Sunday, May 15, 2011

ശങ്കരം, ലോകശങ്കരം: ആചാര്യ എം.ആര്‍. രാജേഷ്



ആധുനികോത്തര ലോകത്ത് കേരളം ഉള്‍പ്പെടെയുള്ള ജനസമൂഹങ്ങളില്‍ നാം നേരിടേണ്ടിവരുന്ന സ്വാര്‍ഥതയുടേയും ഭോഗലാലസതയുടേയും ഭീതിതമായ രംഗവേദികളില്‍ ശ്രീശങ്കരാചാര്യരുടെ പ്രസക്തി എന്താണെന്ന് ചിന്തിക്കുന്നത് ഏറെ ഉചിതമായിരിക്കുമെന്ന് തോന്നുന്നു. ഒരു ശങ്കരജയന്തികൂടി നമ്മെ സ്​പര്‍ശിച്ച് മുന്നോട്ടു പോകുമ്പോള്‍ നാം ഓര്‍ക്കേണ്ട ചിലതുണ്ട്. ജിനദേവന്റേയും ബുദ്ധന്റേയും ശ്രീശങ്കരന്റേയും ദര്‍ശനങ്ങള്‍ നിലക്കൊള്ളുന്ന കാലത്തല്ല നാം ജീവിക്കുന്നത്. സ്ത്രീകളുടെ മാനത്തിന് ഒരു ഉറപ്പുമില്ലാത്ത, തന്റെ സ്വാര്‍ഥമായ നേട്ടങ്ങള്‍ക്ക് വേണ്ടി എന്തിനേയും ഹനിക്കാമെന്ന് ചിന്തിക്കുന്ന നാടായി നമ്മുടേത് മാറുന്നു. ത്യാഗത്തിന്റെ ഭൂമി ഭോഗത്തിന്റേതായി മാറുമ്പോള്‍ എല്ലാം വില്പനച്ചരക്കാണ്. ഭാരതീയ സംസ്‌കാരത്തില്‍ അന്നം വിറ്റിരുന്നില്ല. അത് വില്‍ക്കാനുള്ളതായിരുന്നില്ല. കാരണം അന്നം ബ്രഹ്മമാണ്. ജലം വിറ്റിരുന്നില്ല. കാരണം 'ആപഃ ഭേഷജം' ജലം ഔഷധമാണ്. വിദ്യാഭ്യാസം കച്ചവടച്ചരക്കായിരുന്നില്ല. ഗുരുവില്‍ നിന്ന് ശിഷ്യനിലേക്ക് പകര്‍ന്നു നല്‍കിയ ദിവ്യജ്ഞാനത്തെയായിരുന്നു നാം വിദ്യയെന്ന് പറഞ്ഞിരുന്നത്. 'ശാസ്ത്രം' പഠിക്കുക എന്നായിരുന്നു അക്കാലത്ത് വിദ്യാഭ്യാസത്തിന് പറഞ്ഞിരുന്ന പേര്. നമ്മുടെ ഉള്ളില്‍ ശാസന ഉണര്‍ത്തി തെറ്റില്‍ നിന്ന് നമ്മെ ത്രാണനം അഥവാ രക്ഷിച്ച് കൊണ്ടുപോയ അറിവുകളെയാണ് ശാസ്ത്രമെന്ന് വിളിച്ചിരുന്നത്. ആഹാരം, നീഹാരം, വിഹാരം എന്നീ രംഗങ്ങള്‍ സ്വസ്ഥമാകുന്ന ഒരു സമൂഹത്തിനേ നേട്ടങ്ങള്‍ കൊയ്യാനാകൂവെന്ന് പ്രാചീന ആചാര്യന്മാര്‍ നമ്മെ പഠിപ്പിച്ചിരുന്നു. ഇതെല്ലാം പഠിപ്പിക്കേണ്ട ആധ്യാത്മികസമൂഹം പോലും വിപണികളായി മാറി. ആധ്യാത്മികതയിലെ കള്ളനാണയങ്ങളെപ്പോലും നമുക്ക് കണ്ടെത്താനാവുന്നുമില്ല.

ഈ സാഹചര്യത്തില്‍, യുഗപ്രഭാവനായി വൈദികധര്‍മത്തെ പുനരുദ്ധരിച്ച ആദിശങ്കരാചാര്യ ഭഗവദ് പാദരുടെ ആശയങ്ങളുടേയും ദര്‍ശനങ്ങളുടേയും പ്രസക്തി ഇന്നിന്റെ സമൂഹത്തില്‍ എങ്ങനെ അവതരിപ്പിക്കാമെന്നാണ് നാം പരിചിന്തനം ചെയ്യേണ്ടത്. വിപ്ലവങ്ങളായ അദ്ദേഹത്തിന്റെ ചിന്താശേഖരത്തെ എങ്ങനെ നമുക്ക് ഇന്നിന്റെ ആവശ്യമായി തര്‍ജമ ചെയ്യാമെന്നതാണ് പ്രസക്തം. 32 വയസ്സിനുള്ളില്‍ അദ്ദേഹം പകര്‍ന്നു നല്‍കിയ അറിവിന്റെ അനന്തവിഹായസ്സ് സാമൂഹ്യപരിവര്‍ത്തനത്തിന് എങ്ങനെ ഉതകുമെന്ന് ചിന്തിക്കേണ്ടതുണ്ട്. ആചാര്യപാദര്‍ മുന്നോട്ടുവെച്ച സംന്യാസത്തിന്റെ ജ്ഞാനപ്രകാശവും ഗൃഹസ്ഥാശ്രമം ഉള്‍പ്പെടുന്ന കര്‍മലോകവും ഒരു പുനര്‍വായനയ്ക്ക് വിധേയമാക്കാമെന്ന് തോന്നുന്നു. അദ്ദേഹം സംന്യാസാശ്രമത്തിനു നല്‍കിയ ആദേശങ്ങളും അദ്ദേഹം നടത്തിയ ഭാരതയാത്രയുമൊക്കെ പഠിച്ചാല്‍ സമൂഹത്തിന് അതുകൊണ്ടു കിട്ടിയ രത്‌ന സമാനമായ നേട്ടങ്ങള്‍ സുവ്യക്തമായി മനസ്സിലാക്കാം.
വൈദികകാലഘട്ടത്തിലെ ചിന്തകള്‍ ബ്രഹ്മചര്യം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സംന്യാസം എന്നീ ചതുര്‍ധാമങ്ങളിലൂടെ സഞ്ചരിച്ച് ജീവിതത്തെ പരിപക്വമാക്കിയ ഋഷിമാരുടേതായിരുന്നു. മഹാഭാരതകാലത്തോടെ അത്തരം ചിന്തകള്‍ പതുക്കെ ദ്രവിക്കാനാരംഭിച്ചു. സ്ത്രീകളുടെ മാന്യതയും തുല്യതയും നിഷേധിക്കപ്പെട്ടപ്പോള്‍ ദ്രൗപദിയെപ്പോലുള്ള പട്ടമഹിഷിമാര്‍പോലും വസ്ത്രാക്ഷേപത്തിന് ഇരയായി. ശ്രീകൃഷ്ണന്‍ പോലും സാന്ദീപനിയുടെ ഗുരുകുലത്തില്‍ ചെന്ന് വിദ്യ അഭ്യസിച്ചു. എന്നാല്‍ ദ്രോണാചാര്യരാകട്ടെ വിദ്യാര്‍ഥികളുടെ വീട്ടില്‍ ചെന്ന് വിദ്യ പകര്‍ന്നുകൊടുക്കുന്ന അവൈദികവും ഗുരുകുല വിരുദ്ധമായ സാഹചര്യമുണ്ടാക്കി. ഭാരതത്തില്‍ ആദ്യമായായിരുന്നു അത്തരമൊരു വിദ്യാഭ്യാസ വീഴ്ച. യാഗയജ്ഞങ്ങള്‍ മാംസ ഹോമങ്ങളുടെ പരമ്പരയായി അധഃപതിച്ചു. 'മാ ഹിന്‍സി' അഥവാ കൊല്ലരുത് എന്ന് ആജ്ഞാപിച്ച വൈദികധര്‍മം പശുക്കളെ കൊന്ന് വപ എടുക്കുന്ന ഘോരരംഗങ്ങളിലേക്ക് അധഃപതിച്ചു. ഈ സാഹചര്യത്തിലാണ് ബൗദ്ധമതത്തിന്റേയും ചാര്‍വാകമതത്തിന്റേയുമൊക്കെ ആഗമനം. ബൗദ്ധമതത്തിന്റെ തത്ത്വങ്ങള്‍ ലോകപ്രിയമാക്കാന്‍ വേണ്ടി യുക്തി പ്രതിയുക്തികളെല്ലാം വികസിതമായി. അതിന് മുന്‍കൈയെടുത്തതാകട്ടെ ബൗദ്ധമതത്തിലെ യോഗാചാര സമ്പ്രദായങ്ങളും. ദാര്‍ശനിക തലത്തിലുള്ള അവരുടെ ചിന്തകളെ ന്യായശാസ്ത്രത്തിന്റെ അപരിമേയ ലോകങ്ങളിലൂടെ സഞ്ചരിച്ച് ശ്രീശങ്കരാചാര്യര്‍ തോല്‍പിച്ചുകളഞ്ഞു. ശ്രുതിയുക്തമായ വൈദിക ധര്‍മത്തെ ശ്രീ ശങ്കരാചാര്യര്‍ ദാര്‍ശനിക ലോകത്തിന്റെ കരുത്തോടെ പുനരവതരിപ്പിച്ചു.

വൈദികകാലഘട്ടത്തിലെ ചതുരാശ്രമ സംവിധാനത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ടുതന്നെ, ബൗദ്ധമതാനുയായികള്‍ പ്രോത്സാഹിപ്പിച്ച സംന്യാസപരമ്പരയ്ക്ക് ശ്രീ ശങ്കരാചാര്യര്‍ കൃത്യമായ ചട്ടക്കൂടുണ്ടാക്കി. ആധ്യാത്മികവണിക്കുകള്‍ പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ടപ്പോള്‍ അവയെ ഉദര നിമിത്തം സ്വീകരിച്ച ബഹുകൃത വേഷമായി അദ്ദേഹം തിരിച്ചറിഞ്ഞു. മാത്രമല്ല, ആധുനിക കാലത്തുപോലും നല്ലതേത് തീയ്യതേത് എന്ന തിരിച്ചറിവ് സാധാരണ ജനതയ്ക്ക് ഉണ്ടാകുംവിധം വൈദികധര്‍മത്തെ പുനരവതരിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. മഹാഭാരത കാലത്തിനുശേഷം ശിഥിലമായ ആശ്രമധര്‍മങ്ങളില്‍പ്പെട്ട സംന്യാസവ്യവസ്ഥയെ അദ്ദേഹം പുനഃക്രമീകരിച്ചു. 'സംന്യാസം' എന്ന ആശ്രമം ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം എന്നിവയില്‍ നിന്നെല്ലാം നേരിട്ട് സ്വീകരിക്കാമെന്ന ബൗദ്ധപാരമ്പര്യത്തിന് വിരുദ്ധമായിരുന്നില്ല ശങ്കരഭഗവദ് പാദരുടെ ആശയം. എങ്കിലും ഒരു സംന്യാസിയുടെ ജീവിതവ്രതങ്ങ ള്‍ എങ്ങനെയെന്ന് സ്വന്തം ദൃഷ്ടാന്തത്തിലൂടെ അദ്ദേഹം കാട്ടിത്തന്നു. സ്മൃതികളിലും മറ്റും വിശദീകരിച്ചിട്ടുള്ള പ്രാക്തന സമ്പ്രദായങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടുതെന്ന അദ്ദേഹം വ്യക്തമായ രീതിയില്‍ ആദ്ധ്യാത്മിക-ഭൗതിക രംഗങ്ങളെ നിയന്ത്രിക്കുന്ന സംന്യാസമഠങ്ങളും സ്ഥാപിച്ചു.
പുരി, ബദരിയിലെ ജോഷിമഠം, ഗൃംഗേരി, ദ്വാരക എന്നിങ്ങനെ ഭാരതത്തിനെ നാലായി വിഭജിച്ചു. അതതു പ്രദേശത്തെ സമൂഹത്തിന്റെ ആധ്യാത്മികവും ഭൗതികവുമായ വളര്‍ച്ചയെ ലാക്കാക്കിയാണ് ശ്രീശങ്കരാചാര്യര്‍ ഇങ്ങനെ വേര്‍തിരിച്ചത്. മനുഷ്യനന്മയ്ക്കു വേണ്ടി ദണ്ഡനീതി നടപ്പാക്കുന്നവരായിരുന്നു ഈ മഠത്തിലുള്ളവര്‍. മനോദണ്ഡം, വാക് ദണ്ഡം, ശാരീരിക ദണ്ഡം എന്നിങ്ങനെ സമൂഹത്തി ല്‍ മനുഷ്യര്‍ നേരിടുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും അവിടെ നീതി നടപ്പാക്കുകയും ചെയ്തത് ഈ നാല് മഠങ്ങളായിരുന്നു. മാനസികമായി സൂക്ഷ്മതലത്തില്‍ ഏതെങ്കിലുമൊരാള്‍ പീഡനമനുഭവിക്കുന്നുണ്ടെങ്കില്‍ അവിടെ നീതി എത്തിക്കുക, വാക്ക് ഉപയോഗിച്ചും വാക് പാരുഷ്യം കൊണ്ടും മറ്റും ആരെങ്കിലും ദണ്ഡിക്കപ്പെടുന്നുണ്ടെങ്കില്‍ അവിടെ നീതി നടപ്പാക്കുക. ശാരീരികമായി ആരെങ്കിലും ദണ്ഡമനുഭവിക്കുന്നുണ്ടെങ്കില്‍ അവിടെ നീതി നടപ്പാക്കുക. അങ്ങനെ ത്രിദണ്ഡികളായിരുന്നു നാല് മഠങ്ങളിലേയും അധിപന്മാര്‍. ഇതിനായി വ്യവസ്ഥാപിത സംവിധാനത്തിലൂടെ ദശനാമ സംന്യാസ പരമ്പരയും ശ്രീ ശങ്കരാചാര്യര്‍ ഉണ്ടാക്കി. ഗിരി, വനം, ആരണ്യം, പര്‍വ്വതം, സാഗരം, തീര്‍ഥം, ആശ്രമം, പുരി, ഭാരതി, സരസ്വതി എന്നിങ്ങനെ പത്ത് സംഘനാമങ്ങളില്‍ ശ്രീ ശങ്കര ഗണങ്ങള്‍ അന്വയിക്കപ്പെട്ടു. ഇന്നത്തെ സമൂഹത്തില്‍ ഈ മൂന്ന് ദണ്ഡങ്ങളും സര്‍വരും അനുഭവിക്കുകയാണ്. ഏതു കാലത്തായാലും മനുഷ്യന്‍ വാക്കാലും ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുമ്പോള്‍ നീതി നടപ്പാക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യം അനുകമ്പാപൂര്‍വം തിരിച്ചറിഞ്ഞാണ് ആചാര്യപാദര്‍ ഈ ആശ്രമങ്ങളെല്ലാം ഉണ്ടാക്കിയെടുത്തത്.
അദ്ദേഹം പുനഃസ്ഥാപിച്ച ആ സംന്യാസാശ്രമ സംവിധാനം കാലാതിപാതം വന്ന പല പഴഞ്ചന്‍ ആശയങ്ങളെയും തൂത്തെറിഞ്ഞു. ഭാരതനിവാസികളുടെ ഉള്ളറിയാനും അവരുടെ സര്‍വതോന്മുഖമായ വികാസത്തിനുമായി സര്‍വസുഖങ്ങളേയും പരിത്യജിച്ച്, ശാസ്ത്രചിന്തകളുമായി നവ്യവും ഭവ്യവുമായ മറ്റൊരു ആധ്യാത്മിക ലോകം ഭാരതത്തില്‍ ഉണര്‍ന്നെഴുന്നേറ്റു. കേവലം വൈചാരികമായ ഒരു പഠനമായിരുന്നില്ല ശ്രീ ശങ്കരാചാര്യരുടെ ദര്‍ശനം. മനുഷ്യന്റെ വൈകാരികാശയങ്ങള്‍ക്ക് പ്രാധാന്യം നഷ്ടപ്പെടാതിരിക്കാന്‍ ഏറെ അത് പരിശ്രമിച്ചിരുന്നു. ഏകമായ ഒരീശ്വരന്‍ മാത്രമേയുള്ളൂവെന്നും, കാപാലികവും കുണ്ഡികാമതവും ഉള്‍പ്പെടെ മറ്റെല്ലാം ദാര്‍ശനിക സവിശേഷതയില്‍ വ്യത്യസ്തമാണെന്നും ശങ്കരഭഗവദ്പാദര്‍ക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ അവെയ ഒന്നിനേയും കായികമായി എതിര്‍ക്കാതെ, ഒരു കാപാലികന്‍ വന്ന് ഹോമത്തിന് സംന്യാസിയുടെ തല വേണമെന്ന് പറയുമ്പോള്‍ തന്റെ തല എടുത്തുകൊള്ളൂവെന്ന് പറയാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എന്നാല്‍ തന്റെ ദര്‍ശനത്തില്‍ മാറ്റമില്ലെന്ന അടിയുറച്ച അദൈ്വതവിശ്വാസം അദ്ദേഹത്തില്‍ രൂഢമൂലമായിരുന്നു.
കാരണം ഗോവിന്ദപാദര്‍ എന്ന തന്റെ ഗുരുവിന്റെ അരികില്‍, അദ്ദേഹത്തിന്റെ കാല്‍ച്ചുവട്ടില്‍ തന്റെ എല്ലാ അഹംബോധവും വിട്ട് ബ്രഹ്മചര്യം സ്വീകരിച്ച്, ഭിക്ഷ യാചിച്ച് തന്നെത്തന്നെ സംസ്‌കരിച്ചെടുത്ത യുഗപ്രഭാവനായിരുന്നു അദ്ദേഹം. ഭാരതം മുഴുവന്‍ യാത്രചെയ്യുന്ന സംന്യാസ ധര്‍മത്തിന്റെ പ്രയോക്താവുകൂടിയായി അദ്ദേഹം മാറി. ഗുരുവിന്റെ കീഴില്‍ ശാസ്ത്രങ്ങളെല്ലാം പഠിച്ച്, അഹംവൃത്തി തീര്‍ത്തും ഇല്ലാതാക്കി ഈ നാടിനെ തന്റെ ശരീരമാണെന്ന് ഓര്‍ത്ത് ഭാരതം മുഴുവന്‍ ചുറ്റി സഞ്ചരിക്കുക എന്ന അനുഭൂതിനിര്‍ഭരമായ അദൈ്വത യാത്ര അദ്ദേഹം സ്വയം നടത്തി. മാത്രമല്ല തന്റെ ശിഷ്യപരമ്പരയില്‍ എല്ലാവരും അത് ചെയ്യണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഈ നാട്ടിലെ എല്ലാവരും സമസ്ത ജീവജാലങ്ങളും തന്റെ ശരീരാംഗങ്ങളാണെന്ന് ഓര്‍ത്തുകൊണ്ടൊരു യാത്ര, ഒരു ജീവിയും തനിക്ക് ഭേദമല്ലെന്ന വിമലവും വിശാലവുമായ ദര്‍ശനം. തന്റെ ആനന്ദം, തന്റെ ശരീരമായ ചരാചരജഗത്തെന്ന തന്റെ രണ്ടാമത്തെ ആത്മാവുകൂടി ചേര്‍ന്നതാണെന്നും, അനാത്മാവായ സകല വസ്തുക്കളേയും നിരാകരിച്ച് ആത്മസ്വരൂപത്തില്‍ മാത്രമേ ആനന്ദമഗ്‌നനായിരിക്കാന്‍ കഴിയൂവെന്നുമുള്ള തിരിച്ചറിവാണ് ശ്രീശങ്കരാചാര്യര്‍ നമുക്ക് പ്രദാനം ചെയ്യുന്നത്.
ഇവിടെ ആചാര്യപാദര്‍ ഗൃഹസ്ഥാശ്രമം ഉള്‍പ്പെടുന്ന മറ്റ് മൂന്നാശ്രമങ്ങളേയും രക്ഷിക്കാനുതകുന്ന സംന്യാസ ധര്‍മത്തിന് അടിത്തറ പാകി. ഒപ്പം ബ്രഹ്മചര്യാശ്രമത്തിലെ ഉപനയനം, ശിഖാധാരണം ഉള്‍പ്പെടെയുള്ള വൈദികാചരണങ്ങളെ തള്ളിപ്പറഞ്ഞുമില്ല. മറിച്ച് അഗ്‌നിഹോത്രം മുതലായ പഞ്ചമഹായജ്ഞങ്ങളെ നേരായ അര്‍ഥത്തില്‍ അവതരിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. ഈശാവാസ്യോപനിഷത്തിന്റെ രണ്ടാം മന്ത്രം വ്യാഖ്യാനിക്കുമ്പോള്‍ നൂറുവര്‍ഷം അഗ്‌നിഹോത്രം മുതലായ വിഹിതകര്‍മങ്ങള്‍ ചെയ്തുകൊണ്ടുതന്നെ ജീവിക്കാന്‍ ആഗ്രഹിക്കണമെന്ന് ഗൃഹസ്ഥാശ്രമിക്ക് ഉപദേശം കൊടുക്കാനും അദ്ദേഹം മടിച്ചില്ല.
പലരും കരുതുന്നത് ആചാര്യപാദര്‍ ഇത്തരത്തിലുള്ള ഗാര്‍ഹസ്ഥ്യചിന്തകളെ തീര്‍ത്തും വെടിയാന്‍ ആവശ്യപ്പെട്ടുവെന്നാണ്. എന്നാല്‍ ഇതു ശരിയല്ല. പ്രവൃത്തി മാര്‍ഗവും നിവൃത്തി മാര്‍ഗവും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്നതാകയാല്‍ കര്‍മംചെയ്യാതെ ഗൃഹസ്ഥന് ജീവിക്കാനാവില്ലെന്ന് ആചാര്യപാദര്‍ ഉറപ്പിച്ചു പറയുന്നുണ്ട്. ബ്രഹ്മസൂത്രത്തിന്റെ നാലാംപാദത്തില്‍ 12-ാം അധികരണം അഗ്‌നിഹോത്രാദ്യധികരണമാണ്. ആ അധികരണത്തിലെ ഒന്നാം സൂത്രത്തിന് ആചാര്യപാദര്‍ നല്‍കിയ ഭാഷ്യത്തില്‍ ഇക്കാര്യം സുവ്യക്തമായി പറയുന്നുണ്ട്. 'കര്‍മമെന്നത് പരമ്പരയാ ഉപകാരമായി വരുന്നൂവെന്നതിനാല്‍ മോക്ഷവിരോധിയല്ലെന്ന് കാണണം. അതുകൊണ്ടു തന്നെ ഈ അഗ്‌നിഹോത്രം തുടങ്ങിയ കര്‍മങ്ങള്‍ ജ്ഞാനം ഉണ്ടാകുന്നതിന് മുന്‍പേ ചെയ്തിരുന്നതിന്റെ ഫലമായിട്ടു ജ്ഞാനഹേതുവായും അതിനാല്‍ പരമ്പരയാ മോക്ഷസാധനമായും ഭവിച്ചിരിക്കുന്നൂവെന്ന് പറയപ്പെടുന്നു.' അപ്പോള്‍ ഗൃഹസ്ഥന്‍ ചെയ്യേണ്ട കര്‍മങ്ങള്‍ അനുഷ്ഠിക്കണമെന്നു തന്നെയാണ് ആചാര്യപാദരുടെ അഭിപ്രായം. ഇക്കാര്യം വേദപാരംഗതനായ വി.കെ. നാരായണഭട്ടതിരിയും അംഗീകരിക്കുന്നുണ്ട്. ('വേദസ്വരൂപം' എന്ന ഗ്രന്ഥത്തില്‍ ശങ്കരാചാര്യരും കര്‍മകാണ്ഡവും എന്ന ലേഖനം നോക്കുക). ഇങ്ങനെ നോക്കുമ്പോള്‍ വൈകാരികവും വൈചാരികവുമായ സാക്ഷരതയില്‍ പൂര്‍ത്തീകരിക്കപ്പെടുന്ന വ്യക്തിത്ത്വനിര്‍മാണമാണ് ശങ്കരഭഗവദ് പാദരുടെ ദര്‍ശനം. അതിനാല്‍ പ്രവൃത്തി മാര്‍ഗക്കാര്‍, ഗൃഹസ്ഥാശ്രമികള്‍ എന്നിവരെല്ലാം അഗ്‌നിഹോത്രാദിപഞ്ചമഹായജ്ഞങ്ങളുടെ വഴിയില്‍ സഞ്ചരിക്കേണ്ടതാണെന്നാണ് ശാങ്കരചിന്തയുടെ അന്തഃസത്ത.
ഇന്ന് മതം, ആധ്യാത്മികം എന്നിവ നിഗൂഢ ശാസ്ത്രങ്ങളും (്‌രരുാറഹീൗ) അത്ഭുതപരിഹാരങ്ങളും സിദ്ധിയുമൊക്കെയായി മാറുകയാണ്. എന്നാല്‍ ഇതൊന്നുമില്ലാത്ത തികച്ചും വൈദികമായ, ശ്രുതിയുക്തമായ ഉദാത്ത ചിന്തകളെയാണ് ശ്രീ ശങ്കരാചാര്യര്‍ ഉയ ര്‍ത്തിക്കാട്ടിയത്. ഭാരതമൊട്ടുക്ക് യാത്ര ചെയ്തും നിരവധി ഗ്രന്ഥങ്ങള്‍ ചുരുങ്ങിയ പ്രായത്തിനുള്ളില്‍ എഴുതിയും അന്ധവിശ്വാസങ്ങളില്‍ നിന്ന് ധര്‍മത്തെ രക്ഷിക്കാന്‍ ആചാര്യപാദര്‍ ചെയ്യാവുന്നതെല്ലാം ചെയ്തു. വാദപ്രതിവാദങ്ങള്‍ തലനാരിഴകീറിയുള്ള യുക്തിവാദങ്ങളായി മാറി. അനന്തര തലമുറ ശ്രീശങ്കരനെ പിന്‍പറ്റി നിരവധി യുക്തിവാദഗ്രന്ഥങ്ങള്‍ അദൈ്വതത്തിനായി സമര്‍പ്പിച്ചു. ശ്രീ ഹര്‍ഷന്റെ ഖണ്ഡനഖണ്ഡകാദ്യകവും ഉദയനാചാര്യന്റെ ന്യായകുസുമാഞ്ജലിയും എല്ലാം ഈ യുക്തിവാദത്തിന്റെ രജതരേഖകളായി അദൈ്വതത്തിന് പ്രോത്സാഹനമേകി.

കടപ്പാട് : മാതൃഭൂമി വരാന്ത പതിപ്പ്

ലിങ്ക് : http://www.mathrubhumi.com/online/malayalam/news/story/937409/2011-05-15/kerala

No comments:

Post a Comment

അഭിപ്രായങ്ങളും സംശയങ്ങളും ഇവിടെ കുറിച്ചാലും