Sunday, November 20, 2011

ഹിന്ദു മതത്തിന്‍റെ സന്ദേശം

സനാതന മതത്തിന്‍റെ സന്ദേശം "ലോകാ സമസ്താ സുഖിനോ ഭവന്തു:" എന്നാണ്.സര്‍വ ചരാചരങ്ങള്‍ക്കും സുഖവും ക്ഷേമവും ഉണ്ടാകട്ടെ എന്ന് സാരം.സനാതന മതം മനുഷ്യനെ മാത്രമല്ല, ലോകത്തിലെ സര്‍വ്വ ചരാചരങ്ങളെയും ദൈവീക ചൈതന്യത്തിന്റെ പ്രതീകമായി കാണുന്നു.ലോകത്തിലെ മറ്റു ജീവികളും സസ്യ ജാലങ്ങളും മനുഷ്യനെ പോലെ പ്രധാന പെട്ടതാണ് എന്നും അവയുടെ പരസ്പര പൂരകത്വം ആണ് ഈ ലോകം എന്നും അത് വ്യക്തം ആക്കുന്നു.

അര്‍ദ്ധ നാരീശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനം ഈ പരസ്പര പൂരകത്വം ആണ്. അത് പോലെ കുരുക്ഷേത്ര യുദ്ധക്കളത്തില്‍ വച്ച് അര്‍ജുനന് വിശ്വ രൂപം കാട്ടിയ ശ്രീകൃഷ്ണന്റെ വിരാട് രൂപ വര്‍ണ്ണന , ദൈവം ഈ പ്രകൃതിയില്‍ നിന്ന് വ്യത്യസ്തം ആയ ഒന്നല്ല എന്ന് സ്ഥാപിക്കുന്നു.അതായതു ദൈവീക ചൈതന്യം ഈ പ്രകൃതിയില്‍ നിറഞ്ഞു നില്‍ക്കുന്നു.മറ്റൊരര്‍ത്ഥത്തില്‍ പ്രകൃതി തന്നെ യാണ് ദൈവം...കുറച്ചു കൂടി സ്ഥൂലമായ അര്‍ത്ഥത്തിലോ, പ്രകൃതിയിലെ ഓരോ ചരാ ചരങ്ങളിലും ആ ചൈതന്യം നിറഞ്ഞു നില്‍ക്കുന്നു.തത്വമസി : അത് നീയാകുന്നു എന്ന വാക്യം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട ഒന്നാണ്.

ദൈവം, അഥവാ പ്രകൃതി ഒരു ഊര്‍ജ രൂപം ആണ്. അതില്‍ നിന്നുണ്ടായ നാമെല്ലാം ഊര്‍ജത്തിന്റെ ചെറു കണികകള്‍.അവസാനം നാശം ഇല്ലാത്ത ഊര്‍ജം അതിന്റെ ഉത്ഭവ സ്ഥാനത്തേക്ക് , പ്രകൃതിയിലേക്ക്, വിഷ്ണു പാദ ത്തിലേക്ക്, ശിവ സന്നിധിയിലേക്ക് തിരിച്ചു പോകുന്നു.