നും. 'ഞാന്‍ സുഖിമാനാണ്‌, ആരുണ്ട്‌ എന്നോട്‌ ചോദിക്കാന്‍?
ഇന്ന്‌ ഞാനവനെ ശരിയാക്കും.
നാളെ മറ്റവനെയും ശരിയാക്കും.
കുറെ പേരുടെ ലിസ്‌റ്റ്‌ എടുത്തു വച്ചിട്ടുണ്ട്‌. ഒന്നു വിരല്‍ ഞൊടിച്ചാല്‍ മതി'
എന്നൊക്കെ പറയും.
രാജാവെന്ന ഭാവത്തിലങ്ങിനെ നില്‌ക്കും. വകയിലൊരമ്മാവന്‍ പോലീസാണെങ്കില്‍ നമുക്കൊക്കെ ഉണ്ടാവുന്ന ഒരു ഗാംഭീര്യമില്ലെ,
അതു തന്നെ ഇത്‌.
ഒരിക്കല്‍ ഒരാള്‍ ഓവർസ്പീടിൽ കാറോടിച്ചു പോകുമ്പോള്‍ പോലീസ്‌ പിടിച്ചു
അയാൾ ഗ്ലാസ്സു പോലും താഴ്‌ത്താതെ അങ്ങിനെ വണ്ടിയിൽ ഇരിക്കുകയാണ്.
പോലീസ്‌ ലൈസന്‍സ്‌ ചോദിച്ചു.
അയാൾ ഉടനെ തുടങ്ങി........
ഞാനാരാണെന്നറിയാമോ?
പോലീസ്‌: അറിയില്ല.
ഞാൻ .......
സി.എം. എന്റെ അതാണ്‌, ഇതാണ്‌,
ഞാൻ HM ന്റെ അയാളിന്റെ ഇയാളാണ്‌.
K.M എന്റെ അയാളാണ്‌...' എന്നൊക്കെ..............
പോലീസുകാരന്‍ ചോദിച്ചു, നിങ്ങൾക്ക് P.C.V യെ അറിയുമോ?'
'ഇല്ല'
ആരാണത് ?
'ആ....അതു ഞാനാണ്‌. പി.സി. വേലായുധൻ
വേഗം ഫൈന്‍ അടച്ചു പോയ്‌ക്കോ........
ദുര്യോധനന്‍ നമ്മില്‍ വന്നുകഴിഞ്ഞാല്‍ നമ്മളും ഇങ്ങനെ ആളാവാനുള്ള ശ്രമം നടത്തും.
ആസുരികഭാവം എങ്ങനെയാണ്‌ ഒരുവനെകൊണ്ട്‌ കര്‍മ്മം ചെയ്യിക്കുന്നത്‌ എന്ന്‌ പറയുകയാണ്‌. 


സഞ്‌ജയന്‍ പറയുന്നു.........
യുദ്ധഭൂമിയില്‍ യുദ്ധത്തിനായി ഇരുപക്ഷവും അണിനിരന്നു നില്‍ക്കുമ്പോള്‍ ക്രമവിരുദ്ധമായി ഒരാള്‍ മറ്റൊരാളെ സമീപിക്കുകയാണിവിടെ. 
എന്നിട്ട്‌ പറയുന്ന കാര്യം കൂടി കേട്ടുകഴിയുമ്പോള്‍ ദുര്യോധനത്വം ശരിക്കും മനസ്സിലാകും. 
ചില സമയത്ത്‌ നമുക്കും ഇങ്ങിനെയൊക്കെ തോന്നും.
നമുക്ക്‌ അല്‍പം സ്വാധീനമൊക്കെ ഉള്ളിടത്ത്‌ എന്തെങ്കിലും പരിപാടി നടക്കുമ്പോഴൊക്കെ പ്രത്യേകിച്ചും. ചില ഉദാഹരണങ്ങള്‍ പറയുമ്പോള്‍ വിഷമമൊന്നും തോന്നരുത്‌.
മനസ്സിലാക്കാന്‍ വേണ്ടിമാത്രം പറയുന്നതാണ്‌. പരിപാടി നടന്നുകൊണ്ടിരിക്കെ സ്റ്റേജിലേക്ക്‌ എങ്ങിനെയെങ്കിലും കേറണമെന്നു തോന്നും ചിലര്‍ക്ക്‌. ഈ പരിപാടി നടത്തിപ്പിന്റെ വേണ്ടപ്പെട്ട ഒരാളാണ്‌ ഞാന്‍ എന്ന്‌ മറ്റുള്ളവരെ അറിയിക്കണം അവര്‍ക്ക്‌, അതിനായിട്ടാണാണ്‌ ഈ സ്റ്റേജില്‍ കയറ്റം. ഉള്ളില്‍ നിന്ന്‌ ഇങ്ങിനെ വല്ലാതെ തോന്നുമ്പോഴാണ്‌ നിലവിളക്കിലെ തിരി അല്‍പ്പം മങ്ങിയതായി കണ്ടെത്തുക. ഉടനെ ഈ വിദ്വാന്‍ എണ്ണക്കുപ്പിയുമായി കയറും. എന്നിട്ട്‌ തിരിയൊക്കെ നേരെയാക്കിയിട്ട്‌ ഇറങ്ങും. അപ്പോള്‍ നമ്മള്‍ മനസ്സിലാക്കികൊള്ളണം, ഒന്നുമല്ലാത്ത ആള്‍ക്ക്‌ സ്‌റ്റേജില്‍ കയറി ഇങ്ങിനെ തിരി നേരെയാക്കാന്‍ പറ്റില്ലല്ലോ എന്ന്‌. സ്വാമിക്കുണ്ടായ ഒരനുഭവം പറയാം, ഒരിടത്ത്‌ യജ്ഞം നടത്തികൊണ്ടിരിക്കുകയാണ്‌. അങ്ങിനെ സംസാരിച്ച്‌ വരുമ്പോഴാണ്‌ പിന്നില്‍ വന്നു നിന്ന്‌ ഒരു ചോദ്യം
സ്വാമീ..., രാത്രി കഴിക്കാനെന്താ?
പൊറോട്ടയോ ചപ്പാത്തിയോ?
അതുപോലെ ഇവിടെ ആചാര്യനടുത്ത്‌ ചെന്ന്‌ ദുര്യോധനന്‍ പറയുകയാണ്‌,
അല്ലയോ ആചാര്യരേ,
അങ്ങയുടെ ശിഷ്യനും ബുദ്ധിമാനും ദ്രുപദന്റെ പുത്രനുമായിട്ടുള്ളവനാല്‍ അണിനിരത്തപ്പെട്ട പാണ്ഡു പുത്രന്‍മാരുടെ മഹത്തായ സൈന്യത്തെ കണ്ടാലും' എന്ന്‌.
ആചാര്യരെ എന്നാണ്‌ സംബോധന. ശാസ്‌ത്രങ്ങളില്‍ പറഞ്ഞിരിക്കുന്നതിനെ ആചരിച്ചുകാണിക്കുന്നവനാണ്‌ ആചാര്യന്‍. ദുര്യോധന ബുദ്ധിയുടെ വ്യക്തമായ പ്രകടനമാണീ വാചകത്തില്‍ നിറയെ. ധൃഷ്ടദ്യുമ്‌നനാല്‍ അണിനിരത്തപ്പെട്ട പാണ്ഡവസൈന്യത്തെ കണ്ടാലും എന്ന്‌ നേരിട്ട്‌ പറയാം, അതിനു പകരം 'അങ്ങയുടെ ശിഷ്യന്‍, ബുദ്ധിമാന്‍, ദ്രുപദപുത്രന്‍' എന്നൊക്കെ പറയുമ്പോള്‍ അതിനു പിറകില്‍ ചില താല്‌പര്യങ്ങളുണ്ട്‌. അങ്ങയുടെ ശിഷ്യനാണ്‌, അവനു ബുദ്ധിയുണ്ട്‌. എന്നു പറഞ്ഞാല്‍ അങ്ങേക്ക്‌ ബുദ്ധി കുറവാണ്‌ എന്നര്‍ത്ഥം. എന്തുകൊണ്ടാണ്‌ ഇങ്ങിനെ പറയുന്നത്‌?


സഞ്ജയ ഉവാച 
ദൃഷ്ട്വാ തു പാണ്ഡവാനീകം വ്യൂഢം ദുര്യൊധനസ്തദാ 
ആചാര്യമുപസംഗമ്യ രാജാ വചനമബ്രവീത്. ( 2 )
പശൈയ്താം പാണ്ഡുപുത്രാണാം ആചാര്യ മഹതീം ചമൂം
വ്യൂഢാം ദ്രുപദപുത്രേണ തവ ശിഷ്യേണ ധീമതാ. ( 3 )
ആചാര്യനടുത്ത്‌ ചെന്ന്‌ ദുര്യോധനന്‍ പറയുകയാണ്‌,
അല്ലയോ ആചാര്യരേ,
അങ്ങയുടെ ശിഷ്യനും ബുദ്ധിമാനും ദ്രുപദന്റെ പുത്രനുമായിട്ടുള്ളവനാല്‍ അണിനിരത്തപ്പെട്ട പാണ്ഡു പുത്രന്‍മാരുടെ മഹത്തായ സൈന്യത്തെ കണ്ടാലും'
ആചാര്യരെ എന്നാണ്‌ സംബോധന.
ശാസ്‌ത്രങ്ങളില്‍ പറഞ്ഞിരിക്കുന്നതിനെ ആചരിച്ചുകാണിക്കുന്നവനാണ്‌ ആചാര്യന്‍. ദുര്യോധന ബുദ്ധിയുടെ വ്യക്തമായ പ്രകടനമാണീ വാചകത്തില്‍ നിറയെ.
ധൃഷ്ടദ്യുമ്‌നനാല്‍ അണിനിരത്തപ്പെട്ട പാണ്ഡവസൈന്യത്തെ കണ്ടാലും എന്ന്‌ നേരിട്ട്‌ പറയാം, അതിനു പകരം 'അങ്ങയുടെ ശിഷ്യന്‍, ബുദ്ധിമാന്‍, ദ്രുപദപുത്രന്‍' എന്നൊക്കെ പറയുമ്പോള്‍ അതിനു പിറകില്‍ ചില താല്‌പര്യങ്ങളുണ്ട്‌.
അങ്ങയുടെ ശിഷ്യനാണ്‌, അവനു ബുദ്ധിയുണ്ട്‌.
എന്നു പറഞ്ഞാല്‍ അങ്ങേക്ക്‌ ബുദ്ധി കുറവാണ്‌ എന്നര്‍ത്ഥം.
എന്തുകൊണ്ടാണ്‌ ഇങ്ങിനെ പറയുന്നത്‌?
ധൃഷ്ടദ്യുമ്‌നന്‍ ജനിച്ചതേ ദ്രോണരെ കൊല്ലാണ്‌.
ദ്രുപദനും ദ്രോണരും ഭരദ്വാജാശ്രമത്തില്‍ സഹപാഠികളായിരുന്നു.
ഇന്ന്‌ പത്താം ക്ലാസ്സ്‌ കഴിയുമ്പോള്‍ 'നീയെന്നെ മറന്നാലും ഞാന്‍ നിന്നെ മറക്കില്ല' എന്നൊക്കെ ഓട്ടോഗ്രാഫില്‍ എഴുതുന്ന പോലെ അന്ന്‌ പഠനം കഴിഞ്ഞു പോകുമ്പോള്‍ ദ്രുപദന്‍ ദ്രോണരോട്‌ പറഞ്ഞിരുന്നു. ഞാന്‍ രാജാവാകുമ്പോള്‍ എന്നെകാണാന്‍ വരണം, എന്റെ പകുതി രാജ്യം ഞാന്‍ തരാം എന്നൊക്കെ. ദ്രോണര്‍ പല ചെറിയ രാജ്യങ്ങളിലും കുട്ടികളെ പഠിപ്പിക്കാന്‍ പോയി. വലിയ ദാരിദ്ര്യമായിരുന്നു. ഒരിക്കല്‍ ഒരു രാജ്യത്ത്‌ ദ്രോണന്റെ ശിഷ്യരായ കുമാരന്‍മാര്‍ ദ്രോണരുടെ മകന്‍ അശ്വത്ഥാമാവിനെ അരിമാവ്‌ കലക്കിക്കൊടുത്ത്‌ പാലാണെന്നു പറഞ്ഞു കളിപ്പിച്ചു. അത്‌ ഗുരുനിന്ദയായി കണ്ട്‌ അവിടം വിട്ട ദ്രോണര്‍ യാത്രാമദ്ധ്യേ ദ്രുപദനെ കാണാന്‍ ചെന്നു. പഴയ വാഗ്‌ദാനം ഓര്‍മ്മിച്ച്‌ പാതിരാജ്യം ചോദിക്കാന്‍ വന്നതാണ്‌ ദ്രോണന്‍ എന്നു കരുതിയ ദ്രുപദന്‍ അദ്ദേഹത്തെ അപമാനിച്ചു. അവിടെ നിന്ന്‌ ഇറങ്ങി നടക്കുമ്പോഴാണ്‌ കൗരവപാണ്ഡവാദികളെ കാണുന്നതും ഭീഷ്‌മരുടെ നിര്‍ദ്ദേശ പ്രകാരം അവരുടെ ആചാര്യനാകുന്നതും....


പഴയ അപമാനം മറക്കാതിരുന്ന ദ്രോണര്‍ ദ്രുപദനെ പിടിച്ച്‌കെട്ടി കൊണ്ടുവരാനാണ്‌ ഗുരുദക്ഷിണയെന്ന നിലയില്‍ അര്‌ജ്ജുനനോട്‌ ആവശ്യപ്പെടുന്നത്‌. 
അര്‍ജ്ജുനന്‍ ദ്രുപദനെ കീഴടക്കി,
ദ്രുപദന്‍ ദ്രോണരുടെ മുന്നില്‍ മാപ്പ്‌ ചോദിപ്പിക്കുന്നു. 
അതിനു പകരം വീട്ടാനായി ദ്രുപദന്‍ നടത്തിയ യാഗത്തില്‍ നിന്നാണ്‌ ദ്രോണനെ വധിക്കാനായി ധൃഷ്ടദ്യുമ്‌നനും അര്‌ജ്ജുനനെ ഭര്‍ത്താവാക്കി ദ്രുപദപക്ഷത്തു ചേര്‍ക്കാനായി ദ്രൗപദിയും ജനിക്കുന്നത്‌.
ഈ കഥ ലോകര്‍ക്ക്‌ മുഴുവനും അറിയാം. 
അങ്ങിനെ ഒരാള്‍ക്കാണ്‌ ദ്രോണന്‍ ആയുധവിദ്യ അഭ്യസിപ്പിച്ച്‌ കൊടുക്കുന്നത്‌. 
അപ്പോള്‍ ധൃഷ്ടദ്യുമ്‌നന്‍ ബുദ്ധിമാനാണ്‌ എന്ന്‌ ദുര്‍്യോധനന്‍ ഓര്‍മ്മിപ്പിക്കുകയാണ്‌. 
കാരണം അങ്ങയെ വകവരുത്താനുള്ള വിദ്യ അങ്ങയില്‍ നിന്ന്‌ തന്നെ പഠിച്ചു. 
അങ്ങാണെങ്കില്‍ ദീര്‍ഘവീക്ഷണവില്ലാതെ അതൊക്കെ പഠിപ്പിച്ച്‌ കൊടുക്കുകയും ചെയ്‌തു. 
ഒപ്പം ദ്രുപദപുത്രനെന്നത്‌ എടുത്തു പറയുകയും കൂടി ചെയ്യുന്നു. 
അങ്ങയുടെ ശത്രു നമ്പര്‍ വണ്ണിന്റെ മകന്‍. 
നമ്മളും ചിലരുടെ അടുത്ത്‌ ചെന്ന്‌ പറയും. 
'ആരാ നിങ്ങടെ മോന്റെ പുതിയ കൂട്ട്‌ എന്നറിയുമോ? 
ഇന്ന ആളുടെ മോനാ!'.
'ങാഹാ എന്നാല്‍ ചോദിച്ചിട്ടു തന്നെ കാര്യം' 
എന്നാകും അവര്‍. 
എന്ത്‌ ഓര്‍മ്മപ്പെടുത്തിയാലാണ്‌ ഇയാളുടെ വീര്യം ഉണരുക എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ സംഭാഷണം. 
പക ആളിക്കത്തിക്കാന്‍ പോന്ന വാക്കുകളാണ്‌ ഇവിടെ ദുര്യോധനന്‍ പറയുന്നത്‌.
ഇതില്‍ മറ്റുചിലതു കൂടെ കാണാനാകും, താത്ത്വികമായി നോക്കിയാല്‍. 
വൃക്ഷം കൊടിയടയാളമായിട്ടുള്ള ആളാണ്‌ ദ്രുപദന്‍. 
ഇളക്കമില്ലാത്തവനാണെന്നാണ്‌ അര്‍ത്ഥം.
കൊടി അവരുടെ സ്വഭാവത്തെ പ്രകടമാക്കും. 
ഇന്നും അങ്ങിനെ തന്നെയാണ്‌ രാഷ്ട്രീയ പാര്‍ട്ടികളുടെയും സര്‍ക്കാരിന്റെയുമൊക്കെ കൊടികള്‍വെച്ച ചില കാറുകള്‍ കാണുമ്പോഴേ നാം സൈഡാകും. 
ഉറച്ച നില്‍പ്പാണ്‌ ആദ്യം തന്നെ ദുര്യോധനന്‍ എതിര്‍പക്ഷത്തു കാണുന്നത്‌. 
അതിനുകാരണം ഇവിടെ സത്യം നിലനില്‍ക്കുന്നു എന്നതാണ്‌. 
ഏത്‌ അധര്‍മ്മിക്കും സത്യം കണ്ടാല്‍ തിരിച്ചറിയാം.
ശത്രുപക്ഷത്തെ ഓരോരുത്തരെ ആയി ദുര്യോധനന്‍ പരിചയപ്പെടുത്തുകയാണ്‌. 
മഹേഷ്വാസ: എന്നാണ്‌ പറയുന്നത്‌, വലിയ വില്ലേന്തിയവര്‍, വലിയ വില്ലേന്തിയ ശൂരന്‍മാരായ മഹാരഥികളെയാണ്‌ ശത്രുപക്ഷത്ത്‌്‌ ദുര്യോധനന്‍ കാണുന്നത്‌. എന്താണ്‌ വലിയ വില്ല്‌? ഉപനിഷത്ത്‌ വലിയ വില്ലിനെക്കുറിച്ച്‌ പറയുന്നുണ്ട്‌.. 
"പ്രണവൊ ധനു: ശരോഹ്യാത്മാ ബ്രഹ്മ തല്ലക്ഷ്യമുച്യതെ 
അപ്രമത്തെന വേദ്ധവ്യം ശരവത്‌ തന്മയോ ഭവേത് "
പ്രണവമാണ്‌ ധനുസ്സ്‌ ,ഓംകാരമാണ്‌ ആ വില്ല്‌,ശരം നാം തന്നെ,ലക്ഷ്യം ബ്രഹ്മം. 
ബ്രഹ്മമാകുന്ന ലക്ഷ്യത്തിലെക്ക്‌ പ്രണവമാകുന്ന വില്ലില്‍നിന്നുള്ള നമ്മുടെ സഞ്ചാരമാണ്‌ പറയുന്നത്‌. 
അവസാനം ശരവും ലക്ഷ്യവും ഒന്നായിത്തിരണം.
അതാണ്‌ ആദ്ധ്യത്മികമായ യുദ്ധത്തിലെ ആയുധം. 
അതാണ്‌ ധര്‍മ്മയുദ്ധം,ധര്‍മ്മത്തെ സ്ഥാപിക്കാന്‍ വേറൊരു യുദ്ധവുമില്ല. 
അല്ലാതെ ആയുധങ്ങള്‍ കൊണ്ടു നടത്തിയിട്ടുള്ള ഒരു യുദ്ധവും ലോകത്ത്‌ ഒരാള്‍ക്കും ഒരുകാലത്തും ശാന്തിയും ധര്‍മ്മവും കൊടുത്തിട്ടില്ല; ദുഖം മാത്രമെ നല്‍കിയിട്ടുള്ളൂ. അങ്ങിനെയുള്ള വലിയ വില്ലേന്തിയ മഹാരഥന്മാര്‍ ഭീമനും അര്‍ജ്ജുനനും സമന്മാരാണ്‌ എന്നാണ്‌ പറയുന്നത്‌. 
ഭീമന്‍ മഹത്തായ കര്‍മ്മത്തേയും അര്‍ജ്ജുനന്‍ ഋജുത്വത്തിന്റയും പ്രതീകമാണെന്ന്‌ മുമ്പ്‌ പറഞ്ഞു.
ആരൊക്കെയാണ്‌ ആ മഹാരഥന്മാര്‍? 
യുയുധാന: സാത്വകിയാണ്‌, സത്വഗുണ പ്രധാനി യുദ്ധത്തില്‍ പരാജയപ്പെടാത്തവനാണ്‌ എന്നാണ്‌.
വിരാട: വിരാട്‌ ആണ്‌ എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നത്‌, 
മുറിവില്ലാത്തത്‌ എന്നര്‍ത്ഥം പിന്നെ ദ്രുപദന്‍- ഇളക്കമില്ലാത്തന്‍ എന്നു നേരത്തെ പറഞ്ഞു. ദൃഷ്ടകേതു സത്യത്തില്‍ നിലനില്‍ക്കാത്തവര്‍ക്ക്‌ കാണുമ്പോള്‍ തന്നെ ഭയം ജനിപ്പിക്കുന്നവനാണ്‌. 
കശനാത്‌ ഇതി കാശി- നിര്‍വ്വാണത്തിന്റെ ഇടമാണ്‌ കാശി. 
ശരീരത്തെ തന്നെ കാശിയാക്കിയവനാണ്‌ കാശിരാജാവ്‌. 
പുരത്തെ ജയിച്ചവനാണ്‌ പുരജിത്ത്‌. പുരം ശരീരമാണ്‌. 
ശരീരമനോബുദ്ധികള്‍ക്കപ്പുറമുള്ള ഒന്നാണ്‌ താനെന്ന അറിവിലേക്കുണര്‍ന്നവനാണ്‌ പുരജിത്ത്‌. 
ശിബി പരമ്പരയുടെ ദാനശീലത്തെ പ്രധിനിധീകരിക്കുന്നു ശൈബ്യന്‍. 
പരാക്രമിയാണ്‌ യുധാമന്യു ഉത്തമമായ ഓജ്ജസ്സോടു കൂടിയവനാണ്‌ ഉത്തമൗജസ്സ്‌. 
ഭദ്രം എന്നാല്‍ മംഗളം എന്നര്‍ത്ഥം സുഭദ്രയുടെ പുത്രനാണ്‌ സൗഭദ്രന്‍. 
ദ്രൗപദിയുടെ പുത്രന്മാര്‍ പ്രതിവിന്ധ്യന്‍, സുതസോമന്‍, ശ്രുതകീര്‍ത്തി, ശതാനീകന്‍, ശ്രുതസോമന്‍ എന്നിവരാണ്‌. 
ലാവണ്യം, വാത്സല്യം, കാരുണ്യം, ദയ, കീര്‍ത്തി എന്നിവയുടെ പ്രതീകം. പാണ്ഡവരിലോരോരുത്തരിലും ദ്രൗപദിക്ക്‌ ഓരോ പുത്രന്‍മാരാണ്‌. 
എന്താണ്‌ ഇതിന്റെ താല്‍പര്യം? 
ഒരു സദ്‌ഭാവം മനസ്സുമായി സമ്മേള്‌ക്കുമ്പോള്‍ മറ്റൊരു സദ്‌ഭാവം പ്രകടമാകുന്നു. 
അവയാണ്‌ സന്താനങ്ങള്‍ ധ്യാനാവസ്ഥിത മനസ്സാണ്‌ ദ്രൗപദി. 
ഇതുപോലെ മനസ്സ്‌ ദുര്‍ഗുണങ്ങളുമായി താദാത്മ്യം പ്രാപിച്ചാല്‍ അതനുസരിച്ചുള്ള സന്താനങ്ങള്‍ ഉണ്ടാകും. 
ദേഷ്യം, പൊട്ടിത്തെറി ഒക്കെ ഉണ്ടാകുന്നത്‌ ഇങ്ങിനെയാണ്‌. 
കൈയില്‍ കിട്ടിയതൊക്കെ എടുത്തെറിയും,സമ്പര്‍ക്കം മാറിയാലേ ഈ സ്വഭാവങ്ങളും മാറൂ. ദുര്യോധനന്‍ ഇങ്ങിടെ പാണ്ഡവപക്ഷത്ത്‌ കാണുന്നതൊക്കെ സദ്‌ഗുണങ്ങളാണ്‌. 17 സദ്‌ഗുണങ്ങളെ ഇവിടെ എടുത്തു പറയുന്നു.......


ആരൊക്കെയാണ്‌ നമ്മുടെ സൈന്യത്തിലെ നായകര്‍ ?
അല്ലയോ ബ്രാഹ്മണശ്രേഷ്‌ഠാ, കേട്ടാലും. 
ഞാനങ്ങേക്ക്‌ പേരു ചൊല്ലി പറഞ്ഞു തരാം.....
"അസ്മാകം തു വിശിഷ്ട്ടാ യേ താൻ നിബോധ ദ്വിജോത്തമ
നായകാ മമ സൈന്യസ്യ സംജ്ഞാർത്ഥം താൻ ബ്രവീമി തേ "
പ്രകടമായ ദുര്യോധന ഭാവമാണിവിടെ.
ആര്‌ , ആരോട്‌, എന്തൊക്കെയാണീ പറയുന്നത്‌?
പ്രായംകൊണ്ട്‌ ദുര്യോധനനെക്കാള്‍ എത്രയോ മുകളിലാണ്‌ ദ്രോണര്‍.
അവിടെ നില്‍ക്കുന്നതില്‍ ബഹുഭൂരിപക്ഷത്തെയും
ആയുധവിദ്യ അഭ്യസ്‌പ്പിച്ച ആളാണ്‌ ദ്രോണര്‍..
ഒന്നു നോക്കിയാല്‍ മതി അദ്ദേഹത്തിന്‌, ആരൊക്കെയാണെന്നറിയാന്‍.
പറഞ്ഞു കൊടുത്തിട്ടു വേണ്ട.
സംബോധനയില്‍ തന്നെ ദുര്യോധനമനസ്സിന്റെ പ്രകടനം കാണാം.
ഹേ, ദ്വിജോത്തമ; അല്ലയോ ബ്രാഹ്മണശ്രേഷ്‌ഠാ....
യുദ്ധഭൂമിയില്‍ ഒരിക്കലും യോജിക്കാത്ത പ്രയോഗം.
ഷാപ്പില്‍ വച്ച്‌ തിരുമേനീ എന്ന്‌ വിളിച്ചാല്‍ എങ്ങിനെയുണ്ടാകും?
അഥവാ ഒരു തിരുമേനി കഴിക്കാന്‍ പോയാല്‍!
തിരുമേനീ,ആ അച്ചാറിങ്ങോട്ടെടുത്തേ....
'ഹേയ്‌, എന്തായിത്‌?
ഇവിടെ കേശവനെന്ന്‌ വിളിച്ചാമതി..........
അതുപോലെ ബ്രാമണശ്രേഷ്‌ഠ എന്ന വിളി യുദ്ധഭൂമിയില്‍ ചേരില്ല,
അദ്ദേഹം ബ്രാമണനാണെങ്കില്‍ കൂടി,
ചെയ്യേണ്ട പണിയല്ല ചെയ്യുന്നത്‌ എന്ന ഓര്‍മ്മപ്പെടുത്തലാവും അത്‌.
ദ്വിജോത്തമന്‍ എന്നു പറയുമ്പോള്‍ ബ്രാമണന്റേതായ ചില കര്‍മ്മങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്‌. രണ്ടാമത്തെ ജന്മമെടുത്തവനാണ്‌ ദ്വിജന്‍. പുനര്‍ജന്മം അല്ല ഇത്‌. മാതൃഗര്‍ഭത്തില്‍ നിന്നുള്ള ആദ്യ ജന്മം. അതിനെ Physical birth എന്നു പറയും രണ്ടാമത്തേത്‌ Spiritual birth ആണ്‌. ഗുരുവിനടുത്ത്‌ പോകുമ്പോള്‍ ഉപനയിക്കുമ്പോള്‍ ആണ്‌ ഈ ജന്മം എടുക്കുന്നത്‌. ഉപനയനത്തിലൂടെയാണ്‌ ഒരുവന്‍ ദ്വിജനാവുന്നത്‌.
അല്ലെങ്കില്‍ ജനിച്ചു എന്നെയുള്ളു,
ഉപനിഷത്തില്‍ ജനാ: എന്നു പറയും, ജനിക്കുക മാത്രം ചെയ്‌തവര്‍.
അവടെ ജനങ്ങള്‍ എന്നു വിളിക്കും,
നരന്‍,ദ്വിജന്‍ എന്നൊക്കെ പറയുമ്പോള്‍ മാറി.
നേതൃഗുണമുള്ളവനാണ്‌ നരന്‍,അതും ദ്വിജനാവുന്നതുപോലെ ഒരായിത്തീരലാണ്‌. ബ്രാഹ്മണന്‍ എന്നു പറയുമ്പോള്‍ വെറും പൂണൂല്‍ ധാരി എന്ന്‌ ധരിച്ചേക്കരുതേ.
"ബ്രഹ്മണി ചരിതും ശീലം യസ്യ സ: ബ്രാഹ്മണ:' ഇതാണ്‌ ലക്ഷണം.
സത്യമാര്‍ഗ്ഗത്തില്‍ ചരിക്കുന്ന ശീലം സ്വായത്തമാക്കിയവന്‍ ബ്രാഹ്മണന്‍..
ബ്രഹ്മണോ ഭോജനപ്രിയ എന്നു കേട്ടിട്ടുണ്ടാവും.......
ശാപ്പാട്ടുരാമന്മാരാണ്‌ ബ്രാഹ്മണര്‍ എന്ന്‌ ചിലരെങ്കിലും ഇതിനെ വ്യാഖ്യാനിക്കാറുമുണ്ട്‌. ബ്രാഹ്മണ ഊട്ടും മറ്റും അതില്‍ നിന്നുണ്ടായതാണ്‌.
കാര്യങ്ങളിങ്ങനെ തെറ്റായി മനസ്സിലാക്കുന്നതു മൂലം നമ്മളിങ്ങനെ ഒരുപാട്‌ അനാചാരങ്ങള്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്‌.
'ഭോ' സംബോധനയാണ്‌. ജനപ്രിയ- ജനഹിതതല്‍പരനാണ്‌ ബ്രാഹ്മണന്‍.
എല്ലാവരെയും പോലെ വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കും എന്നതില്‍ കവിഞ്ഞ്‌ ബ്രാമണര്‍ക്ക്‌ ശാപ്പാടുമായി ഒരു പ്രത്യേക ബന്ധവുമില്ല.
ബ്രാമണര്‍ ഊണ്‌ അന്വേഷിക്കാറേയില്ല, ബ്രാമണന്റെ അടുത്ത്‌ ഊണെത്തും.
ഗുരുവിനോട്‌ ശിഷ്യന്‍ ചോദിച്ചു, 'ഗുരോ സത്യാന്വേഷണത്തിനു പുറപ്പെട്ടാല്‍ ഭക്ഷണം കിട്ടുമോ'?
ഗുരു പറഞ്ഞു 'കിട്ടും.'
ശി:എനിക്ക്‌ കിട്ടുമോ?
ഗുരു;ഇല്ല നിനക്ക്‌ കിട്ടില്ല.
ശി:അതെന്താ?
ഗുരു:നീ അന്വേഷിക്കുന്നതേ ഊണാണ്‌ !
ഊണ്‌ മാത്രം അന്വേഷിച്ച്‌ നടക്കുന്നവന്‌ അതുകിട്ടില്ല.......

Friday, March 20, 2015

ഭഗവത് ഗീത -1 Swami Sandeepananda Giri

ഭഗവത് ഗീത -1

Swami Sandeepananda Giri

ഗീതയെന്നാൽ ഗാനംചെയ്യപ്പെട്ടത്‌ ,പറയപ്പെട്ടത് എന്നുസാരം.മഹാഭാരതത്തിലും രാമായണത്തിലും ഗീതകൾ അനേകമുണ്ട്,രാമായണത്തിലെ തത്വചിന്തയുടെ അവതരണമാണ്,ശ്രീരാമഗീതയും,വിഭീഷണഗീതയും.ശ്രീരാമ ലക്ഷ്മണ സംവാദമാണ് ശ്രീരാമഗീത,ശ്രീരാമ വിഭീഷണ സംവാദമാണ് വിഭീഷണഗീത.

സർവസന്നാഹത്തോടുകൂടി രാമനോട് യുദ്ധംചെയ്യാൻ നിൽക്കുന്ന രാവണനെ കണ്ടു നിരായുധനായി നിൽക്കുന്ന രാമനോട് വിഭീഷണൻ ചോദിക്കുന്നു,പ്രഭോ,എങ്ങിനെയാണ് നിരായുധനായി അങ്ങ് രാവണനെ ജയിക്കുന്നത് ?ബാഹ്യമായ യുദ്ധ ഉപകരണങ്ങളെകൊണ്ടല്ല ഞാൻ രാവണനോടു യുദ്ധം ചെയ്യാൻ പോകുന്നതെന്നുപറഞ്ഞു ശ്രീരാമൻ വിശിഷ്ട്ട മൂല്യങ്ങളെ യുദ്ധഉപകരണങ്ങളായി അവതരിപ്പിക്കുന്നു....
ഇതെല്ലാം പഠിക്കാതെയും പഠിപ്പിക്കാതെയും പോയതാണ് വലിയ നഷ്ട്ടം...

ധൃതരാഷ്ട്രനെ കേവലം ഭൂതകാലത്തിലെ ഏതോ അന്ധനായൊരു രാജാവ് എന്നറിഞ്ഞാൽ ഗീതയുടെ കാലിക പ്രസക്തി നഷ്ട്ടപ്പെടുന്നു മാത്രമല്ല അതിലൂടെ ശരിയായ ഗീതാരസം നമുക്ക് നഷ്ട്ടപ്പെടുന്നു.ആരാണു ധൃതരാഷ്ട്രൻ ?തത്ത്വപരമായി ചിന്തിച്ചാൽ ധൃതരാഷ്ട്രന്റെ അന്ധതയെന്നത് "കാണേണ്ടത് കാണേണ്ട രീതിയിൽ കാണായ്കയാണ് " ധൃതരാഷ്ട്രൻ എന്ന ശബ്ദത്തിനു 'ധൃതം രാഷ്ട്രം യേന സ: ധൃതരാഷ്ട്ര:' = യാതോരുവൻ തന്റെതല്ലാതതിനെ തന്റെതെന്നു കരുതി മുറുകെ പിടിച്ചിരിക്കുന്നുവോ അവനാണു ധൃതരാഷ്ട്രൻ
ധൃതരാഷ്ട്രനെ സംബന്ധിക്കുന്ന തത്ത്വചിന്തയുടെ ഒരു സുന്ദരമുഹൂർത്തമാണ് പിതാവായ വ്യാസൻ കാഴചശക്തി നല്കാം എന്ന് പറഞ്ഞതിനെ നിരാകരിക്കുന്നത് തുടർന്നു ധൃതരാഷ്ട്രൻ പറയുന്നു; അങ്ങ് സത്യത്തെ അറിയുന്നപോലെ ഞാനും സത്യത്തെ അറിയുന്നു അച്ഛാ ലോകം സ്വാർഥതകൊണ്ട് മുങ്ങിത്താഴുന്നുകൊണ്ടിരിക്കുന്നു അതുകൊണ്ട് ഞാനും ലോകത്തിനു അനുസരിച്ച് പൊയ്കൊണ്ടിരിക്കുന്നു......
വ്യക്തമായ സത്യബുദ്ധിയെ പ്രാവർത്തികമാക്കാൻ കഴിയായ്കയാണ് ധൃതരാഷ്ട്രത്വം
ഇതാണു ലോകത്തിന്റെ ദുരിതത്തിന് കാരണം 


ധര്‍മ്മക്ഷേത്രത്തില്‍ ഈ വികാരവിചാരങ്ങള്‍ എന്ത്‌ ചെയ്യുന്നു എന്നു ചോദിച്ചു. 
അത്‌ സൂക്ഷമതലമാണ്‌. ഇനി സ്‌തൂലതലത്തിലെ കാര്യം പറയുന്നു.കുരുക്ഷേത്രേ- കര്‍മ്മക്ഷേത്രത്തില്‍, വിചാരം വാക്കായും വാക്ക്‌ പ്രവൃത്തിയായും മാറുന്നിടത്ത്‌.
ഭഗവാന്‍ ഇക്കാര്യം നാലാം അദ്ധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട്‌.എവിടെയാണ്‌ ധര്‍മ്മം കൈമോശം വന്നതെന്ന്‌ പറയുന്ന സമയത്ത്‌.ബുദ്ധിയില്‍ നിന്ന്‌ മനസ്സിലേക്കും മനസ്സില്‍ നിന്ന്‌ ഇന്ദ്രിയങ്ങളിലേക്കും ധര്‍മ്മം കൈമാറ്റം ചെയ്യപ്പെടുന്നു എന്ന്‌ പറയുന്നു. അത്‌ വളരെ ആലങ്കാരികമായിട്ടാണ്‌ പറയുന്നത്‌. 'ഞാനീ യോഗത്തെ സൂര്യന്‌(വിവസ്വാന്‌) പറഞ്ഞുകൊടുത്തു.' വിവസ്വാന്‍ മനുവിനും മനു ഇക്ഷ്വാകുവിനും പറഞ്ഞുകൊടുത്തു. അത്‌ തത്ത്വവിചാരം ചെയ്യുമ്പോള്‍ ബുദ്ധി, മനസ്സ്‌, ഇന്ദ്രിയങ്ങള്‍ എന്ന രീതിയിലാണ്‌ ഈ പ്രക്രിയ നടക്കുന്നത്‌. കര്‍മ്മ പഥത്തിലെത്തുമ്പോഴാണ്‌ പൂര്‍ണ്ണമായും നഷ്ടപ്പെടുന്നത്‌. 


ഭാരതത്തിലെപ്പോഴും ഋഷി സംസാരിച്ചത്‌ അകത്തേക്ക്‌ ചൂണ്ടിയിട്ടാണ്‌, ബാഹ്യമായിട്ടല്ല. പ്രവൃത്തി മണ്ഡലത്തില്‍, കര്‍മ്മഭൂമിയില്‍ നാമെന്താണ്‌ ചെയ്യുന്നതെന്നാണ്‌ ഗീതയില്‍ ചോദിക്കുന്നത്‌. എന്റെ കരചരണങ്ങള്‌ലൂടെ പുറത്തെക്കു വരുന്നത്‌ ആരൊക്കെയാണ്‌? കൗരവരോ.. പാണ്ഡവരോ..?ചോദ്യം ഞാന്‍ എന്നോട്‌ തന്നെ ചോദിക്കേണ്ടതാണ്‌;
അയലത്തെ അദ്ദേഹത്തോട്‌ ചോദിക്കേണ്ടതല്ല. 'അദ്ദേഹം ഇതൊന്നു വായിച്ചിരുന്നെങ്കില്‍' എന്ന്‌ നിങ്ങള്‍ ചിന്തിക്കേണ്ട. ചോദ്യം നമ്മളോടാണ്‌ നമ്മുടെ കര്‍മ്മ ഭൂമിയില്‍ നാം എന്താണ്‌ ചെയ്യുന്നത്‌ എന്നാണ്‌. എന്റേത്‌ എന്ന ചിന്തയോടെയാണ്‌ ഞാന്‍ കര്‍മ്മം ചെയ്യുന്നത്‌? എനിക്ക്‌ എന്റെ കാര്യം മാത്രം ബാക്കിയുള്ളവര്‍ എന്തും ആയിക്കോട്ടെ എന്നാണോ നമ്മുടെ കാഴ്‌ച്ചപ്പാട്‌? എന്റെ കാര്യം കഴിഞ്ഞിട്ടെയുള്ളു ബാക്കിയെല്ലാം. എനിക്ക്‌ ക്‌ളബില്‍ പോണം, ഫ്‌ളവര്‍ഷോക്ക്‌ പോണം, നായയെ ഡോക്ടറെ കാണിക്കണം... സ്വന്തം കുട്ടി പനിച്ച്‌ കിടക്കുകയാണ്‌. അവനെ വേലക്കാരിയെ ഏല്‌പ്പിച്ചിരിക്കുകയാണ്‌. നായയോട്‌ speak എന്നും കുട്ടിയോട്‌ shut up എന്നും പറയുന്ന അമ്മമാരെയൊക്കെ നമുക്ക്‌ അന്വേഷിച്ചാല്‍ കാണാം. എങ്ങനെയൊരാളെ ഒരു വിദ്വാന്‍ കല്ല്യാണം കഴിച്ചത്രെ കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ഒരു സുഹൃത്ത്‌ 'എങ്ങിനെയുണ്ട്‌?' എന്ന്‌ ചോദിച്ചു. 'പേപ്പര്‍ ആനിവേഴ്‌സറി നന്നായി നടക്കുന്നുണ്ട്‌' എന്നായിരുന്നു മറുപടി.അന്വേഷിച്ചപ്പോഴാണ്‌ അറിയുന്നത്‌, ഭാര്യ എല്ലാം എഴുതി വയ്‌ക്കലാണത്രേ;ഫ്രിഡ്‌ജിലുണ്ട്‌ എടുത്തു കഴിച്ചോളണം, അതുചെയ്യണം, ഇതു ചെയ്യരുത്‌...സംസാരിക്കാന്‍ പോലും സമയമില്ല!
എന്താണ്‌ ഞാന്‍ ചെയ്യുന്നത്‌?എങ്ങോട്ടാണ്‌ ഞാന്‍ ഓടുന്നത്‌?ഇത്തരം സമയങ്ങളിലെങ്കിലും ഒന്നിരുന്ന്‌ ആലോചിക്കുന്നത്‌ നല്ലതാണ്‌.വീട്ടില്‍ എല്ലാവരും കൂടിയായാല്‍ വളരെ നന്നായി "ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ..." എന്ന ശ്ലോകം മാത്രം മതി രക്ഷപ്പെടാന്‍. ഈ ശ്ലോകമാണ്‌ ഗീതയുടെ ആധാരം.ഇവിടെ നിന്നാണ്‌ മുകളിലേക്ക്‌ പിടിച്ച്‌ കയറുന്നത്‌.....


പ്രസിദ്ധനായ നോവലിസ്‌റ്റ്‌ സി. രാധാകൃഷ്‌ണന്‍ അദ്ദേഹത്തിന്റെ 'ഇനിയൊരു നിറകണ്‍ചിരി' എന്ന നോവലില്‍ പ്രധാന കഥാപാത്രമായ അര്‍ജ്ജുന്‌ ഒരു സ്വാമി പറഞ്ഞുകൊടുക്കുന്നുണ്ട്‌, 'പ്രപഞ്ചമനസ്സ്‌ വ്യക്തിയുടെ അഹം ബോധത്തിലിരുന്ന്‌ തന്റെ ആപത്‌കാലസംശയങ്ങള്‍ക്ക്‌ കൊടുക്കുന്ന മറുപടിയാണ്‌ ഭഗവദ്‌ഗീത' എന്ന്‌. ഒരുവന്റെ ഉള്ളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍....ആ മറുപടികള്‍ കേള്‍ക്കാന്‍ തയ്യാറാവുമ്പോള്‍ എന്നില്‍ കുരുക്ഷേത്രമില്ല, യുദ്ധവുമില്ല...നമ്മുടെ ഉള്ളില്‍ ഈ പറഞ്ഞ യുദ്ധവും നടക്കുകയാണ്‌.

ദിവസ്സവും രാത്രി കിടക്കുമ്പോള്‍ ഒന്നാലോചിച്ചു നോക്കുക.എന്തായിരുന്നു ഇന്ന്‌ എന്റെയുള്ളിലെ യുദ്ധം?ധർമ്മഭൂമിയായ കുരുക്ഷേത്രത്തിൽ യുദ്ധം ചെയ്യാൻ അണിനിരന്ന എന്റെ ആളുകളും പാണ്ടവരും എന്ത് ചെയ്തു?എന്റേത്‌ എന്ന വിചാരങ്ങളും (ദുര്‍ഗുണങ്ങളും) സദ്‌ഗുണങ്ങളും ഇന്ന്‌ എന്റെ മനസ്സില്‍ എങ്ങിനെയൊക്കെയാണ്‌ പെരുമാറിയത്‌? ഞാന്‍ എന്തൊക്കെയാണ്‌ ചെയ്‌തത്‌?
അങ്ങിനെ ചോദിക്കുന്ന സമയത്ത്‌ നമുക്ക്‌ എല്ലാം തെളിഞ്ഞുവരും ഗീത പതിനായിരത്തോളം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഏതോ ഒരിടത്തിരുന്ന്‌ ആരോ പറഞ്ഞ ഒന്നല്ല. എന്നില്‍ എന്തൊക്കെയാണ്‌ നടക്കുന്നത്‌ എന്ന്‌ ഉള്ളില്‍ ചോദിക്കുന്ന സമയത്ത്‌ ഗീത സംഭവിക്കും. ഇന്ന്‌ ആധുനിക ശാസ്‌ത്രവും ഈ വഴിയിലൂടെയൊക്കെ സഞ്ചരിച്ചു തുടങ്ങിയിട്ടുണ്ട്‌. ഗര്‍ഭിണികള്‍ നല്ലകാഴ്‌ച്ചകള്‍ കാണണമെന്നും അവരില്‍ മാനസികവിക്ഷോഭങ്ങളൊന്നും ഉണ്ടാകാന്‍ ഇടയാകരുതെന്നും ഭര്‍ത്താവ്‌ നല്ല രീതിയില്‍ പെരുമാറണമെന്നും ഒക്കെ പറയുന്നുണ്ട്‌. അല്ലാതെ എന്തെങ്കിലുമൊക്കെ വേടിച്ചുകൊടുത്തത്‌കൊണ്ട്‌ കാര്യമില്ല. അവരോട്‌ നല്ല രീതിയില്‍ പെരുമാറണം.
ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന ചെറിയ സംഭവങ്ങളും അച്ഛനമ്മമാരുടെ മാനസികാവസ്ഥ കുട്ടികളെ സ്വാധീനിക്കുമെന്നതിനാലാണിത്‌. ഇതൊക്കെ നമ്മുടെ ശാസ്‌ത്രത്തില്‍ പറയുന്നുണ്ട്‌. ഈ അവസരങ്ങളില്‍ ഭാര്യയുടെ അടുത്ത്‌ സമയം കണ്ടെത്തണമെന്ന്‌.


എവിടെ..? ബിസിയല്ലെ എല്ലാവരും! ഈ സ്‌ത്രീകള്‍ ഇടക്കിടക്ക്‌ ചപ്പാത്തിക്കോലുകൊണ്ടും മറ്റും ഭര്‍ത്താക്കന്‍മാരുടെ തലക്കടിച്ച കഥകള്‍ കേള്‍ക്കാറുണ്ടല്ലോ.
ഒരു പോലീസുകാരനോട്‌ സംസാരിക്കുന്ന സമയത്ത്‌ ഇങ്ങനെയൊരു സംഭവത്തിനു പിന്നിലെ കാരണം പറഞ്ഞു. ഭര്‍ത്താവിന്റെ പിറന്നാളായിരുന്നു അന്ന്‌;
മകന്റെയും അന്നുതന്നെയാണ്‌ ! അവർ വളരെ പാടുപെട്ട് ഒരുപാട് വിഭവങ്ങൾ ഒറ്റയ്ക്ക് തന്നെയുണ്ടാക്കി! കൂടെ നല്ല വിളഞ്ഞ നാളികേരത്തിന്റെ ഇടിച്ചു പിഴിഞ്ഞ പായസവും വെച്ചു! സ്വന്തം പിറന്നാളിന്‌ അവരൊന്നും ചെയ്യാറൊന്നുമില്ല. അങ്ങനെ ഭക്ഷണമൊക്കെ ഒരുക്കി അവര്‍ കാത്തിരിക്കുകയാണ്‌. രാത്രിയായി കാണാനില്ല ! ഏറെ വൈകിയാണ്‌ കക്ഷി എത്തുന്നത്‌ അപ്പോഴെക്കും കുട്ടിയുറങ്ങികഴിഞ്ഞു. എന്നാലും ഭാര്യ എല്ലാം എടുത്തുവച്ച്‌ ഭക്ഷണം കഴിക്കാന്‍ വിളിച്ചു.എന്ത്‌ ഭക്ഷണം? നിന്റെ ഈ ഉപ്പുമാവു പോലത്തെ ഫ്രൈഡ്‌റൈസൊന്നും എനിക്കു വേണ്ട. ഞാന്‍ ഹോട്ടലില്‍ നിന്ന്‌ ബീഫും പൊറോട്ടയും കഴിച്ചിട്ടാണ്‌ വരുന്നത്‌ ! ഇതു കേൾക്കേണ്ട താമസം അവർ അവിടെ കണ്ട ചിരവയെടുത്തു നെറും തലക്കൊരടി !ഭർത്താവ് ആശുപത്രിയിലും!ഭാര്യ പോലീസ് സ്റേഷനിലും !കുട്ടി അനാഥാലയത്തിലും!!!ഈ പറഞ്ഞ കുരുക്ഷേത്രയുദ്ധം നമ്മുടെ ഉള്ളില്‍ നടക്കുകയാണ്‌......


ദുര്‍ഗുണങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്‌,എന്നതിനാലാണ്‌ 101 എന്നു പറയുന്നത്‌. 
നമ്മുടെ ദുര്‍ഗുണങ്ങള്‍ എഴുതി വയ്‌ക്കാന്‍ ഒരു ശ്രമം നടത്തിനോക്കൂ,യുദ്ധം ചെയ്യാന്‍ അണിനിരന്ന്‌ നില്‌ക്കുന്ന അജ്ഞാനജന്യങ്ങളായ ഇവര്‍ എന്താണ്‌ എന്നെക്കൊണ്ട്‌ ചെയ്യിച്ചത്‌ എന്ന്‌ ഓരോ ദിവസവും രാത്രിയില്‍ കിടക്കുന്നതിനു മുമ്പായി ഒന്നാലോചിക്കുക. എല്ലാ പ്രശ്‌നങ്ങളും എങ്ങിനെ ഉണ്ടായി എന്നു പിടികിട്ടും. 'എന്റെതെന്ന ചിന്തകള്‍ എന്നെക്കൊണ്ട്‌ എന്താണ്‌ ചെയ്യിച്ചത്‌' എന്ന വിചാരം ബാധകമല്ലാത്ത ആരാണ്‌ ഇവിടെയില്ലാത്തത്‌?ഏതു മതസ്ഥനാണ്‌ ? ഏതു ദേശക്കാരനാണ്‌ ഈ ചോദ്യത്തില്‍ നിന്ന്‌ പിന്‍തിരിയാനാകുക? ആര്‍ക്കാണ്‌ ഗീത ഇവിടെ ഇല്ല എന്നു പറയാന്‍ പറ്റുക? ഇതല്ലേ ഭഗവത്‌ഗീതയുടെ സാര്‍വ്വലൗകീകത? അല്ലെങ്കില്‍ ഒരു കൂട്ടരുടെ ഒരു മതഗ്രന്ഥം മാത്രമായിട്ട്‌ അതവിടെ അങ്ങിനെ ഇരിക്കും.


രണ്ടാമത്തെ ചോദ്യം 'ധര്‍മ്മക്ഷേത്രേ യുയുത്സവ പാണ്ഡവാ: കിം അകുര്‍വ്വത?'-
ആ ധര്‍മ്മക്ഷേത്രത്തില്‍ യുദ്ധം ചെയ്യാന്‍ തയ്യാറായിട്ടുള്ള പാണ്ഡവര്‍ എന്തു ചെയ്‌തു? ഒരാചാര്യന്‍ വ്യാഖ്യാനിച്ചിരിക്കുന്നത്‌ പണ്ഡയുള്ളവന്‍ പാണ്ഡവന്‍ എന്നാണ്‌.
പാണ്ഡുള്ളവന്‍ എന്നല്ല. പണ്ഡ എന്നാല്‍ ആത്മ വിഷയജ്ഞാനം. ഗീതക്ക്‌ ഭാഷ്യം ചമക്കുന്ന സമയത്ത്‌ ഭഗവത്‌പാദര്‍ പണ്ഡിതന്റെ ലക്ഷണം പറയുന്നുണ്ട്‌. 'പണ്ഡാ ആത്മവിഷയ: ബുദ്ധി: ഏഷാം തേഹി പണ്ഡിതാ:'- ആത്മവിഷയകമായ ജ്ഞാനം ആര്‍ക്കാണോ ഉള്ളത്‌ അവരാണ്‌ പണ്ഡിതര്‍. ആത്മവിഷയത്തിലേക്ക്‌, ആത്മാന്വേഷണത്തിലേക്ക്‌, ആത്മാവിനെ അറിയുന്നതിന്‌ സഹായിക്കുന്ന മൂല്യങ്ങളെ പാണ്ഡവര്‍ എന്ന്‌ പറയുന്നു. അവര്‍ അഞ്ചു പേരായാണ്‌ മഹാഭാരതം പറയുന്നത്‌. സദ്‌്‌ഗുണങ്ങള്‍ ദുര്‍ഗുണങ്ങള്‍ക്കെതിരായി എന്തെങ്കിലും പ്രവൃത്തി ചെയ്‌തോ എന്നാണ്‌ ചോദ്യം. നമ്മിലെ ദുശ്ശാസനന്‍ ഒരു ശാസന പുറപ്പെടുവിക്കാന്‍ തയ്യാറായപ്പോള്‍ നമ്മിലെ പാണ്ഡവന്‍ അതിനെ തടഞ്ഞോ? അഥവാ അങ്ങനെ ഒരു ശാസന പുറപ്പെടുവിച്ചാല്‍ ശേഷം ഒരു sorry പറഞ്ഞ്‌,ഒന്നു മാപ്പപേക്ഷിച്ച്‌ മേലില്‍ അങ്ങിനെ പറ്റില്ല എന്നു പറഞ്ഞ്‌ മുറിവുകള്‍ ഉണക്കിയോ? എപ്പോഴും കൂടെ ഒരാളുവേണം എന്നു പറയുന്നത്‌ അതു കൊണ്ടാണ്‌, വേണ്ട സമയത്ത്‌ വേണ്ടത്‌ പറഞ്ഞ്‌ നിയന്ത്രിക്കാന്‍. അങ്ങിനെയുള്ളവരാണ്‌ സഹധര്‍മ്മിണി. ഭര്‍ത്താവിനെ ധര്‍മ്മത്തില്‍ ചിരിക്കാന്‍ പ്രേരിപ്പിക്കുന്നവള്‍. ദേഷ്യം പിടിച്ചിരിക്കുന്ന സമയത്ത്‌ 'ദേ, ഇപ്പോള്‍ ഒന്നും പറയണ്ട' എന്നു ഓര്‍മ്മിപ്പിക്കുന്നവള്‍.


തെറ്റായ ശാസനകള്‍ പുറപ്പെടുവിക്കുന്നവന്‍ ദുശ്ശാസനന്‍ ദിവസവും നാം എന്തൊക്കെ തെറ്റായ ശാസനകളാണ്‌ പുറപ്പെടുവിക്കുന്നത്‌ എന്നൊന്നാലോചിച്ചു നോക്കൂ. 'ജിഹ്വാഗ്രേ ശത്രുബാന്ധവാ' എന്നും ഋഷി പറഞ്ഞിട്ടുണ്ട്‌.ബന്ധുവും ശത്രുവും നിന്റെ നാവിന്റെ അഗ്രത്താണ്‌....പണ്ടൊരു നാമം ചൊല്ലാറുള്ളത്‌ ഓര്‍മ്മയില്ലെ? നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം... നല്ലവാക്കുകൾ പറയുന്നതിന് ധൈര്യം ഉണ്ടാവണമെന്ന് !
വിവരക്കേട് പറയുന്നതിനല്ല.(അതിനും വേണം ഒരു ധൈര്യം) "ജിഹ്വാ മേ മധുമത്തമാ, കര്‍ണ്ണാഭ്യാം ഭൂരിവിശ്രുതം'"എന്നു പറയും. നാവില്‍ തേനായിരിക്കട്ടെ എന്നാണ്‌ ആദ്യം പറയുന്നത്‌.ഗുരുവായൂര്‍ അമ്പലനടയില്‍ നിലവിളക്കൊക്കെ കത്തിച്ച്‌ വച്ച്‌ മകന്റെ വായില്‍ തേന്‍ കൊടുക്കുന്നത്‌ ഈയൊരു സങ്കല്‌പത്തോടു കൂടിയായിരിക്കണം.ഇപ്പോള്‍ അങ്ങനെയാണോ അല്ലയോ എന്നൊന്നും അറിയില്ല.ഈയൊരു സങ്കല്‍പത്തിലാണ്‌ പൂർവികർ അങ്ങനെയൊരു ആചാരത്തിനു രൂപം നല്കിയത് 'നിന്റെ നാവിലെപ്പോഴും മധുരം ഭവിക്കട്ടെ,നിന്റെ വാക്കുകള്‍ സഹജരില്‍ ഉത്സാഹത്തെ,ഉണര്‍വ്വിനെ ഉണ്ടാക്കുന്നതാകട്ടെ!ശാന്തിയുണ്ടാക്കുന്നതാകട്ടെ!അതിന്റെ തുടര്‍ച്ചയായാണ്‌ കാതുകളില്‍ ഭദ്രമായത്‌ കേള്‍ക്കട്ടെ എന്ന്‌ പറയുന്നത്‌. പറഞ്ഞിട്ടു വേണം കേള്‍ക്കാന്‍.നാവില്‍ തേന്‍ കൊടുക്കുന്ന സമയത്ത്‌ ഇങ്ങനെ സങ്കല്‍പങ്ങളൊന്നുമില്ലാതെ,'ആരോ പറഞ്ഞു തേച്ചോളാന്‍; തേച്ചു' എന്നാണെങ്കില്‍ പിന്നെ ഒന്നും പറയാനില്ല. അതുകൊണ്ടായിരിക്കാം അച്ഛനോട്‌ 'കാര്‍ന്നോരേ, അടങ്ങിയൊതുങ്ങി അവിടെങ്ങാനും ഇരുന്നോളൂ' എന്നു പറയുന്നതും അമ്മയെ 'തള്ളേ' എന്നൊക്കെ വിളിക്കുന്നതും.ആ നാവ്‌ തന്നെ അച്ഛനാണ്‌, അമ്മയാണ്‌. ആ നാവുകൊണ്ടാണ്‌ അച്ഛനെ, അമ്മയെ, പ്രായം ചെന്നവരെയൊക്കെ നിന്ദിക്കുന്നത്‌ എന്ന്‌ മറക്കരുത്‌.എന്നിലെ ദുശ്ശാസനന്‍ എന്നെക്കൊണ്ട്‌ എന്തൊക്കെയാണ്‌ പറയിക്കുന്നതെന്ന് ചിന്തിക്കൂ.'എന്നെക്കൊണ്ട്‌ തെറ്റുകള്‍ ചെയ്യിക്കുന്നത്‌ ആരാണ് ?
മൂന്നാമദ്ധ്യായത്തില്‍ അര്‍ജ്ജുനന്‍ ഇതേ ചോദ്യം ചോദിക്കുന്നുണ്ട്‌.


"അഥ കേന പ്രയുക്തോയം പാപം ചരതി പൂരുഷ, അനിശ്ചന്നപി വാര്‍ഷ്‌ണേയ ബലാതിവ നിയോജിത:'- ആഗ്രഹിക്കാതിരുന്നിട്ടും ആരാണ്‌ ഇതൊക്കെ ബലമായി ചെയ്യിക്കുന്നത്‌? ഭഗവാന്‍ വിസ്‌തരിച്ച്‌ അപ്പോള്‍ മറുപടി പറയുന്നുണ്ട്‌. ഇപ്പോള്‍ നമുക്ക്‌ 'എന്റേത്‌' എന്ന ചിന്തകളാണ്‌, ഇതൊക്കെ ചെയ്യിക്കുന്നത്‌ എന്ന്‌ പ്രാഥമികമായി മനസ്സിലാക്കാം.

കുന്തിയുടെ പുത്രന്മാരായ പാണ്ഡവരുടെ ജന്മം സാധാരണമായ രീതിയിൽ അല്ല വ്യാസർ അവതരിപ്പിച്ചിട്ടുള്ളത്...ധർമ്മത്തിൽ, നിന്ന് യുധിഷ്ട്ടിരനും,വായുവിൽ നിന്ന് ഭീമൻ,ഇന്ദ്രനിൽ നിന്ന് അർജുനൻ, ഭൂമിയിൽ നിന്ന് മാദ്രിക്ക് നകുലനും സഹദേവനും 
ഒന്നാമത്തെയാള്‍ ധര്‍മ്മപുത്രര്‍,ധര്‍മ്മം പുത്രസമമായിട്ടിരിക്കുന്നവന്‍.ഉള്ളം കൈയിലെ നെല്ലിക്ക പോലെ ധര്‍മ്മത്തെ കൈകാര്യം ചെയ്യാന്‍ പോന്ന പ്രഭാവമുള്ളവനാണ്‌ ധര്‍മ്മപുത്രര്‍.ധര്‍മ്മത്തെ കൊണ്ടാണ്‌ നമ്മളെ നിര്‍മ്മിച്ചിരിക്കുന്നത്‌ തന്നെ.
ഭഗവാന്‍ തന്നെ പറയുന്നുണ്ട്‌, 'സഹയജ്ഞാ പ്രജാ സൃഷ്ട്വാ' എന്ന്‌. യജ്ഞഭാവം കൊണ്ടാണ്‌ നമ്മെയെല്ലാം സൃഷ്ടിച്ചിരിക്കുന്നത്‌.ഭീമന്‍ കര്‍മ്മമാണ്‌.അര്‍ജ്ജുനന്‍ ഋജുത്വം (നേരെ വാ, നേരെ പോ എന്ന സ്വഭാവം) സഹദേവന്‍ - ദേവൈ: സ:' സത്സംഗപ്രിയന്‍. ഇപ്പോള്‍ നിങ്ങളെല്ലാവരും സഹദേവന്‍മാരാണ്‌; ജ്ഞാനം ശ്രവിക്കുന്നു വായിക്കുന്നു എന്നുള്ളതുകൊണ്ട്‌. ഗീതാശാസ്‌ത്രവുമായി അടുക്കുക സത്സംഗമാണ്‌. നകുലന്‍ കുലമില്ലാത്തവനാണ്‌. ബ്രഹ്മത്തെ ഭാവനചെയ്യുമ്പോള്‍ ഭേദങ്ങള്‍ ഇല്ലാതാകും.
ആചാര്യ സ്വാമികള്‍ വിവേകചൂഢാമണിയില്‍ ബ്രഹ്മഭാവനയെക്കുറിച്ച്‌ പറയുന്നുണ്ട്‌, 'ജാതിനീതികുലഗോത്രപൂരകം നാമരൂപഗുണദോഷവര്‍ജ്ജിതം ദേശകാലവിഷയാദിവര്‍ത്തിയത്‌ ബ്രഹ്മതത്ത്വമസി ഭാവയാത്മനി' എന്ന്‌ സ്വരൂപത്തില്‍ ഭാവനചെയ്‌താലും എന്ന്‌ പറയുകയാണ്‌. ജാതി,നീതി,കുലം,ഗോത്രം, നാമം,രൂപം,ഗുണം,ദോഷം,ദേശം,കാലം എന്നിങ്ങനെയുള്ള എല്ലാം അതിവര്‍ത്തിച്ച്‌ ബ്രഹ്മത്തെക്കുറിച്ച്‌ മെഡിറ്റേറ്റ്‌ ചെയ്യുന്ന സമയത്ത്‌, ആ ധ്യാനാവസ്ഥിത മനസ്സിലിരിക്കുന്ന സമയത്ത്‌ നാം നകുലനാണ്‌. 


ചിലപ്പോഴൊക്കെ നമ്മിലീ നകുലഭാവം പ്രകടമാകാറുണ്ട്‌. ഈ ജാതീം മതവും ഇല്ലെന്ന്‌ പ്രഖ്യാപിച്ചുകളയും. ചെറുപ്പക്കാര്‍ ഇടക്കൊക്കെ നകുലന്‍മാരാവാറുണ്ട്‌. അച്ഛാ ഈ നാരായണഗുരുദേവന്‍ എത്ര വലിയ മഹാത്മാവാ അല്ലെ' അച്ഛന്‍ കരുതും എന്തുപറ്റി ഇവന്‌ ? ഗുരുദേവന്‍ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌ എന്നൊക്കെ പറഞ്ഞിട്ടുണ്ട്‌, അല്ലെ അച്ഛാ?' മൂപ്പര്‍ക്ക്‌ മകനില്‍ വലിയ പ്രതീക്ഷയായി.
പിന്നെയാണ്‌ പറയുന്നത്‌, 'അതേ അച്ഛാ, ഞാനൊരു കുട്ടിയെ കണ്ടു വച്ചിട്ടുണ്ട്‌.
നമ്മുടെ ജാതിയിലല്ല എന്നെ ഉള്ളൂ... അങ്ങിനെയാണ്‌ നകുലന്റെ വരവ്‌!
നകുലഭാവം, സഹദേവഭാവം ഒക്കെ നാം ആര്‍ജ്ജിച്ച, ഗുരുവില്‍ നിന്നും ശാസ്‌ത്രത്തില്‍ ഒക്കെ ഉള്‍ക്കൊണ്ട അറിവിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്‌. ഇനി ഇതൊന്നും എവിടെനിന്നും കേട്ടിട്ടില്ല, അതിനൊന്നും അവസരം ഉണ്ടായില്ല എന്നാണെങ്കില്‍ നമ്മുടെ ഉള്ളിലുള്ള ധര്‍മ്മബോധത്തിലേക്ക്‌ നോക്കുക നമ്മുടെ ഉള്ളിലുണ്ട്‌ ധാര്‍മ്മികമായ അടിസ്ഥാനമൂല്യങ്ങളൊക്കെ.ആ സോഫ്‌റ്റവെയറൊക്കെ ഇന്‍സ്റ്റാള്‍ ചെയ്‌തിട്ടാണ്‌ നമ്മുടെ ശരീരമെന്ന ഈ കമ്പ്യൂട്ടര്‍ വിട്ടിരിക്കുന്നത്‌ തന്നെ.അപ്പോള്‍ സഹജമായ ആ ധാര്‍മ്മികതയ്‌ക്കെതിരായി ഞാന്‍ എന്തെങ്കിലും ചെയ്‌തുവോ? അല്ലെങ്കില്‍ അവയ്‌ക്കെതിരായി ഞാന്‍ എന്തെങ്കിലും ചിന്തിക്കുന്ന സമയത്ത്‌ ആ ധാര്‍മ്മികത എങ്ങിനെയാണ്‌ പ്രതികരിച്ചത്‌? അത്‌ ഞാന്‍ ഉള്‍ക്കൊണ്ടുവോ? എന്നിട്ട്‌ ധാര്‍മ്മികമായ പ്രവൃത്തികള്‍ എന്തെങ്കിലും ചെയ്‌തുവോ? എന്റെ കരചരണങ്ങളെക്കൊണ്ട്‌ ഈ വിശ്വത്തില്‍ നിന്ന്‌ എന്തൊക്കെ ഞാന്‍ അനുഭവിച്ചു? ആരുടെയൊക്കെ തപസ്സിന്റെ ഫലം അനുഭവിച്ചു? പല പ്രകാരത്തിലുണ്ട്‌ ആ തപസ്സ്‌. ആ തപസ്സിന്റെയൊക്കെ ഫലമാണ്‌ നാമനുഭവിക്കുന്നതൊക്കെ. അതിനു പകരമായി അങ്ങിനെ ലോകത്തിനു ഉപകാരപ്രദമാകുന്ന എന്തെങ്കിലും ചെയ്യാനായോ?


കര്‍മ്മ ഭൂമിയില്‍ ഞാനെന്താണ്‌ ചെയ്‌തത്‌? എന്നിലെ പാണ്ഡവര്‍ എന്താണ്‌ ചെയ്‌തത്‌? 
കര്‍മ്മത്തില്‍ ഭീമന്‍ വളരെ പ്രധാനപ്പെട്ട ഒരാളാണ് ഭീമകര്‍മ്മാ എന്നാണ്‌ പറയുന്നത്‌,
മഹത്തായ കര്‍മ്മം ചെയ്യാന്‍ വേണ്ടിയാണ്‌ നമ്മുടെ കൈകളെത്തന്നെ ഇങ്ങനെയാക്കിയിരിക്കുന്നത്‌. എന്തൊക്കെ എനിക്ക്‌ ചെയ്യാന്‍ സാധിച്ചു?
നാരായണ ഗുരുദേവന്‍ ഇവിടെയാണ്‌ പറയുന്നത്‌, 

'അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരനുസുഖത്തിനായ്‌ വരേണം'
ഈ ഭാവത്തോടുകൂടി എന്തുചെയ്‌താലും പാണ്ഡവനാണ്‌ അതുചെയ്യുന്നത്‌.
അവന്‍,ഇവന്‍; ഇവന്റേത്‌ എന്നൊക്കെ അല്‍പബുദ്ധികളാണ്‌. ഉദാരചരിതാനാം തു വസുധൈവ കുടുംബകം' ഉദാരചരിതരെ സംബന്ധിച്ചിടത്തോളം ഈ വിശ്വം മുഴുവന്‍ ഭഗവാന്റേതാണ്‌. ലോകത്തിനു മുഴുവന്‍ അനുഗ്രഹമാകുന്ന കര്‍മ്മങ്ങള്‍ ചെയ്യാനാണ്‌ തന്നെ സൃഷ്ടിച്ചിരിക്കുന്നത്‌ എന്ന്‌ അവനറിയാം.അതുകൊണ്ട്‌ അവന്‌ പ്രവൃത്തി ചെയ്യാന്‍ ഒരുപാടുണ്ട്‌.


ഹേ സഞ്‌ജയാ പറഞ്ഞാലും ചോദ്യം മുഴുവന്‍ സഞ്‌ജയനോടാണ്‌.
ആരാണ്‌ ഈ സഞ്‌ജയന്‍? ധൃതരാഷ്ട്രനെ തത്ത്വവിചാരം ചെയ്‌തതുപോലെ നോക്കിയാല്‍
'യ: വിശിഷ്യതേ ശാസ്‌ത്രാദി പരിജ്ഞാനേന ബഹിര്‍ മുഖതാം ഉപേക്ഷ്യ സ: സഞ്‌ജയ:' യാതൊരുവനാണോ ശാസ്‌ത്രം, ഗുരു മുതലായവയില്‍ നിന്ന്‌ നല്ലവണ്ണം ഉത്‌കൊണ്ട അറിവുകൊണ്ട്‌ ബാഹ്യമായതില്‍ ഞാനെന്ന, എന്റേതെന്ന ബുദ്ധിയെ ഉപേക്ഷിച്ചത്‌ അവന്‍ സഞ്‌ജയന്‍. സഞ്‌ജയ- സമ്യക്കാകും വണ്ണം ജയം കൊണ്ടവന്‍,
നന്നായി ജയിച്ചവന്‍, എപ്പോഴാണ്‌ ഒരുവന്‍ ജയിക്കുന്നത്‌?
ഉപനിഷത്തില്‍ പറയുന്നു, വിശ്വജിത്‌ യാഗം നടത്തുമ്പോഴാണ്‌ എന്ന്‌.
പ്രതീകാത്മകമായി പറയുകയാണ്‌,എന്താണ്‌ വിശ്വജിത്‌ യാഗത്തിന്റെ പ്രത്യേകത?
എല്ലാം ത്യജിക്കലാണ്‌,തനിക്കുള്ളതെല്ലാം, ഒന്നും ബാക്കിവയ്‌ക്കാതെ ത്യജിക്കുമ്പോഴാണ്‌ ഒരുവന്‍ വിശ്വത്തെ ജയിക്കുന്നത്‌. ജയിക്കലാണ്‌ യാഗം പ്രതീകാത്മകമായി അഗ്നിയിലേക്ക്‌ ഹവിസ്സ്‌ അര്‍പ്പിച്ചുകൊണ്ട്‌ പറയും, 'ഇദം ന മമ'- ഇത്‌ എന്റേതല്ല എന്ന്‌. വിശ്വജിത്‌ യാഗത്തോടെയാണ്‌ കഠോപനിഷത്ത്‌ ആരംഭിക്കുന്നത്‌. പുത്രനെ പോലും യമന്‌ കൊടുക്കുകയാണ്‌. കൊല്ലാന്‍ കൊടുക്കുന്നുയെന്നല്ല,പഠിക്കാന്‍ വിടുകയാണ്‌.
എന്താണ്‌ പഠിക്കേണ്ടത്‌? ഇവിടെ ഈ ലോകത്തില്‍ ഒന്നേ അറിയേണ്ടതള്ളൂ..
മരണം . അതറിഞ്ഞാല്‍ അമൃതനായി. മരണം എന്താണെന്നറിഞ്ഞില്ലെങ്കിലോ മൃതനായി.
അങ്ങനെ ജയിച്ചവനാണ്‌ സഞ്‌ജയന്‍, എല്ലാം തന്റേതാക്കി വച്ചൊരാള്‍,യാതൊന്നും തന്റേതല്ല എന്നറിഞ്ഞ ഒരാള്‍. അവനോടാണ്‌ ധൃതരാഷ്ട്രര്‍ ചോദിച്ചത്‌. അവനാണ്‌ ഗീത പറയുന്നത്‌.


ആദ്ധ്യാത്മികശാസത്രം പഠിച്ചു കഴിഞ്ഞാല്‍ കുടുംബജീവിതവും മറ്റും ആകെ കുഴപ്പത്തിലാകും എന്ന്‌ പറയുന്നവരുണ്ട്‌. പിന്നെ കണ്ണാടി നോക്കില്ല, പൗഡറില്ല, 
നല്ല സാരിയുടുക്കില്ല എന്നൊന്നും വിചാരിക്കേണ്ട. ഈ ശാസ്‌ത്രം ഉള്‍ക്കൊണ്ടാല്‍ നിങ്ങള്‍ പഴയതിനെക്കാള്‍ സുന്ദരികളും സുന്ദരന്‍മാരാകുകയുമാണ്‌ ചെയ്യുക. ബ്യൂട്ടിപാര്‍ലറില്‍ പോകാതെ തന്നെ ആളുകള്‍ കൊള്ളാമല്ലോ എന്നു പറയും. 
വാക്കുകളുടെ,
പെരുമാറ്റത്തിന്റെ സൌന്ദര്യം അതാണല്ലോ പ്രധാനം. ഇതിനെന്തെങ്കിലും പ്രമാണമുണ്ടോ എന്നു ചോദിച്ചു കഴിഞ്ഞാല്‍ പ്രമാണമുണ്ട്‌. വാസിഷ്‌ഠത്തില്‍ രാമനോട്‌ വസിഷ്‌ഠന്‍ ഒരു രാജാവിന്റെയും രാജ്ഞിയുടെയും കഥ പറഞ്ഞുകൊടുക്കുന്നുണ്ട്‌. ശിഖിധ്വജന്‍ എന്ന രാജാവിന്റെയും ചൂഡാല എന്ന രാജ്ഞിയുടെയും കഥ. രാജാവും പത്‌നിയും ഒരുമിച്ച്‌ ഗുരുമുഖത്ത്‌ നിന്ന്‌ ശാസ്‌ത്രം കേള്‍ക്കുന്നു. കേട്ട ശാസ്‌ത്രത്തെ ചൂഡാല മനനം ചെയ്‌തുറപ്പിക്കുന്നു. ശരീര മനോബുദ്ധികള്‍ക്ക്‌ അപ്പുറമായ ബോധമാണ്‌, ആ സത്യമാണ്‌ ഞാന്‍ എന്ന്‌ അവര്‍ക്ക്‌ ഉറപ്പു വരുന്നു. ഒരു ദിവസം ശിഖിധ്വജന്‍ ചോദിക്കുകയാണ്‌,
'ഞാന്‍ ഓരോദിവസം ചെല്ലും തോറും വയസ്സനായിക്കൊണ്ടിരിക്കുകയാണ്‌ എന്നാല്‍ നിന്റ സൗന്ദര്യം നാള്‍ക്ക്‌ നാള്‍ കൂടുകയാണല്ലോ'? . ഭാര്യ പറഞ്ഞു, അതൊരു പക്ഷെ താന്‍ ധ്യാനിക്കുന്നത്‌ കൊണ്ടാവും!! 'നിനക്ക്‌ വട്ടാണ്‌'എന്നാണ്‌ രാജാവ്‌ വിലയിരുത്തുന്നത്‌.
സ്‌ത്രീയുടേതില്‍ നിന്ന്‌ വ്യത്യസ്‌തമായി, സത്യമറിയാനുള്ള വിനയമില്ലാത്ത, താഴ്‌മയില്ലാത്ത പുരുഷമനസ്സാണ്‌ ഇവിടെ പ്രകടമാകുന്നത്‌ എന്നാണ്‌ ഒരാചാര്യന്‍ ഈ ഭാഗം വ്യാഖ്യാനിക്കുമ്പോള്‍ പറഞ്ഞിട്ടുള്ളത്‌. ( യാജ്ഞവല്‍ക്യന്‍ മൈത്രേയിയോട്‌ പറഞ്ഞു 'എടോ മൈത്രേയി, ആത്മാവിനെയാണ്‌ കേള്‍ക്കേണ്ടത്‌, മനനം ചെയ്യേണ്ടത്‌ ബോധിക്കേണ്ടത്‌' എന്ന്‌ ഭര്‍ത്താവ്‌ ഭാര്യയോടാണ്‌ പറയുന്നത്‌. അപ്പോള്‍ 'ആമേന്‍' എന്നു പറഞ്ഞു മൈത്രേയി ) സംശയമൊന്നുമുണ്ടായില്ല ! അങ്ങിനെ ഉറപ്പുവരാന്‍ വലിയ വിഷമമാണ്‌. പലവിധത്തില്‍ ചൂഡാല പറഞ്ഞു നോക്കിയിട്ടും ശിഖിധ്വജന്‍ ഇക്കാര്യം സമ്മതമായിരുന്നില്ല. പല യോഗസിദ്ധികളും കൈവന്ന ചൂഡാലക്ക്‌ അവസാനം ഒരു യോഗിയുടെ വേഷത്തില്‍ ചെന്ന്‌ പറയേണ്ടി വരെ വന്നു. പിന്നീട് രാജാവിന് എല്ലാം മനസ്സിലായി.......


മുൻപ് പറഞ്ഞത് ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു.... ഗീതയെ നമുക്ക്‌ പല പ്രകാരത്തില്‍ സമീപിക്കാം. ഒന്ന്‌ ചരിത്രപരം; രണ്ട്‌ ഭാഷാപരം; മൂന്ന്‌ ഭക്തിപരം; നാല്‌ തത്ത്വചാന്താപരം. 

ഏത്‌ കാലത്താണ്‌ ഗീത സംഭവിച്ചത്‌?
അക്കാലത്തെ ജനങ്ങളുടെ ജീവിതരീതി എന്തായിരുന്നു?
എന്നൊക്കെയുള്ള അന്വഷണമാണ്‌ ചരിത്രപരമായ സമീപനം. 
അത്തരം അന്വഷണം,യാതൊന്നിനു വേണ്ടിയിട്ടാണോ ഭഗവാന്‍ വേദവ്യാസന്‍ നരനാരായണ സംവാദമായി ഗീതയെ മഹാഭാരതത്തില്‍ ഘടിപ്പിച്ചത്‌ ആ ലക്ഷ്യത്തിലേക്ക്‌ നമ്മെ എത്തിക്കില്ല. 


പിന്നെ ഭാഷാപരം, ഭാഷ സംസ്‌കൃതമാണ്‌. 
ധാതുവിനെക്കുറിച്ച്‌ അന്വയത്തെക്കുറിച്ച്‌ ഒക്കെ പലരും ഗവേഷണം നടത്തുന്നുണ്ട്‌. 
എന്ത്‌ കൊണ്ട്‌ ഷഷ്‌ഠി പ്രയോഗിച്ചു? എന്തുകൊണ്ട്‌ ബഹുവചനം ഉപയോഗിച്ചില്ല ?
എന്നൊക്കെ ഭാഷക്ക്‌ ഊന്നല്‍ നല്‍കികൊണ്ടുള്ള ചര്‍ച്ചകള്‍ അതിന്റെ ഭാഗമായിവരും. 


മൂന്നാമത്തേത്‌ ഭക്തിപരം. ക്ഷേത്രങ്ങളിലൊക്കെ പോയി 'ഭഗവാനെ രക്ഷിക്കണേ' എന്നു പറയുന്ന പോലെ 'ഗീതേ രക്ഷിക്കണേ' എന്നു പറയാം. 
ദിവസവും തൊട്ട്‌ തൊഴാം അതിനായാണ്‌ തടിച്ച പുസ്‌തകം തന്നെ! 
വേണമെങ്കില്‍ ഏകാദശിക്കോ മറ്റോ ഒന്നു പാരായണം ചെയ്യാം. 
എന്റെ മകളുടെ പേര്‌ ഗീത എന്നാണ്‌, വീടിന്റെ പേര്‌ ഗീതാഞ്‌ജലി എന്നാണ്‌.
ഇതില്‍കൂടുതല്‍ ഞാനെന്താണ്‌ വേണ്ടത്‌ സ്വാമീ' എന്നൊക്കെ ചോദിക്കുന്നത്‌ ഇക്കൂട്ടര്‍ ആണ്‌. വികാരപരമാണ്‌ ഇവിടെ സമീപനം!!


ഗീതയില്‍ പറയുന്ന ഭക്തി അതല്ല, താത്ത്വികം;തത്ത്വചിന്താപരമായിട്ടുള്ളതാണ്‌,
അതില്‍ ചോദ്യങ്ങള്‍ ഏറെയാണ്‌. നമ്മുടെ സമീപനം ഇതാണ് , തത്ത്വചിന്താപരമായി വ്യാഖ്യാനിക്കുന്ന സമയത്താണ്‌ ധൃതരാഷ്ട്രന്‍ കേവലം ബാഹ്യമായ ഒരന്ധനല്ലെന്നും കാണേണ്ടതിനെ കാണേണ്ടരീതിയില്‍ കാണാന്‍ കഴിയാത്തവനാണെന്നും വരുന്നത്‌. 
ആ ധൃതരാഷ്ട്രന്റെ ഒരു ചോദ്യം, മറുപടിയായി സഞ്‌ജയന്റെ 40 ശ്ലോകങ്ങള്‍, 
അര്‍ജ്ജുനന്റെ 86 പ്രശ്‌നങ്ങള്‍, അതിന്‌ 574 ശ്ലോകങ്ങളായി ഭഗവാന്‍ നല്‍കുന്ന സമാധാനം - ഇങ്ങനെ 701 ശ്ലോകങ്ങളാണ്‌ ഗീത. ചില പുസ്‌തകങ്ങളില്‍ 13ാം അദ്ധ്യാത്തിലെ അര്‍ജ്ജുനന്റെ ഒരു ചോദ്യം ഒഴുവാക്കി 700 ശ്ലോകങ്ങള്‍ എന്നു കാണാം. 
അതിനെക്കുറിച്ചു നമുക്ക്‌ പിന്നീട്‌ ചര്‍ച്ച ചെയ്യാം. 


ചരിത്രപരമായ അന്വേഷണത്തില്‍ അന്ധനായ ഒരു രാജാവ്‌ ഉറ്റ തോഴനായ മന്ത്രിയോട്‌ കുരുക്ഷേത്രത്തില്‍ എന്താണ്‌ നടന്നതെന്ന്‌ അന്വേഷിച്ചു എന്നതില്‍ കൂടുതല്‍ ഒന്നും കണ്ടെത്താനില്ല. ചരിത്രത്തിന്റെ പല ഏടുകളില്‍ ഒന്നുമാത്രമാകും അത്‌. 
ആയിരക്കണക്കിന്‌ യുദ്ധങ്ങള്‍ ലോകത്തില്‍ ഉണ്ടായിട്ടുണ്ട്‌, രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ഒക്കെ പേരില്‍. ഇപ്പോഴും നടക്കുന്നുണ്ട്‌ അക്കൂട്ടത്തില്‍, ഇതും പഠിക്കാം എന്നുമാത്രം. തത്ത്വചിന്താപരമായി സമീപിക്കുമ്പോഴാണ്‌ ഗീതയ്‌ക്ക്‌ ഒരുപാട്‌ ആഴങ്ങളുണ്ട്‌ എന്ന്‌ മനസ്സിലാക്കാനാകുക. അങ്ങിനെയാണ്‌ ഗീതയും നാമും തമ്മില്‍ ഒരു ബന്ധമുണ്ടകുക. അപ്പോള്‍ ധൃതരാഷ്ട്രന്റെ ചോദ്യം നമ്മളോടാണെന്നും നമ്മിലെ ധൃതരാഷ്ട്രത്വത്തെ അതി ജീവിക്കാനാണെന്നും മനസ്സിലാകും! അര്‍ജ്ജുനന്റെയും ഭഗവാന്റെയും സമ്മേളനമാണ്‌ ഭഗവദ്‌ഗീതയുടെ താല്‍പര്യം. അതുകൊണ്ടാണ്‌ ഏക ശ്ലോകി ഗീതയെന്ന നിലയില്‍- ഗീതയുടെ മുഴുവന്‍ താല്‍പര്യവും അടങ്ങിയ ഒറ്റശ്ലോകം എന്ന നിലയില്‍- അവസാനത്തെ ശ്ലോകത്തെ പറയുന്നത്‌. യോഗേശ്വരനായ കൃഷ്‌ണനും ധനുര്‍ധരനായ പാര്‍ത്ഥനും ഉള്ളിടത്ത്‌ വിജയമുണ്ടെന്ന്‌. മനുഷ്യവംശത്തെ പുരോഗതിയിലേക്ക്‌ നയിക്കാന്‍ പോന്ന സാങ്കേതിക വിദ്യയുടെയും അതിനെ ലോകനന്മക്കായി ഉപയോഗിക്കാന്‍ പോന്ന സംസ്‌ക്കാര സമ്പന്നമായ മനസ്സിന്റെയും സമ്മേളനമായി ഇതിനെ പറയാറുണ്ട്‌. കര്‍മ്മം ചെയ്യാനുള്ള തയ്യാറെടുപ്പ്‌, അത്‌ ധാര്‍മ്മികമായി ചെയ്യാനുള്ള മനസ്സ്‌ ഇവ സംയോജിപ്പിച്ച സമൂഹത്തിന്‌ വിജയമുണ്ടാകും.....


ധൃതരാഷ്ട്രന്റെ ചോദ്യത്തിന്‌ സഞ്‌ജയന്‍ ഉത്തരം പറയുകയാണ്‌. 
ധൃതരാഷ്ട്രന്‍ അജ്ഞാനിയാണ്‌ അജ്ഞാനി എന്നു പറയുമ്പോള്‍ വളരെ മോശക്കാരന്‍ എന്നു ധരിക്കരുതേ. അവിടെയൊക്കെയാണ്‌ നമ്മുടെ കുഴപ്പം ചില വാക്കുകളില്‍ പോയി പെട്ടുകഴിഞ്ഞാല്‍ പിന്നെ അവിടെനിന്ന്‌ എണീറ്റ്‌ വരില്ല. 
ഒന്നിനും കൊള്ളാത്തവനല്ല, അറിവില്ലാത്തവനാണ്‌ ധൃതരാഷ്ട്രന്‍.
എന്നാല്‍ അറിവില്ലെ? ഉണ്ട്‌. അറിവുണ്ട്‌ അച്ഛനോട്‌ പറഞ്ഞല്ലോ, 'അച്ഛാ അച്ഛനെന്തൊക്കെ അറിയാം, അത്‌ എനിക്കും അറിയാം. പക്ഷെ എന്തു ചെയ്യാം ലോകം ഇങ്ങനെയായതുകൊണ്ട്‌ ഞാനും ഇങ്ങനെയായി.' ഇതാണവസ്ഥ. വ്യക്തമായ സത്യബുദ്ധി,
ഇതിലെന്തെങ്കിലും സംശയമുണ്ടോ? ഇല്ല. പക്ഷെ പ്രാവര്‍ത്തികമാക്കാന്‍ പറ്റായ്‌ക.
ആ നിസ്സഹായത അതില്‍ നിന്നാണ്‌ സഞ്‌ജയനിലേക്ക്‌ വരുന്നത്‌. ഇതൊരു പരിണാമമാണ്‌ ഇങ്ങനെ പരിണമിക്കണമെങ്കില്‍ എന്തുവേണം? ചോദിക്കണം, ഞാനെന്നോടു ചോദിക്കണം, എന്താണെന്നില്‍ സംഭവിക്കുന്നത്‌ ? 


ശരിക്കുപറഞ്ഞാല്‍ ഒന്നാം അദ്ധ്യായം മെഡിറ്റേഷനാണ്‌; ധ്യാനം. മഹാഭാരതത്തില്‍ 18 അക്ഷൗഹിണിപ്പട അണിനിരന്നാണ്‌ യുദ്ധം. വളരെ ആലങ്കാരികമായിട്ടാണ്‌ ഇത്‌ അവതരിപ്പിച്ചിരിക്കുന്നത്‌. എല്ലാം 18 ആണ്‌. 18 ദിവസം, 18 അക്ഷൗഹിണി, 18 പര്‍വ്വങ്ങള്‍, ഗീതയില്‍ 18 അദ്ധ്യായങ്ങള്‍. 18ഒരു ആദ്ധ്യാത്മിക സംഖ്യയാണ്‌ , 18 മഹാപുരാണങ്ങള്‍ 18 ഉപപുരാണങ്ങള്‍ എന്നിങ്ങനെ പലയിടത്തും ഈ സംഖ്യ കാണാം. ശബരിമലയിലെ 18 പടികളൊക്കെ ഇതില്‍ നിന്ന്‌ ഉണ്ടായതാകാം, 18 അക്ഷൗഹിണിയില്‍ ഭഗവാന്റെ അക്ഷൗഹിണി കൂടി ചേര്‍ത്ത്‌ 11 അക്ഷൗഹിണിയാണ്‌ കൗരവപക്ഷത്ത്‌.
പാണ്ഡവപക്ഷത്തില്‍ ഏഴ്‌, എണ്ണത്തില്‍ കുറവാണ്‌. ഇതും വളരെ പ്രതീകാത്മകമാണ്‌. എന്താണ്‌ 11? 5 ജ്ഞാനേന്ദ്രിയങ്ങളും 5 കര്‍മ്മേന്ദ്രിയങ്ങളും മനസ്സും.
ശബ്ദസ്‌പര്‍ശരസരൂപഗന്ധങ്ങള്‍ അറിയുന്ന കണ്ണ്‌, മൂക്ക്‌, നാക്ക്‌, ത്വക്ക്‌, ചെവി എന്നിവയാണ്‌ ജ്ഞാനേന്ദ്രിയങ്ങള്‍. വാക്ക്‌, പാണി, പാദം, പായു, ഉപസ്ഥം ഇവയാണ്‌ കര്‍മ്മേന്ദ്രിയങ്ങള്‍. പിന്നെ ഇവയൊക്കെ നിയന്ത്രിക്കുന്ന മനസ്സ്‌ ഇതാണ്‌ 11,
ഇവിടെ ബുദ്ധിയുടെ അഭാവത്താലാണ്‌ കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും വിഘടിച്ചു നില്‍ക്കുന്നത്‌. സമന്വയം സാദ്ധ്യമാകാതെ വരുന്നു. എന്നാല്‍ പാണ്ഡപക്ഷത്ത്‌ ബുദ്ധിസ്ഥാനീയനായി ഭഗവാന്‍ ഉണ്ട്‌. അതുകൊണ്ടാണ്‌ അദ്ദേഹത്തെ നിരായുധനായി പറയുന്നത്‌. അപ്പോള്‍ കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും സമന്വയിക്കുന്നു.
രണ്ടും കൂടെ അഞ്ചു മാത്രമാകുന്നു. ഈ അഞ്ചും മനസ്സും ബുദ്ധിയും - അതാണ്‌ പാണ്ഡവപക്ഷത്തെ ഏഴ്‌. ജ്ഞാനകര്‍മ്മേന്ദ്രിയങ്ങള്‍ഏക ഭാവത്തില്‍ നില്‍ക്കുന്ന സമയത്ത്‌ അവിടെ ഭഗവദ്‌ സാന്നിദ്ധ്യമുണ്ടാകുന്നു. ബുദ്ധിസ്ഥാനീയനായി ആരുമില്ലാത്തപ്പോഴാണ്‌ യുദ്ധം ഉണ്ടാകുന്നത്‌.ബൈനോക്കുലര്‍ നമ്മുടെ ഉള്ളിലേക്കു വെച്ചാല്‍ ഇതൊക്കെ കാണാം.....പത്മവ്യുഹമാണ്‌ പാണ്ഡവര്‍ ചമച്ചത്‌, താമരയുടെ ആകൃതിയിലാണ്‌ സൈന്യത്തെ വിന്യസിച്ചത്‌. പത്മം നിസ്സംഗതയുടെ പ്രതീകമാണ്‌.
നിസ്സംഗതയിലാണ്‌ സൈന്യത്തെ, അതായത്‌ ഇന്ദ്രിയങ്ങളെ, വിന്യസിച്ചിരിക്കുന്നത്‌.
മറ്റേത്‌ കഴുകനെപ്പോലെയാണ്‌ ധൃതരാഷ്ട്രനിലെ ധൃഞ്‌ ധാതുവിന്‌ കഴുകനെന്നും അര്‍ത്ഥം കാണാം. കഴുകനെപ്പോലെ അള്ളിപ്പിടിക്കുന്ന സംഗമാണ്‌ ഇവിടെ. സംഗവും - നിസ്സംഗവും,
സംഗത്തെ നേരിടേണ്ടത്‌ നിസ്സംഗത കൊണ്ടാണ്‌. യുദ്ധങ്ങള്‍ നടക്കുമ്പോള്‍ നമ്മുടെ സൈന്യം പത്മവ്യൂഹമായി അണിനിരക്കണം എന്നു പറയുകയാണ്‌.