Wednesday, March 25, 2015

ഭഗവത് ഗീത -2 Swami Sandeepananda Giri

ഭഗവത് ഗീത -2 Swami Sandeepananda Giri

അണിനിരത്തിയ പാണ്ഡവ സൈന്യത്തെ കണ്ട്‌ ദുര്യോധനന്‍ പറയുന്ന വാക്കുകളോടെയാണ്‌ സഞ്‌ജയന്‍ തുടങ്ങുന്നത്‌. 
സഞ്‌ജയന്‍ പറയുന്നു,രാജാവെന്നു തോന്നുമാറ്‌ ദുര്യോധനന്‍ ആചാര്യനെ സമീപിച്ച്‌ സംസാരിച്ചു. 
പാണ്ഡവര്‍ വിന്യസിച്ച സൈന്യത്തെ കണ്ടിട്ട്‌ രാജാവായ ദുര്യോധനന്‍ പറഞ്ഞു എന്നാണ്‌ ആദ്യ വരി. അതൊരു തെറ്റായ പ്രയോഗമാണ്‌. 
അതു വ്യാസന്‍ അറിഞ്ഞുതന്നെ പ്രയോഗിച്ചിരിക്കുന്നതുമാണ്‌.
ദുര്യോധനന്‍ രാജാവല്ല.
പക്ഷെ ദുര്യോധനന്റെ ഭാവം അങ്ങിനെയാണ്‌.
അഹംങ്കാരം വന്നു കൂടിയാല്‍ അങ്ങിനെ ഉണ്ടാകുമെന്നാണ്‌.
ഞാന്‍ കേമനാണ്‌ എന്ന ഭാവം വരും എനിക്ക്‌ സദൃശ്യനായിട്ട്‌ ആരുമില്ല എന്നു തോന്നും. 'ഞാന്‍ സുഖിമാനാണ്‌, ആരുണ്ട്‌ എന്നോട്‌ ചോദിക്കാന്‍?
ഇന്ന്‌ ഞാനവനെ ശരിയാക്കും.
നാളെ മറ്റവനെയും ശരിയാക്കും.
കുറെ പേരുടെ ലിസ്‌റ്റ്‌ എടുത്തു വച്ചിട്ടുണ്ട്‌. ഒന്നു വിരല്‍ ഞൊടിച്ചാല്‍ മതി'
എന്നൊക്കെ പറയും.
രാജാവെന്ന ഭാവത്തിലങ്ങിനെ നില്‌ക്കും. വകയിലൊരമ്മാവന്‍ പോലീസാണെങ്കില്‍ നമുക്കൊക്കെ ഉണ്ടാവുന്ന ഒരു ഗാംഭീര്യമില്ലെ,
അതു തന്നെ ഇത്‌.
ഒരിക്കല്‍ ഒരാള്‍ ഓവർസ്പീടിൽ കാറോടിച്ചു പോകുമ്പോള്‍ പോലീസ്‌ പിടിച്ചു
അയാൾ ഗ്ലാസ്സു പോലും താഴ്‌ത്താതെ അങ്ങിനെ വണ്ടിയിൽ ഇരിക്കുകയാണ്.
പോലീസ്‌ ലൈസന്‍സ്‌ ചോദിച്ചു.
അയാൾ ഉടനെ തുടങ്ങി........
ഞാനാരാണെന്നറിയാമോ?
പോലീസ്‌: അറിയില്ല.
ഞാൻ .......
സി.എം. എന്റെ അതാണ്‌, ഇതാണ്‌,
ഞാൻ HM ന്റെ അയാളിന്റെ ഇയാളാണ്‌.
K.M എന്റെ അയാളാണ്‌...' എന്നൊക്കെ..............
പോലീസുകാരന്‍ ചോദിച്ചു, നിങ്ങൾക്ക് P.C.V യെ അറിയുമോ?'
'ഇല്ല'
ആരാണത് ?
'ആ....അതു ഞാനാണ്‌. പി.സി. വേലായുധൻ
വേഗം ഫൈന്‍ അടച്ചു പോയ്‌ക്കോ........
ദുര്യോധനന്‍ നമ്മില്‍ വന്നുകഴിഞ്ഞാല്‍ നമ്മളും ഇങ്ങനെ ആളാവാനുള്ള ശ്രമം നടത്തും.
ആസുരികഭാവം എങ്ങനെയാണ്‌ ഒരുവനെകൊണ്ട്‌ കര്‍മ്മം ചെയ്യിക്കുന്നത്‌ എന്ന്‌ പറയുകയാണ്‌. 


സഞ്‌ജയന്‍ പറയുന്നു.........
യുദ്ധഭൂമിയില്‍ യുദ്ധത്തിനായി ഇരുപക്ഷവും അണിനിരന്നു നില്‍ക്കുമ്പോള്‍ ക്രമവിരുദ്ധമായി ഒരാള്‍ മറ്റൊരാളെ സമീപിക്കുകയാണിവിടെ. 
എന്നിട്ട്‌ പറയുന്ന കാര്യം കൂടി കേട്ടുകഴിയുമ്പോള്‍ ദുര്യോധനത്വം ശരിക്കും മനസ്സിലാകും. 
ചില സമയത്ത്‌ നമുക്കും ഇങ്ങിനെയൊക്കെ തോന്നും.
നമുക്ക്‌ അല്‍പം സ്വാധീനമൊക്കെ ഉള്ളിടത്ത്‌ എന്തെങ്കിലും പരിപാടി നടക്കുമ്പോഴൊക്കെ പ്രത്യേകിച്ചും. ചില ഉദാഹരണങ്ങള്‍ പറയുമ്പോള്‍ വിഷമമൊന്നും തോന്നരുത്‌.
മനസ്സിലാക്കാന്‍ വേണ്ടിമാത്രം പറയുന്നതാണ്‌. പരിപാടി നടന്നുകൊണ്ടിരിക്കെ സ്റ്റേജിലേക്ക്‌ എങ്ങിനെയെങ്കിലും കേറണമെന്നു തോന്നും ചിലര്‍ക്ക്‌. ഈ പരിപാടി നടത്തിപ്പിന്റെ വേണ്ടപ്പെട്ട ഒരാളാണ്‌ ഞാന്‍ എന്ന്‌ മറ്റുള്ളവരെ അറിയിക്കണം അവര്‍ക്ക്‌, അതിനായിട്ടാണാണ്‌ ഈ സ്റ്റേജില്‍ കയറ്റം. ഉള്ളില്‍ നിന്ന്‌ ഇങ്ങിനെ വല്ലാതെ തോന്നുമ്പോഴാണ്‌ നിലവിളക്കിലെ തിരി അല്‍പ്പം മങ്ങിയതായി കണ്ടെത്തുക. ഉടനെ ഈ വിദ്വാന്‍ എണ്ണക്കുപ്പിയുമായി കയറും. എന്നിട്ട്‌ തിരിയൊക്കെ നേരെയാക്കിയിട്ട്‌ ഇറങ്ങും. അപ്പോള്‍ നമ്മള്‍ മനസ്സിലാക്കികൊള്ളണം, ഒന്നുമല്ലാത്ത ആള്‍ക്ക്‌ സ്‌റ്റേജില്‍ കയറി ഇങ്ങിനെ തിരി നേരെയാക്കാന്‍ പറ്റില്ലല്ലോ എന്ന്‌. സ്വാമിക്കുണ്ടായ ഒരനുഭവം പറയാം, ഒരിടത്ത്‌ യജ്ഞം നടത്തികൊണ്ടിരിക്കുകയാണ്‌. അങ്ങിനെ സംസാരിച്ച്‌ വരുമ്പോഴാണ്‌ പിന്നില്‍ വന്നു നിന്ന്‌ ഒരു ചോദ്യം
സ്വാമീ..., രാത്രി കഴിക്കാനെന്താ?
പൊറോട്ടയോ ചപ്പാത്തിയോ?
അതുപോലെ ഇവിടെ ആചാര്യനടുത്ത്‌ ചെന്ന്‌ ദുര്യോധനന്‍ പറയുകയാണ്‌,
അല്ലയോ ആചാര്യരേ,
അങ്ങയുടെ ശിഷ്യനും ബുദ്ധിമാനും ദ്രുപദന്റെ പുത്രനുമായിട്ടുള്ളവനാല്‍ അണിനിരത്തപ്പെട്ട പാണ്ഡു പുത്രന്‍മാരുടെ മഹത്തായ സൈന്യത്തെ കണ്ടാലും' എന്ന്‌.
ആചാര്യരെ എന്നാണ്‌ സംബോധന. ശാസ്‌ത്രങ്ങളില്‍ പറഞ്ഞിരിക്കുന്നതിനെ ആചരിച്ചുകാണിക്കുന്നവനാണ്‌ ആചാര്യന്‍. ദുര്യോധന ബുദ്ധിയുടെ വ്യക്തമായ പ്രകടനമാണീ വാചകത്തില്‍ നിറയെ. ധൃഷ്ടദ്യുമ്‌നനാല്‍ അണിനിരത്തപ്പെട്ട പാണ്ഡവസൈന്യത്തെ കണ്ടാലും എന്ന്‌ നേരിട്ട്‌ പറയാം, അതിനു പകരം 'അങ്ങയുടെ ശിഷ്യന്‍, ബുദ്ധിമാന്‍, ദ്രുപദപുത്രന്‍' എന്നൊക്കെ പറയുമ്പോള്‍ അതിനു പിറകില്‍ ചില താല്‌പര്യങ്ങളുണ്ട്‌. അങ്ങയുടെ ശിഷ്യനാണ്‌, അവനു ബുദ്ധിയുണ്ട്‌. എന്നു പറഞ്ഞാല്‍ അങ്ങേക്ക്‌ ബുദ്ധി കുറവാണ്‌ എന്നര്‍ത്ഥം. എന്തുകൊണ്ടാണ്‌ ഇങ്ങിനെ പറയുന്നത്‌?


സഞ്ജയ ഉവാച 
ദൃഷ്ട്വാ തു പാണ്ഡവാനീകം വ്യൂഢം ദുര്യൊധനസ്തദാ 
ആചാര്യമുപസംഗമ്യ രാജാ വചനമബ്രവീത്. ( 2 )
പശൈയ്താം പാണ്ഡുപുത്രാണാം ആചാര്യ മഹതീം ചമൂം
വ്യൂഢാം ദ്രുപദപുത്രേണ തവ ശിഷ്യേണ ധീമതാ. ( 3 )
ആചാര്യനടുത്ത്‌ ചെന്ന്‌ ദുര്യോധനന്‍ പറയുകയാണ്‌,
അല്ലയോ ആചാര്യരേ,
അങ്ങയുടെ ശിഷ്യനും ബുദ്ധിമാനും ദ്രുപദന്റെ പുത്രനുമായിട്ടുള്ളവനാല്‍ അണിനിരത്തപ്പെട്ട പാണ്ഡു പുത്രന്‍മാരുടെ മഹത്തായ സൈന്യത്തെ കണ്ടാലും'
ആചാര്യരെ എന്നാണ്‌ സംബോധന.
ശാസ്‌ത്രങ്ങളില്‍ പറഞ്ഞിരിക്കുന്നതിനെ ആചരിച്ചുകാണിക്കുന്നവനാണ്‌ ആചാര്യന്‍. ദുര്യോധന ബുദ്ധിയുടെ വ്യക്തമായ പ്രകടനമാണീ വാചകത്തില്‍ നിറയെ.
ധൃഷ്ടദ്യുമ്‌നനാല്‍ അണിനിരത്തപ്പെട്ട പാണ്ഡവസൈന്യത്തെ കണ്ടാലും എന്ന്‌ നേരിട്ട്‌ പറയാം, അതിനു പകരം 'അങ്ങയുടെ ശിഷ്യന്‍, ബുദ്ധിമാന്‍, ദ്രുപദപുത്രന്‍' എന്നൊക്കെ പറയുമ്പോള്‍ അതിനു പിറകില്‍ ചില താല്‌പര്യങ്ങളുണ്ട്‌.
അങ്ങയുടെ ശിഷ്യനാണ്‌, അവനു ബുദ്ധിയുണ്ട്‌.
എന്നു പറഞ്ഞാല്‍ അങ്ങേക്ക്‌ ബുദ്ധി കുറവാണ്‌ എന്നര്‍ത്ഥം.
എന്തുകൊണ്ടാണ്‌ ഇങ്ങിനെ പറയുന്നത്‌?
ധൃഷ്ടദ്യുമ്‌നന്‍ ജനിച്ചതേ ദ്രോണരെ കൊല്ലാണ്‌.
ദ്രുപദനും ദ്രോണരും ഭരദ്വാജാശ്രമത്തില്‍ സഹപാഠികളായിരുന്നു.
ഇന്ന്‌ പത്താം ക്ലാസ്സ്‌ കഴിയുമ്പോള്‍ 'നീയെന്നെ മറന്നാലും ഞാന്‍ നിന്നെ മറക്കില്ല' എന്നൊക്കെ ഓട്ടോഗ്രാഫില്‍ എഴുതുന്ന പോലെ അന്ന്‌ പഠനം കഴിഞ്ഞു പോകുമ്പോള്‍ ദ്രുപദന്‍ ദ്രോണരോട്‌ പറഞ്ഞിരുന്നു. ഞാന്‍ രാജാവാകുമ്പോള്‍ എന്നെകാണാന്‍ വരണം, എന്റെ പകുതി രാജ്യം ഞാന്‍ തരാം എന്നൊക്കെ. ദ്രോണര്‍ പല ചെറിയ രാജ്യങ്ങളിലും കുട്ടികളെ പഠിപ്പിക്കാന്‍ പോയി. വലിയ ദാരിദ്ര്യമായിരുന്നു. ഒരിക്കല്‍ ഒരു രാജ്യത്ത്‌ ദ്രോണന്റെ ശിഷ്യരായ കുമാരന്‍മാര്‍ ദ്രോണരുടെ മകന്‍ അശ്വത്ഥാമാവിനെ അരിമാവ്‌ കലക്കിക്കൊടുത്ത്‌ പാലാണെന്നു പറഞ്ഞു കളിപ്പിച്ചു. അത്‌ ഗുരുനിന്ദയായി കണ്ട്‌ അവിടം വിട്ട ദ്രോണര്‍ യാത്രാമദ്ധ്യേ ദ്രുപദനെ കാണാന്‍ ചെന്നു. പഴയ വാഗ്‌ദാനം ഓര്‍മ്മിച്ച്‌ പാതിരാജ്യം ചോദിക്കാന്‍ വന്നതാണ്‌ ദ്രോണന്‍ എന്നു കരുതിയ ദ്രുപദന്‍ അദ്ദേഹത്തെ അപമാനിച്ചു. അവിടെ നിന്ന്‌ ഇറങ്ങി നടക്കുമ്പോഴാണ്‌ കൗരവപാണ്ഡവാദികളെ കാണുന്നതും ഭീഷ്‌മരുടെ നിര്‍ദ്ദേശ പ്രകാരം അവരുടെ ആചാര്യനാകുന്നതും....


പഴയ അപമാനം മറക്കാതിരുന്ന ദ്രോണര്‍ ദ്രുപദനെ പിടിച്ച്‌കെട്ടി കൊണ്ടുവരാനാണ്‌ ഗുരുദക്ഷിണയെന്ന നിലയില്‍ അര്‌ജ്ജുനനോട്‌ ആവശ്യപ്പെടുന്നത്‌. 
അര്‍ജ്ജുനന്‍ ദ്രുപദനെ കീഴടക്കി,
ദ്രുപദന്‍ ദ്രോണരുടെ മുന്നില്‍ മാപ്പ്‌ ചോദിപ്പിക്കുന്നു. 
അതിനു പകരം വീട്ടാനായി ദ്രുപദന്‍ നടത്തിയ യാഗത്തില്‍ നിന്നാണ്‌ ദ്രോണനെ വധിക്കാനായി ധൃഷ്ടദ്യുമ്‌നനും അര്‌ജ്ജുനനെ ഭര്‍ത്താവാക്കി ദ്രുപദപക്ഷത്തു ചേര്‍ക്കാനായി ദ്രൗപദിയും ജനിക്കുന്നത്‌.
ഈ കഥ ലോകര്‍ക്ക്‌ മുഴുവനും അറിയാം. 
അങ്ങിനെ ഒരാള്‍ക്കാണ്‌ ദ്രോണന്‍ ആയുധവിദ്യ അഭ്യസിപ്പിച്ച്‌ കൊടുക്കുന്നത്‌. 
അപ്പോള്‍ ധൃഷ്ടദ്യുമ്‌നന്‍ ബുദ്ധിമാനാണ്‌ എന്ന്‌ ദുര്‍്യോധനന്‍ ഓര്‍മ്മിപ്പിക്കുകയാണ്‌. 
കാരണം അങ്ങയെ വകവരുത്താനുള്ള വിദ്യ അങ്ങയില്‍ നിന്ന്‌ തന്നെ പഠിച്ചു. 
അങ്ങാണെങ്കില്‍ ദീര്‍ഘവീക്ഷണവില്ലാതെ അതൊക്കെ പഠിപ്പിച്ച്‌ കൊടുക്കുകയും ചെയ്‌തു. 
ഒപ്പം ദ്രുപദപുത്രനെന്നത്‌ എടുത്തു പറയുകയും കൂടി ചെയ്യുന്നു. 
അങ്ങയുടെ ശത്രു നമ്പര്‍ വണ്ണിന്റെ മകന്‍. 
നമ്മളും ചിലരുടെ അടുത്ത്‌ ചെന്ന്‌ പറയും. 
'ആരാ നിങ്ങടെ മോന്റെ പുതിയ കൂട്ട്‌ എന്നറിയുമോ? 
ഇന്ന ആളുടെ മോനാ!'.
'ങാഹാ എന്നാല്‍ ചോദിച്ചിട്ടു തന്നെ കാര്യം' 
എന്നാകും അവര്‍. 
എന്ത്‌ ഓര്‍മ്മപ്പെടുത്തിയാലാണ്‌ ഇയാളുടെ വീര്യം ഉണരുക എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ സംഭാഷണം. 
പക ആളിക്കത്തിക്കാന്‍ പോന്ന വാക്കുകളാണ്‌ ഇവിടെ ദുര്യോധനന്‍ പറയുന്നത്‌.
ഇതില്‍ മറ്റുചിലതു കൂടെ കാണാനാകും, താത്ത്വികമായി നോക്കിയാല്‍. 
വൃക്ഷം കൊടിയടയാളമായിട്ടുള്ള ആളാണ്‌ ദ്രുപദന്‍. 
ഇളക്കമില്ലാത്തവനാണെന്നാണ്‌ അര്‍ത്ഥം.
കൊടി അവരുടെ സ്വഭാവത്തെ പ്രകടമാക്കും. 
ഇന്നും അങ്ങിനെ തന്നെയാണ്‌ രാഷ്ട്രീയ പാര്‍ട്ടികളുടെയും സര്‍ക്കാരിന്റെയുമൊക്കെ കൊടികള്‍വെച്ച ചില കാറുകള്‍ കാണുമ്പോഴേ നാം സൈഡാകും. 
ഉറച്ച നില്‍പ്പാണ്‌ ആദ്യം തന്നെ ദുര്യോധനന്‍ എതിര്‍പക്ഷത്തു കാണുന്നത്‌. 
അതിനുകാരണം ഇവിടെ സത്യം നിലനില്‍ക്കുന്നു എന്നതാണ്‌. 
ഏത്‌ അധര്‍മ്മിക്കും സത്യം കണ്ടാല്‍ തിരിച്ചറിയാം.
ശത്രുപക്ഷത്തെ ഓരോരുത്തരെ ആയി ദുര്യോധനന്‍ പരിചയപ്പെടുത്തുകയാണ്‌. 
മഹേഷ്വാസ: എന്നാണ്‌ പറയുന്നത്‌, വലിയ വില്ലേന്തിയവര്‍, വലിയ വില്ലേന്തിയ ശൂരന്‍മാരായ മഹാരഥികളെയാണ്‌ ശത്രുപക്ഷത്ത്‌്‌ ദുര്യോധനന്‍ കാണുന്നത്‌. എന്താണ്‌ വലിയ വില്ല്‌? ഉപനിഷത്ത്‌ വലിയ വില്ലിനെക്കുറിച്ച്‌ പറയുന്നുണ്ട്‌.. 
"പ്രണവൊ ധനു: ശരോഹ്യാത്മാ ബ്രഹ്മ തല്ലക്ഷ്യമുച്യതെ 
അപ്രമത്തെന വേദ്ധവ്യം ശരവത്‌ തന്മയോ ഭവേത് "
പ്രണവമാണ്‌ ധനുസ്സ്‌ ,ഓംകാരമാണ്‌ ആ വില്ല്‌,ശരം നാം തന്നെ,ലക്ഷ്യം ബ്രഹ്മം. 
ബ്രഹ്മമാകുന്ന ലക്ഷ്യത്തിലെക്ക്‌ പ്രണവമാകുന്ന വില്ലില്‍നിന്നുള്ള നമ്മുടെ സഞ്ചാരമാണ്‌ പറയുന്നത്‌. 
അവസാനം ശരവും ലക്ഷ്യവും ഒന്നായിത്തിരണം.
അതാണ്‌ ആദ്ധ്യത്മികമായ യുദ്ധത്തിലെ ആയുധം. 
അതാണ്‌ ധര്‍മ്മയുദ്ധം,ധര്‍മ്മത്തെ സ്ഥാപിക്കാന്‍ വേറൊരു യുദ്ധവുമില്ല. 
അല്ലാതെ ആയുധങ്ങള്‍ കൊണ്ടു നടത്തിയിട്ടുള്ള ഒരു യുദ്ധവും ലോകത്ത്‌ ഒരാള്‍ക്കും ഒരുകാലത്തും ശാന്തിയും ധര്‍മ്മവും കൊടുത്തിട്ടില്ല; ദുഖം മാത്രമെ നല്‍കിയിട്ടുള്ളൂ. അങ്ങിനെയുള്ള വലിയ വില്ലേന്തിയ മഹാരഥന്മാര്‍ ഭീമനും അര്‍ജ്ജുനനും സമന്മാരാണ്‌ എന്നാണ്‌ പറയുന്നത്‌. 
ഭീമന്‍ മഹത്തായ കര്‍മ്മത്തേയും അര്‍ജ്ജുനന്‍ ഋജുത്വത്തിന്റയും പ്രതീകമാണെന്ന്‌ മുമ്പ്‌ പറഞ്ഞു.
ആരൊക്കെയാണ്‌ ആ മഹാരഥന്മാര്‍? 
യുയുധാന: സാത്വകിയാണ്‌, സത്വഗുണ പ്രധാനി യുദ്ധത്തില്‍ പരാജയപ്പെടാത്തവനാണ്‌ എന്നാണ്‌.
വിരാട: വിരാട്‌ ആണ്‌ എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നത്‌, 
മുറിവില്ലാത്തത്‌ എന്നര്‍ത്ഥം പിന്നെ ദ്രുപദന്‍- ഇളക്കമില്ലാത്തന്‍ എന്നു നേരത്തെ പറഞ്ഞു. ദൃഷ്ടകേതു സത്യത്തില്‍ നിലനില്‍ക്കാത്തവര്‍ക്ക്‌ കാണുമ്പോള്‍ തന്നെ ഭയം ജനിപ്പിക്കുന്നവനാണ്‌. 
കശനാത്‌ ഇതി കാശി- നിര്‍വ്വാണത്തിന്റെ ഇടമാണ്‌ കാശി. 
ശരീരത്തെ തന്നെ കാശിയാക്കിയവനാണ്‌ കാശിരാജാവ്‌. 
പുരത്തെ ജയിച്ചവനാണ്‌ പുരജിത്ത്‌. പുരം ശരീരമാണ്‌. 
ശരീരമനോബുദ്ധികള്‍ക്കപ്പുറമുള്ള ഒന്നാണ്‌ താനെന്ന അറിവിലേക്കുണര്‍ന്നവനാണ്‌ പുരജിത്ത്‌. 
ശിബി പരമ്പരയുടെ ദാനശീലത്തെ പ്രധിനിധീകരിക്കുന്നു ശൈബ്യന്‍. 
പരാക്രമിയാണ്‌ യുധാമന്യു ഉത്തമമായ ഓജ്ജസ്സോടു കൂടിയവനാണ്‌ ഉത്തമൗജസ്സ്‌. 
ഭദ്രം എന്നാല്‍ മംഗളം എന്നര്‍ത്ഥം സുഭദ്രയുടെ പുത്രനാണ്‌ സൗഭദ്രന്‍. 
ദ്രൗപദിയുടെ പുത്രന്മാര്‍ പ്രതിവിന്ധ്യന്‍, സുതസോമന്‍, ശ്രുതകീര്‍ത്തി, ശതാനീകന്‍, ശ്രുതസോമന്‍ എന്നിവരാണ്‌. 
ലാവണ്യം, വാത്സല്യം, കാരുണ്യം, ദയ, കീര്‍ത്തി എന്നിവയുടെ പ്രതീകം. പാണ്ഡവരിലോരോരുത്തരിലും ദ്രൗപദിക്ക്‌ ഓരോ പുത്രന്‍മാരാണ്‌. 
എന്താണ്‌ ഇതിന്റെ താല്‍പര്യം? 
ഒരു സദ്‌ഭാവം മനസ്സുമായി സമ്മേള്‌ക്കുമ്പോള്‍ മറ്റൊരു സദ്‌ഭാവം പ്രകടമാകുന്നു. 
അവയാണ്‌ സന്താനങ്ങള്‍ ധ്യാനാവസ്ഥിത മനസ്സാണ്‌ ദ്രൗപദി. 
ഇതുപോലെ മനസ്സ്‌ ദുര്‍ഗുണങ്ങളുമായി താദാത്മ്യം പ്രാപിച്ചാല്‍ അതനുസരിച്ചുള്ള സന്താനങ്ങള്‍ ഉണ്ടാകും. 
ദേഷ്യം, പൊട്ടിത്തെറി ഒക്കെ ഉണ്ടാകുന്നത്‌ ഇങ്ങിനെയാണ്‌. 
കൈയില്‍ കിട്ടിയതൊക്കെ എടുത്തെറിയും,സമ്പര്‍ക്കം മാറിയാലേ ഈ സ്വഭാവങ്ങളും മാറൂ. ദുര്യോധനന്‍ ഇങ്ങിടെ പാണ്ഡവപക്ഷത്ത്‌ കാണുന്നതൊക്കെ സദ്‌ഗുണങ്ങളാണ്‌. 17 സദ്‌ഗുണങ്ങളെ ഇവിടെ എടുത്തു പറയുന്നു.......


ആരൊക്കെയാണ്‌ നമ്മുടെ സൈന്യത്തിലെ നായകര്‍ ?
അല്ലയോ ബ്രാഹ്മണശ്രേഷ്‌ഠാ, കേട്ടാലും. 
ഞാനങ്ങേക്ക്‌ പേരു ചൊല്ലി പറഞ്ഞു തരാം.....
"അസ്മാകം തു വിശിഷ്ട്ടാ യേ താൻ നിബോധ ദ്വിജോത്തമ
നായകാ മമ സൈന്യസ്യ സംജ്ഞാർത്ഥം താൻ ബ്രവീമി തേ "
പ്രകടമായ ദുര്യോധന ഭാവമാണിവിടെ.
ആര്‌ , ആരോട്‌, എന്തൊക്കെയാണീ പറയുന്നത്‌?
പ്രായംകൊണ്ട്‌ ദുര്യോധനനെക്കാള്‍ എത്രയോ മുകളിലാണ്‌ ദ്രോണര്‍.
അവിടെ നില്‍ക്കുന്നതില്‍ ബഹുഭൂരിപക്ഷത്തെയും
ആയുധവിദ്യ അഭ്യസ്‌പ്പിച്ച ആളാണ്‌ ദ്രോണര്‍..
ഒന്നു നോക്കിയാല്‍ മതി അദ്ദേഹത്തിന്‌, ആരൊക്കെയാണെന്നറിയാന്‍.
പറഞ്ഞു കൊടുത്തിട്ടു വേണ്ട.
സംബോധനയില്‍ തന്നെ ദുര്യോധനമനസ്സിന്റെ പ്രകടനം കാണാം.
ഹേ, ദ്വിജോത്തമ; അല്ലയോ ബ്രാഹ്മണശ്രേഷ്‌ഠാ....
യുദ്ധഭൂമിയില്‍ ഒരിക്കലും യോജിക്കാത്ത പ്രയോഗം.
ഷാപ്പില്‍ വച്ച്‌ തിരുമേനീ എന്ന്‌ വിളിച്ചാല്‍ എങ്ങിനെയുണ്ടാകും?
അഥവാ ഒരു തിരുമേനി കഴിക്കാന്‍ പോയാല്‍!
തിരുമേനീ,ആ അച്ചാറിങ്ങോട്ടെടുത്തേ....
'ഹേയ്‌, എന്തായിത്‌?
ഇവിടെ കേശവനെന്ന്‌ വിളിച്ചാമതി..........
അതുപോലെ ബ്രാമണശ്രേഷ്‌ഠ എന്ന വിളി യുദ്ധഭൂമിയില്‍ ചേരില്ല,
അദ്ദേഹം ബ്രാമണനാണെങ്കില്‍ കൂടി,
ചെയ്യേണ്ട പണിയല്ല ചെയ്യുന്നത്‌ എന്ന ഓര്‍മ്മപ്പെടുത്തലാവും അത്‌.
ദ്വിജോത്തമന്‍ എന്നു പറയുമ്പോള്‍ ബ്രാമണന്റേതായ ചില കര്‍മ്മങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്‌. രണ്ടാമത്തെ ജന്മമെടുത്തവനാണ്‌ ദ്വിജന്‍. പുനര്‍ജന്മം അല്ല ഇത്‌. മാതൃഗര്‍ഭത്തില്‍ നിന്നുള്ള ആദ്യ ജന്മം. അതിനെ Physical birth എന്നു പറയും രണ്ടാമത്തേത്‌ Spiritual birth ആണ്‌. ഗുരുവിനടുത്ത്‌ പോകുമ്പോള്‍ ഉപനയിക്കുമ്പോള്‍ ആണ്‌ ഈ ജന്മം എടുക്കുന്നത്‌. ഉപനയനത്തിലൂടെയാണ്‌ ഒരുവന്‍ ദ്വിജനാവുന്നത്‌.
അല്ലെങ്കില്‍ ജനിച്ചു എന്നെയുള്ളു,
ഉപനിഷത്തില്‍ ജനാ: എന്നു പറയും, ജനിക്കുക മാത്രം ചെയ്‌തവര്‍.
അവടെ ജനങ്ങള്‍ എന്നു വിളിക്കും,
നരന്‍,ദ്വിജന്‍ എന്നൊക്കെ പറയുമ്പോള്‍ മാറി.
നേതൃഗുണമുള്ളവനാണ്‌ നരന്‍,അതും ദ്വിജനാവുന്നതുപോലെ ഒരായിത്തീരലാണ്‌. ബ്രാഹ്മണന്‍ എന്നു പറയുമ്പോള്‍ വെറും പൂണൂല്‍ ധാരി എന്ന്‌ ധരിച്ചേക്കരുതേ.
"ബ്രഹ്മണി ചരിതും ശീലം യസ്യ സ: ബ്രാഹ്മണ:' ഇതാണ്‌ ലക്ഷണം.
സത്യമാര്‍ഗ്ഗത്തില്‍ ചരിക്കുന്ന ശീലം സ്വായത്തമാക്കിയവന്‍ ബ്രാഹ്മണന്‍..
ബ്രഹ്മണോ ഭോജനപ്രിയ എന്നു കേട്ടിട്ടുണ്ടാവും.......
ശാപ്പാട്ടുരാമന്മാരാണ്‌ ബ്രാഹ്മണര്‍ എന്ന്‌ ചിലരെങ്കിലും ഇതിനെ വ്യാഖ്യാനിക്കാറുമുണ്ട്‌. ബ്രാഹ്മണ ഊട്ടും മറ്റും അതില്‍ നിന്നുണ്ടായതാണ്‌.
കാര്യങ്ങളിങ്ങനെ തെറ്റായി മനസ്സിലാക്കുന്നതു മൂലം നമ്മളിങ്ങനെ ഒരുപാട്‌ അനാചാരങ്ങള്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്‌.
'ഭോ' സംബോധനയാണ്‌. ജനപ്രിയ- ജനഹിതതല്‍പരനാണ്‌ ബ്രാഹ്മണന്‍.
എല്ലാവരെയും പോലെ വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കും എന്നതില്‍ കവിഞ്ഞ്‌ ബ്രാമണര്‍ക്ക്‌ ശാപ്പാടുമായി ഒരു പ്രത്യേക ബന്ധവുമില്ല.
ബ്രാമണര്‍ ഊണ്‌ അന്വേഷിക്കാറേയില്ല, ബ്രാമണന്റെ അടുത്ത്‌ ഊണെത്തും.
ഗുരുവിനോട്‌ ശിഷ്യന്‍ ചോദിച്ചു, 'ഗുരോ സത്യാന്വേഷണത്തിനു പുറപ്പെട്ടാല്‍ ഭക്ഷണം കിട്ടുമോ'?
ഗുരു പറഞ്ഞു 'കിട്ടും.'
ശി:എനിക്ക്‌ കിട്ടുമോ?
ഗുരു;ഇല്ല നിനക്ക്‌ കിട്ടില്ല.
ശി:അതെന്താ?
ഗുരു:നീ അന്വേഷിക്കുന്നതേ ഊണാണ്‌ !
ഊണ്‌ മാത്രം അന്വേഷിച്ച്‌ നടക്കുന്നവന്‌ അതുകിട്ടില്ല.......

No comments:

Post a Comment

അഭിപ്രായങ്ങളും സംശയങ്ങളും ഇവിടെ കുറിച്ചാലും